നൈറ്റ്ക്ലബ്ബിൽ ഒരൊറ്റ എക്സിറ്റ്! ഇടുങ്ങിയ വഴികളും, സുരക്ഷാ വീഴ്ചയും 25പേരുടെ ജീവനെടുത്തു; ഗോവ ദുരന്തം മുന്നറിയിപ്പ്

നോർത്ത് ഗോവയിലെ ആർപോരയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാപാർട്ടി ക്ലബ്ബിലുണ്ടായ തീപ്പിടിത്തത്തിൽ 25 പേരാണ് മരിച്ചത്. 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഡിജെ പാർട്ടി നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ദുരന്തമുണ്ടായത്. മരിച്ചവരിൽ നാല് വിനോദസഞ്ചാരികളും 14ഓളം ജീവനക്കാരും ഉൾപ്പെടുന്നു. മിക്കവരും പുക ശ്വസിച്ച് ശ്വാസംമുട്ടിയാണ് മരിച്ചത്. മൂന്ന് പേർക്ക് തീപ്പൊള്ളലേറ്റിരുന്നു.

ഈ വലിയൊരു ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങൾ പലതാണ്. അതിൽ ഒന്നാമത്തേത് ഇടുങ്ങിയ കവാടങ്ങളായിരുന്നു. നൈറ്റ് ക്ലബ്ബിന് പുറത്തേക്ക് പോകാൻ വളരെ ഇടുങ്ങിയ ഒരൊറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. തീ പടർന്നതോടെ ആളുകൾക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ സാധിക്കാതെ അവസ്ഥയായിരുന്നു. മറ്റൊന്ന് പനയോലകളുടെ ഉപയോഗമായിരുന്നു. നൈറ്റ് ക്ലബ്ബിന്റെ പല ഭാഗങ്ങളും പെട്ടെന്ന് തീ പിടിക്കുന്ന പനയോല പോലുള്ള വസ്തുക്കൾ ഉപയോഗിച്ചാണ് താത്കാലികമായി നിർമ്മിച്ചിരുന്നത്. ഇത് തീ അതിവേഗം പടരാൻ കാരണമായി. ചില റിപ്പോർട്ടുകൾ പ്രകാരം, നൃത്തം ചെയ്യുന്ന സ്ഥലത്ത് ഉപയോഗിച്ച കരിമരുന്നും തീ പടരാൻ കരണമായെന്നാണ് വിവരം.

അടുത്തത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല എന്നതാണ്. പ്രാഥമിക അന്വേഷണത്തിൽ, ക്ലബ്ബ് പ്രവർത്തിച്ചിരുന്നത് ആവശ്യമായ ഫയർ സേഫ്റ്റി അനുമതികളോ നിർമ്മാണ പെർമിഷനുകളോ ഇല്ലാതെയാണെന്നാണ് വിവരം. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ഇത് സ്ഥിരീകരിച്ചു. തീ പടർന്നപ്പോൾ, ഡാൻസ് ഫ്ലോറിലുണ്ടായിരുന്ന ഏകദേശം 100 പേരിൽ പലരും താഴത്തെ നിലയിലെ അടുക്കള ഭാഗത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഈ ഭാഗത്ത് മതിയായ വായുസഞ്ചാരമോ പുറത്തുകടക്കാൻ വഴികളോ ഇല്ലാത്തതിനാൽ ജീവനക്കാർ ഉൾപ്പെടെയുള്ളവർ പുകയിൽ കുടുങ്ങി ശ്വാസംമുട്ടി മരിക്കേണ്ടി വന്നു.

സംഭവത്തിൽ ക്ലബ്ബ് ഉടമകൾക്കും മാനേജർമാർക്കുമെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഗോവയിലെ മറ്റ് നിശാപാർട്ടി ക്ലബ്ബുകളുടെ സുരക്ഷാ പരിശോധന നടത്താനും ഉത്തരവിട്ടിട്ടുണ്ട്. ഗോവ ദുരന്തം മുന്നറിയിപ്പാണ്. നൈറ്റ്ക്ലബ്ബുകളിൽ പോകുന്നതിനു മുമ്പ് എമർജൻസി എക്സിറ്റുകൾ ഉണ്ടെന്ന് ഉറപ്പു വരുത്തുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top