ഭാരതാംബയുടെ ചിത്രം വയ്ക്കുന്ന രാജ്ഭവന് അത്ര സുരക്ഷ വേണ്ട; ഗവര്‍ണര്‍ ആവശ്യപ്പെട്ട പൊലീസുകാരുടെ പട്ടിക റദ്ദാക്കി സര്‍ക്കാരിന്റെ വെല്ലുവിളി

ഗവർണർ-സർക്കാർ മധുവിധുകാലം കഴിഞ്ഞെന്ന് ഉറപ്പിച്ച് പുതിയ നീക്കം. ഭാരതാംബ ചിത്രത്തിന്റെ പേരില്‍ പോരടിക്കുന്ന ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കർ രാജ്ഭവനിലേക്ക് ആവശ്യപ്പെട്ട പൊലീസുകാരെ നൽകാതെ പിണറായി സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കാനായി രാജ്ഭവന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കുകയാണ് ചെയ്തിരിക്കുന്നത്. നിയമന ഉത്തരവ് ഇറക്കിയ ശേഷമാണ് സര്‍ക്കാര്‍ തീരുമാനം മാറ്റിയത്.

സുരക്ഷക്കായി നിയോഗിക്കേണ്ട ഉദ്യോഗസ്ഥരെ രാജ്ഭവന്‍ നിശ്ചയിച്ച് സര്‍ക്കാരിനെ അറിയിക്കുകയാണ് നിലവിലെ രീതി. ഇതുപ്രകാരം ഉദ്യോഗസ്ഥരുടെ പട്ടിക ഡിജിപിക്ക് ഗവര്‍ണര്‍ നേരിട്ട് തന്നെ കൈമാറുകയും ചെയ്തു. ഗവര്‍ണറുടെ യാത്രക്ക് അടക്കം സുരക്ഷ ഒരുക്കേണ്ടത് ഇവരാണ്. ഡിജിപിയുടെ നിര്‍ദേശപ്രകാരം എഐജി പൂങ്കുഴലി ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ 24 മണിക്കൂറിനുള്ളിൽ കാരണം വ്യക്തമാക്കാതെ ഉത്തരവ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

രാജ്ഭവനില്‍ നടന്ന ഔദ്യോഗിക ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരിലാണ് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ തെറ്റിയത്. ആദ്യം കൃഷിമന്ത്രി പി പ്രസാദും, പിന്നാലെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും എതിര്‍പ്പ് അറിയിച്ച് ചടങ്ങ് ബഹിഷ്‌കരിച്ചു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. നിലവില്‍ ഗവര്‍ണര്‍ തിരുവനന്തപുരത്ത് ഇല്ല. ഗവര്‍ണര്‍ എത്തിയ ശേഷം രാജ്ഭവന്‍ എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി അറിയേണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top