യോഗദണ്ഡ് സ്വർണം പൂശിയതിന് പിന്നിൽ സ്വകാര്യ ഇടപെടലോ? ശബരിമലയിൽ നിയമം നോക്കാനാളില്ലേ?

ശബരിമല ക്ഷേത്രത്തിലെ യോഗദണ്ഡ് സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് പുതിയ ദുരൂഹതകൾ ഉയരുന്നു. സ്വർണം പൂശുന്നതിൻ്റെ അറ്റകുറ്റപ്പണിക്ക് കരാർ എടുത്തത് മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പദ്മകുമാറിൻ്റെ മകൻ ജയശങ്കർ പദ്മനാണ് എന്ന വെളിപ്പെടുത്തലാണ് വിവാദമായിരിക്കുന്നത്. എന്നാൽ, ആരോപണങ്ങൾ തള്ളിക്കളഞ്ഞുകൊണ്ട് പദ്മകുമാർ രംഗത്തെത്തി. തന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് യോഗദണ്ഡ് അറ്റകുറ്റപ്പണി നടത്തിയതെന്നാണ് പദ്മകുമാർ പറയുന്നത്.
ശബരിമലയിലെ ദ്വാരപാലക പീഠവുമായി ബന്ധപ്പെട്ട് സ്വർണം പൂശിയതിലെ ദുരൂഹതകൾ നിലനിൽക്കുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. യോഗദണ്ഡ് ക്ഷേത്രത്തിന് പുറത്തുകൊണ്ടുപോകാതെയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത് എന്നും പദ്മകുമാർ വിശദീകരിച്ചു. ആരാണ് ഈ ജോലി ചെയ്യേണ്ടതെന്ന് തന്ത്രി ചോദിച്ചപ്പോൾ, ജയശങ്കർ പദ്മൻ സ്വയം ആ ചുമതല ഏറ്റെടുക്കുകയായിരുന്നു.
Also Read : അയ്യപ്പന്റെ സ്വർണ്ണം അടിച്ചുമാറ്റി; ശബരിമലയിൽ നടന്നത് വൻ സ്വർണക്കവർച്ച; വിജിലൻസ് റിപ്പോർട്ട് പുറത്ത്
ദ്വാരപാലക പീഠത്തിലെ സ്വർണം പൂശൽ വിവാദമായതിന് പിന്നാലെയാണ് യോഗദണ്ഡ് സ്വർണം പൂശിയതിലെ ദുരൂഹതകൾ പുറത്തുവരുന്നത്. യോഗദണ്ഡ് സ്വർണം പൂശുന്നതിന് ഹൈക്കോടതിയുടെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നിയമപരമായ അനുമതിയില്ലാതെയാണ് ഈ പണി നടത്തിയതെങ്കിൽ, അത് കൂടുതൽ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ശബരിമലയിലെ നിർമ്മാണ പ്രവർത്തനങ്ങളും സ്വർണം പൂശലുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും സുതാര്യമായിരിക്കണം എന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here