സുവർണ ജൂബിലി നിറവിൽ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം; ആഘോഷ പരിപാടികൾ 26ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ ഏറ്റവും വലിയ പോലീസ് ക്വാർട്ടേഴ്‌സായ പാളയം പോലീസ് ക്വാർട്ടേഴ്‌സ് സമുച്ചയം അമ്പതു വർഷം പിന്നിടുകയാണ്. 1970ലെ അച്യുതമേനോൻ സർക്കാരിന്റെ കാലത്താണ് പഴയ സൈനിക ക്യാമ്പ് സ്ഥിതി ചെയ്തിരുന്ന കന്റോൺമെൻറ് എന്നറിയപ്പെട്ടിരുന്ന സ്ഥലത്തു പോലീസ് ക്വാർട്ടേഴ്‌സ് മന്ദിരങ്ങൾ പണി പൂർത്തിയാക്കിയത്.

ഓടുമേഞ്ഞ പഴയ ചെറിയ കെട്ടിടങ്ങൾക്ക് പകരം ഫ്ലാറ്റ് മാതൃകയിൽ നാല്നിലകെട്ടിടങ്ങളാണ് അന്ന് നിർമ്മിച്ചത്. 138 കുടുംബങ്ങൾക്ക് താമസിക്കാനുള്ള പത്തു ഫ്‌ളാറ്റുകളാണ് നഗരഹൃദയത്തിൽ ഇടം പിടിച്ചത്. രാഷ്‌ട്രപതി ആയിരുന്ന വി.വി ഗിരിയാണ് 1973 ഏപ്രിൽ മാസം ഫ്ലാറ്റ് സമുച്ചയങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത്. നിലവിൽ 19 ഫ്ളാറ്റുകളിലായി മുന്നൂറോളം കുടുംബങ്ങളാണ് ക്വാർട്ടേഴ്സിലുള്ളത്. പോലീസ് കോൺസ്റ്റബിൾ മുതൽ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥർ വരെ ഇവിടെ താമസിക്കുന്നുണ്ട്.

പോലീസ് ക്വാർട്ടേഴ്‌സ് റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സുവർണ ജൂബിലി ആഘോഷവും ഓണാഘോഷ പരിപാടികളും ആഗസ്റ്റ് 24, 25, 26 തീയതികളിൽ നടക്കും. 24ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം നഗരത്തിൽ തൊഴിൽ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വലിയൊരു കൂട്ടായ്മ കൂടിയാണ് ക്വാർട്ടേഴ്സിലെ റസിഡൻസ് വെൽഫെയർ അസോസിയേഷൻ. ക്വാർട്ടേഴ്‌സ് നിവാസികളുടെ ക്ഷേമത്തിനും കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിനും ഇവിടെ വിവിധ സംരഭങ്ങൾ ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കുള്ള പാർക്ക്, ഓഡിറ്റോറിയം, ലൈബ്രറി എന്നിവയും ക്വാർട്ടേഴ്സിലുണ്ട്. പോലീസ് ഉദ്യോഗസ്ഥർക്കും കുട്ടികൾക്കും നൃത്തം,സംഗീതം, ഉപകരണ സംഗീതം, എന്നിവയിലും സ്വയം പ്രതിരോധമുറകൾ അഭ്യസിക്കാൻ കളരിപ്പയറ്റിലും കരാട്ടെയിലും പരിശീലനക്ലാസുകൾ നടന്നു വരുന്നു. ഉറവിട മാലിന്യ സംസ്കരണത്തിലും പ്ലാസ്റ്റിക് നിർമാർജന പ്രവർത്തനങ്ങളിലും മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ചതിനു നഗരസഭയുടെ ഗ്രീൻ പ്രോട്ടോക്കോൾ പുരസ്കാരവും തദ്ദേശ സ്വയംഭരണവകുപ്പിന്റെ അവാർഡും റസിഡൻസ് അസോസിയേഷൻ നേടിയിട്ടുണ്ട്. ഉറവിട മാലിന്യ സംസ്കരണത്തിനായി നഗരസഭയുടെ സഹായത്തോടെ OWC പ്ലാന്റും ക്വാർട്ടേഴ്സിൽ സ്ഥാപിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top