‘ടാ, തടിയാ’ എന്ന് വിളിച്ചതിന് യുവാവ് രണ്ട് പേരെ വെടിവെച്ചു വീഴ്ത്തി; ബോഡി ഷെയ്മിംഗ് നടത്തുന്നവര്‍ സൂക്ഷിക്കുക,

‘ടാ, തടിയാ’, എന്ന് തടി കൂടിയവരെ വിളിക്കുന്നതും പരിഹസിക്കുന്നതും സൂക്ഷിച്ചു വേണം. എല്ലാവരും എല്ലായിപ്പോഴും പരിഹാസവും കളിയാക്കലും കേട്ട് മിണ്ടാതിരിക്കുമെന്ന് കരുതരുത്. ഇക്കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ അമ്പലപറമ്പില്‍ ‘മോട്ടു'(തടിയന്‍) എന്ന് ഹിന്ദിയില്‍ കളിയാക്കി വിളിച്ചതില്‍ ക്രുദ്ധനായ അര്‍ജൂന്‍ ചൗഹാന്‍ എന്ന യുവാവ് രണ്ട് പേരെ വെടിവെച്ചു വീഴ്ത്തി. തടിയാ എന്ന കളിയാക്കി വിളി വ്യക്തികളില്‍ സൃഷ്ടിക്കുന്ന അപമാനവും അധിക്ഷേപവും എല്ലാവരും എല്ലാ നേരത്തും സഹിക്കില്ല എന്നതിന്റെ തെളിവാണ് അര്‍ജുന്‍ നടത്തിയ തിരിച്ചടി.
എല്ലാവരുടേയും മുന്നില്‍വച്ച് നേരിട്ട ആക്ഷേപം സഹിക്കാന്‍ പറ്റാതെയാണ് അര്‍ജുന്‍ സുഹൃത്തിനൊപ്പം തന്നെ കളിയാക്കിയവരെ 20 കിലോമീറ്റര്‍ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തത്. അമ്മാവനുമൊത്താണ് അര്‍ജുന്‍ ഉത്സവം നടക്കുന്ന ക്ഷേത്ര പരിസരത്ത് പോയത്. അവിടെ വെച്ച് അനില്‍ ചൗഹാന്‍, ശുഭം ചൗഹാന്‍ എന്നീ രണ്ട് യുവാക്കള്‍ അര്‍ജുനെ മോട്ടു ( Motu ) എന്ന് വിളിച്ച് കളിയാക്കി. തുടരെത്തുടരെയുള്ള വിളിയില്‍ ക്രുദ്ധനായ അര്‍ജുന്‍ കൂട്ടുകാരനായ ആസിഫ് ഖാനുമൊത്ത് കളിയാക്കിയവരെ കാറില്‍ പിന്തുടര്‍ന്നു. ഒരു ടോള്‍ പ്ലാസയ്ക്കു സമീപം വെച്ച് ഇരുവരേയും കാറില്‍ നിന്ന് പിടിച്ചിറക്കി വെടിവെച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരും അത്യാസന്ന നില തരണം ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
ബോഡി ഷെയിമിംഗ് മൂലമുണ്ടാകുന്ന അധിക്ഷേപവും അപമാനവും വ്യക്തികളെ മാനസികമായി വല്ലാതെ തളര്‍ത്തുമെന്നാണ് മാനസിക രോഗ വിദഗ്ധര്‍ പറയുന്നത്. ബോഡി ഷെയിമിംഗ് അനുഭവിച്ചവര്‍ക്കേ അതിന്റെ വേദന മനസിലാകു എന്നാണ് അര്‍ജുന്‍ പോലീസിനോട് പറഞ്ഞത്. പരിധി കടന്ന ശാരീരിക അധിക്ഷേപം വ്യക്തികളെ പ്രതികാരം ചെയ്യാന്‍ പ്രേരിപ്പിക്കും എന്നതിന്റെ ഉദാഹരണമാണ് ഗോരഖ്പൂര്‍ സംഭവം. അര്‍ജുനേയും സുഹൃത്ത് ആസിഫിനേയും പോലീസ് അറസ്റ്റ് ചെയ്തു. എല്ലാവരുടേയും മുന്നില്‍ വച്ച് അവര്‍ തന്നെ തടിയനെന്നു വിളിച്ചു അപമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇരുവരേയും കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അര്‍ജുന്റെ ഭാഷ്യം.
തടി കൂടിയവര്‍ ജീവിതത്തില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ അടിസ്ഥാനമാക്കി മലയാളത്തില്‍ ‘ടാ, തടിയാ’ എന്നൊരു സിനിമ നിര്‍മ്മിച്ചിട്ടുണ്ട്. സമൂഹം കൗതുകത്തോടെയും തെല്ലു പരിഹാസത്തോടെയും നോക്കിക്കാണുന്ന പൊണ്ണത്തടിയന്മാരുടെ പ്രശ്‌നങ്ങളായിരുന്നു ആഷിക് അബു സംവിധാനം ചെയ്ത സിനിമ യുടെ പ്രമേയം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here