മരങ്ങളിൽ ‘സ്വർണം’! ശാസ്ത്രലോകത്തിന് വഴിത്തിരിവായി പുതിയ കണ്ടെത്തൽ

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് സ്വർണം. കാശും ‘സ്വർണവുമെല്ലാം എന്താ മരത്തിൽ നിന്നാണോ കായ്ക്കുന്നത്’ എന്നൊക്കെ നമ്മൾ തമാശയ്ക്ക് പറയാറുണ്ട്. എന്നാൽ അത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന കണ്ടെത്തലുമായാണ് ഇപ്പോൾ ഫിൻലൻഡിലെ ശാസ്ത്രജ്ഞർ എത്തിയിരിക്കുന്നത്. ഫിൻലൻഡിലെ നോർവേ സ്പ്രൂസ് മരങ്ങളുടെ സൂചിപോലുള്ള ഇലകളിൽ സ്വർണ്ണത്തിൻ്റെ അംശങ്ങൾ കണ്ടെത്തിയ വാർത്തയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഔലു സർവകലാശാലയിലെയും ഫിൻലാൻഡിലെ ജിയോളജിക്കൽ സർവേയിലെയും ഗവേഷകർ ചേർന്നാണ് സ്വർണത്തിന്റെ അംശങ്ങൾ കണ്ടെത്തിയത്. ഈ മരങ്ങളുടെ നീളമേറിയ വേരുകൾ ആഴത്തിലുള്ള സ്വർണത്തെ വരെ വലിച്ചെടുക്കും.100 അടിയിലധികം ആഴത്തിൽ കിടക്കുന്ന സ്വർണത്തിന്റെ അംശങ്ങളെ വെള്ളത്തോടൊപ്പം ഈ വേരുകൾ വലിച്ചെടുക്കുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

മരം വലിച്ചെടുക്കുന്ന ഈ സ്വർണം അതിൻ്റെ തടിയിലൂടെ സഞ്ചരിച്ച് ഇലകളിലും മറ്റ് അറ്റഭാഗങ്ങളിലും എത്തുന്നു. ലോഹങ്ങൾ മരത്തിന് വിഷകരമായതിനാൽ അവ തന്നെ അതിന് പ്രതിരോധവും തീർക്കുന്നു. ഈ അംശങ്ങളെ ഒഴിവാക്കാനായി ഇലകളിലേക്ക് എത്തിച്ച് കളയുകയാണ് മരം ചെയ്യുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഇത് മനുഷ്യൻ്റെ മുടിയെക്കാൾ വളരെ നേർത്തതാണ്, അതിനാൽ നഗ്നനേത്രങ്ങൾകൊണ്ട് ഇവയെ കാണാൻ സാധിക്കില്ല.

മരങ്ങളുടെ ഇലകൾ പരിശോധിച്ചാൽ ആ പ്രദേശത്തിൻ്റെ അടിയിൽ സ്വർണ്ണ നിക്ഷേപം ഉണ്ടോ എന്ന് എളുപ്പത്തിൽ കണ്ടെത്താം. ഇത് പരിസ്ഥിതിക്ക് ദോഷമില്ലാതെ തന്നെ സ്വർണത്തെ കണ്ടെത്താൻ സഹായിക്കും. ഡ്രില്ലിംഗിനെയും ജിയോകെമിക്കൽ സർവേകളെയും ആശ്രയിച്ചു നടത്തിയിരുന്ന സ്വർണത്തിന്റെ തിരച്ചിൽ ഇത് മൂലം അവസാനിക്കും. നോർവേ സ്പ്രൂസ് മരങ്ങളെക്കുറിച്ച് നടത്തിയ പഠനത്തിൽ, മരത്തിനുള്ളിലെ ചില ബാക്ടീരിയകളും സൂക്ഷ്മാണുക്കളും, ലയിച്ച സ്വർണ്ണത്തെ കട്ടിയുള്ള സ്വർണ കണങ്ങളാക്കി മാറ്റുന്നതായും കണ്ടെത്തിയിട്ടുണ്ട്.

പഠനങ്ങൾ ഇപ്പോഴും നടക്കുകയാണ് .ഈ പ്രക്രിയ മറ്റ് മരങ്ങൾക്കും ലോഹങ്ങൾക്കും ബാധകമാണോ എന്നും അന്വേഷിക്കുന്നുണ്ട്. നേരത്തെ ഓസ്‌ട്രേലിയയിലെ യൂക്കാലിപ്റ്റസ് മരങ്ങളുടെ ഇലകളിലും സ്വർണത്തിന്റെ  അംശങ്ങൾ കണ്ടെത്തിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. ഭാവിയിൽ സ്വർണത്തിനു വേണ്ടി ഈ മരങ്ങളെ പ്രകൃതിദത്ത ഫാക്ടറികളാക്കി മാറ്റാനും സാധ്യതയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top