ഗോവ ക്ലബ് ഉടമകൾ തായ്‌ലൻഡിൽ എന്ന് സൂചന; രാജ്യം വിട്ടത് തീപിടിത്തത്തിന് മണിക്കൂറുകൾക്ക് ശേഷം

ഗോവയിലെ ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ എന്ന നിശാക്ലബ്ബിൽ തീപിടിത്തം ഉണ്ടാകുകയും 25 പേർ മരിക്കുകയും ചെയ്ത സംഭവത്തിൽ, ക്ലബ്ബിന്റെ ഉടമകളിൽ ഒരാളായ ഗൗരവ് ലുത്ര തായ്‌ലൻഡിൽ ഉണ്ടെന്ന് സൂചന. തായ്‌ലൻഡിലെ ഫുക്കറ്റ് വിമാനത്താവളത്തിലെ എമിഗ്രേഷൻ പരിശോധനയ്ക്കിടെയാണ് ഇയാളെ കണ്ടത് എന്നാണ് വിവരം.

തീപിടിത്തം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് ഗൗരവ് ലുത്ര, സഹോദരൻ സൗരഭ് ലുത്ര എന്നിവർ ഇൻഡിഗോ വിമാനത്തിൽ തായ്‌ലൻഡിലെ ഫുക്കറ്റിലേക്ക് കടന്നത്. തീപിടിത്തം നടക്കുമ്പോൾ ഇവർ ഡൽഹിയിലായിരുന്നു. ലുത്ര സഹോദരന്മാർ ഫുക്കറ്റിലെ റിസോർട്ടിൽ മുറിയെടുത്തെങ്കിലും, അധികാരികൾ അവിടെ എത്തുന്നതിന് മുമ്പ് സ്ഥലം വിട്ടു. ഇവർ ഒളിച്ചു താമസിക്കുകയാണെന്നാണ് കരുതപ്പെടുന്നത്. തീപിടിത്തത്തിന് പിന്നാലെ സഹോദരങ്ങൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്കും ഗൂഢാലോചനയ്ക്കും പോലീസ് കേസെടുത്തു.

ഡൽഹി പോലീസ് ഇവരെ അന്വേഷിച്ച് വീട്ടിൽ എത്തിയപ്പോഴേക്കും ഇവർ രാജ്യം വിട്ടിരുന്നു. സഹോദരങ്ങൾക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ, ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസും പുറത്തിറക്കി. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഒരാളുടെ വിവരങ്ങൾ, സ്ഥലം അല്ലെങ്കിൽ പ്രവർത്തനങ്ങൾ കണ്ടെത്താൻ വേണ്ടിയാണ് ബ്ലൂ കോർണർ നോട്ടീസ് ഉപയോഗിക്കുന്നത്. സഹോദരങ്ങൾക്ക് ഗോവയിലെ വാഗത്തോറിൽ ഉണ്ടായിരുന്ന ‘റോമിയോ ലെയ്ൻ’ എന്ന ബീച്ച് ഷാക്ക് പൊളിച്ചുമാറ്റുമെന്നാണ് സൂചന. ക്ലബ്ബിന്റെ മൂന്നാമത്തെ ഉടമയായ അജയ് ഗുപ്തയ്ക്കെതിരെയും ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

ശനിയാഴ്ച അർദ്ധരാത്രിയോടെ ഗോവയിലെ ആർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്ൻ’ ക്ലബ്ബിലാണ് തീപിടിത്തം ഉണ്ടായത്. ഡാൻസിനിടെ ഉപയോഗിച്ച ഇലക്ട്രോണിക് പടക്കം മേൽക്കൂരയിലേക്ക് തീ പടരാൻ കാരണമായി. നിർമ്മാണത്തിന് ബാംബൂ പോലുള്ള പെട്ടെന്ന് തീ പിടിക്കുന്ന വസ്തുക്കൾ ഉപയോഗിച്ചത് തീ അതിവേഗം പടരാൻ ഇടയാക്കി. ഇതാണ് 25 പേരുടെ മരണത്തിനു ഇടയാക്കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top