സ്വര്‍ണപീഠം കടത്തിയത് സ്വകാര്യമായി പൂജ നടത്തി പണം തട്ടാനോ? അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

ശബരിമലയിൽ നിന്നും കടത്തിയ ദ്വാരപാലക ശിൽപത്തിൻ്റെ പീഠങ്ങളും സ്വർണപാളികളും മറയാക്കി പൂജ നടത്തി പണം പിരിച്ചതായി സൂചന. അറ്റകുറ്റപ്പണിക്കെന്ന പേരിൽ പീഠത്തിന്റെ സ്പോൺസർ കൂടിയായ ഉണ്ണികൃഷ്ണൻ പോറ്റി തന്റെ ജീവനക്കാരനായ വാസുദേവന്റെ വീട്ടിലേക്ക് പീഠം മാറ്റുകയായിരുന്നു. അവിടം കേന്ദ്രീകരിച്ച് പിഠത്തിൽ പൂജ നടത്തുകയും അയ്യപ്പഭക്തരിൽ നിന്നും പണം പിരിച്ചതായും വിജിലൻസിന് സൂചന ലഭിച്ചു.
Also Read : ശബരിമലയിലെ സ്വർണ്ണ പീഠം; ഗൂഢാലോചനയുണ്ടെന്ന് ആരോപണം; സ്പോൺസർക്കെതിരെ മന്ത്രി വി എൻ വാസവൻ
സംഭവത്തിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ജില്ലാ ജഡ്‌ജി അന്വേഷിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. തിരുവാഭരണ രജിസ്റ്റർ ഉൾപ്പെടെ പരിശോധിക്കും. സ്വർണപാളിയിലെ തൂക്കംകുറഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നീക്കം. അന്വേഷണ വിവരങ്ങൾ രഹസ്യമായിരിക്കണം. വിശദാംശങ്ങൾ ആരെയും അറിയിക്കരുതെന്നും കോടതി ഉത്തരവിട്ടു.
Also Read : ശബരിമലയിലെ സ്വർണ്ണ പീഠം ബന്ധു വീട്ടിൽ; വിശദീകരണവുമായി ഉണ്ണികൃഷ്ണൻ പോറ്റി
പീഠം കാണാനില്ലെന്ന് ഉണ്ണികൃഷ്‌ണൻ പോറ്റി പരാതി നൽകിയതിനെ തുടർന്നാണ് ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വര്‍ണപീഠം വാർത്തകളിൽ നിറഞ്ഞത്. സ്വർണപാളി ഇളക്കി കൊണ്ടുപോയത് വിവാദമായതോടെയാണ് താൻ നൽകിയ സ്വർണപീഠവും കാണാനില്ലെന്ന വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണൻ പോറ്റി രംഗത്തെത്തിയത്. പീഠവും സ്വർണപാളിയുമെല്ലാം കൈയിലുണ്ടായിട്ടും എന്തുകൊണ്ടാണ് ഉണ്ണികൃഷ്ണൻ അവ കാണാനില്ലാ എന്ന് പരാതി ഉന്നയിച്ചത് എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here