വാജിവാഹനം തന്ത്രിക്ക് നൽകിയത് നിയമവിരുദ്ധം; പ്രയാർ ഗോപാലകൃഷ്ണന്റെ ബോർഡും അന്വേഷണ പരിധിയിലേക്ക്!

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും മുൻ ഭരണസമിതിക്കും കൂടുതൽ തിരിച്ചടിയാകുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്ഷേത്രത്തിലെ ‘വാജിവാഹനം’ തന്ത്രിക്ക് കൈമാറിയ നടപടി 2012ലെ ദേവസ്വം ബോർഡ് ഉത്തരവിന്റെ ലംഘനമാണെന്ന് വ്യക്തമാക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നത്.
ശബരിമലയിലെ വാജിവാഹനം ഉൾപ്പെടെയുള്ളവ തന്ത്രിയുടെ കുടുംബത്തിന് അവകാശപ്പെട്ടതല്ലെന്നും അവ ദേവസ്വം ബോർഡിന്റെ പൊതുസ്വത്താണെന്നുമാണ് ഉത്തരവ് പറയുന്നത്. എന്നാൽ, ഈ ഉത്തരവ് നിലനിൽക്കെ 2017ൽ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ബോർഡ് ഇത് തന്ത്രിക്ക് വിട്ടുനൽകുകയായിരുന്നു.
ദേവസ്വം ബോർഡ് കമ്മീഷണർ 2012ൽ ഇറക്കിയ ഉത്തരവ് പ്രകാരം ക്ഷേത്രങ്ങളിൽ പുതിയ വസ്തുക്കൾ സ്ഥാപിക്കുമ്പോൾ പഴയവ പൊതുസ്വത്തായി തന്നെ സൂക്ഷിക്കണം. പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങൾ മാറ്റേണ്ടി വന്നാൽ അവ ദേവസ്വത്തിന്റെ സ്വത്താണ്. അത് ആർക്കും കൊണ്ടുപോകാൻ അവകാശമില്ല. ഈ ഉത്തരവ് ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങൾക്കും ബാധകമാണ്.
സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രിക്ക് വാജിവാഹനം കൈവശം വെച്ചത് നിയമവിരുദ്ധമാണെന്നത് വലിയ തിരിച്ചടിയാകും. ഉത്തരവ് ലംഘിച്ച് വാജിവാഹനം വിട്ടുനൽകിയ പ്രയാർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബോർഡ് അംഗങ്ങളും അന്വേഷണ പരിധിയിൽ വരും. സർക്കുലർ എല്ലാ ഓഫീസുകളിലും ലഭിച്ചിട്ടും നടപ്പിലാക്കാതിരുന്ന എല്ലാ ഉദ്യോഗസ്ഥരും ഇതിൽ മറുപടി പറയേണ്ടി വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here