ആഗോള അയ്യപ്പ സംഗമം പൊളിഞ്ഞെന്ന് ചർച്ചകൾ…. രാഷ്ട്രീയമായി നേട്ടമെന്ന് സിപിഎം

പങ്കാളിത്തത്തിലെ പോരായ്മ എടുത്തറിയിച്ച് ആഗോള അയ്യപ്പസംഗമം സമാപിച്ചു. 4245 പേർ രജിസ്റ്റർ ചെയ്തതിൽ ആകെ 623 പേർ മാത്രമാണ് പങ്കെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗം നടത്തുന്ന സമയത്തെ ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഒഴുകി പരക്കുകയാണ്. ഉദ്ഘാടനം കഴിഞ്ഞ് പിണറായി വേദി വിട്ടതോടെ സദസ് കൂടുതൽ ശുഷ്കമായി. ശബരിമല വികസനത്തിന് അടിത്തറ പാകുന്ന മാസ്റ്റര്‍ പ്ലാന്‍ അടക്കം ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും ആളെണ്ണത്തിലെ കുറവ് പോരായ്മയായി.
നടത്തിപ്പിൽ ഈവിധം പോരായ്മകൾ ഉണ്ടായെങ്കിലും രാഷ്ട്രീയമായി പരിപാടി നേട്ടമുണ്ടാക്കും എന്നാണ് സിപിഎമ്മിൻ്റെ വിലയിരുത്തൽ. എൻഎസ്എസ്, എസ്എൻഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളെ ഒന്നിച്ച് അണിനിരത്താൻ കഴിഞ്ഞത് രാഷ്ട്രീയ എതിരാളികൾക്ക് വലിയ ഷോക്കാണ് ഉണ്ടാക്കിയത്. ശബരിമല യുവതീ പ്രവേശനത്തിൽ ഉണ്ടായ ക്ഷീണം തീർക്കാൻ ഇത് ഉപകരിക്കും എന്നു തന്നെയാണ് പ്രതീക്ഷ. അയ്യപ്പസംഗമത്തെ അഭിസംബോധന ചെയ്ത് യോഗി ആദിത്യനാഥ് എഴുതിയ കത്തിലൂടെ ബിജെപിയെ വെട്ടിലാക്കാനും സർക്കാരിനായി. ശബരിമലയുടെ വികസനം സാധ്യമാക്കുന്ന വലിയ ആശയങ്ങളൊന്നും ആഗോള അയ്യപ്പ സംഗമത്തിലെ ചർച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്നിട്ടില്ല.
Also Read : യോഗിയുടെ കത്തിൽ BJP വെട്ടില്‍; പണി CPMനും കൂടിയോ?
ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാന്‍ എഐ, ശാരീരിക അസ്വസ്ഥകൾ നേരിടുന്നവരെ സഹായിക്കാൻ റോബോട്ട് എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. പക്ഷെ ഇത്തരം സംവിധാനങ്ങൾ ഏതു രീതിയിൽ നടപ്പിലാക്കും എന്നതിനെക്കുറിച്ച് ആശങ്കകൾ ഇപ്പോഴും നിലനിൽക്കുന്നു. വലിയ നടപ്പന്തലിലെ പരിശോധന തീർത്ഥാടകരെ ബുദ്ധിമുട്ടിക്കുന്നതാണെന്ന അഭിപ്രായം ചര്‍ച്ചയിലുണ്ടായി. വെര്‍ച്വല്‍ ക്യൂ , എഐ പാര്‍ക്കിങ് സ്ലോട്ട് , തീര്‍ഥാടകരുടെ എണ്ണം കണക്കാക്കാൻ എഐ സംവിധാനം എന്നിങ്ങനെയുള്ള നിർദ്ദേശങ്ങളും ചർച്ചകളിൽ ഉയർന്നു വന്നു.
Also Read : ശബരിമലയിലേക്ക് രാഷ്ട്രപതി വരുന്നു; ഒക്ടോബര്‍ 20ന് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം
തിരക്ക് കുറയ്ക്കുന്നതിനു വേണ്ടി വെര്‍ച്വല്‍ ക്യൂ നിലവിൽ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും ശബരിമലയിലെ തിരക്ക് കുറയുന്നില്ല എന്നത് യാഥാർത്ഥ്യമാണ്. ശബരിമല വികസനത്തിനുവേണ്ടി മാസ്റ്റർ പ്ലാൻ ഉൾപ്പടെ മുൻപും പല പദ്ധതികളും ആസൂത്രണം ചെയ്തിരുന്നെങ്കിലും ഒന്നും വേണ്ടവിധം നടപ്പായിട്ടില്ല. പ്രായോഗിക നിർദ്ദേശങ്ങളില്ലാത്ത വികസന പദ്ധതികളാണ് അയ്യപ്പ സംഗമത്തിലും ഉയർന്നു വന്നിരിക്കുന്നത് എന്ന വിമർശനങ്ങൾ ഉണ്ട്. ആഗോള അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല എന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും , പരിപാടി സിപിഎമ്മിന് രക്ഷയാകും എന്ന ഒറ്റ അജണ്ടയിലാണ് ആദ്യന്തം കാര്യങ്ങൾ നീങ്ങിയതെന്ന് കൂടുതൽ വ്യക്തമാകുകയാണ് ഇപ്പോൾ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here