സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് വാരിക്കോരി ശമ്പള വര്‍ദ്ധനവ്; ആശമാര്‍ ഒന്നും പ്രതീക്ഷിക്കേണ്ട; ഓണവും സെക്രട്ടറിയേറ്റ് നടയില്‍ തന്നെ

സംസ്ഥാനത്തെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം വര്‍ദ്ധിപ്പിച്ച് മന്ത്രിസഭാ യോഗം. 2022 മുതലുള്ള മുന്‍കാലപ്രബല്യത്തോടെയാണ് ശമ്പള വര്‍ദ്ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവണ്‍മെന്റ് പ്ലീഡര്‍ & പബ്ലിക് പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ & അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍, പ്ലീഡര്‍ ടു ഡു ഗവണ്‍മെന്റ്‌റ് വര്‍ക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെ ശമ്പളം 87,500 രൂപയില്‍ നിന്നും 1,10,000 രൂപയായും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ ശമ്പളം 75,000 രൂപയില്‍ നിന്നും 95,000 രൂപയായും പ്ലീഡര്‍മാരുടെ ശമ്പളം 20,000 രൂപയില്‍ നിന്നും 25,000 രൂപയുമായാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. 2022 ജനുവരി ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ദ്ധന. ഫലത്തില്‍ രണ്ടര വര്‍ഷത്തെ കുടിശികയടക്കം വലിയ തുകയാകും ഇവര്‍ക്ക് ലഭിക്കുക.
വേണ്ടപ്പെട്ടവരെ എല്ലാം പിണറായി വിജയന്‍ സര്‍ക്കാര്‍ കാര്യമായി പരിഗണിക്കുമ്പോള്‍ കാരുണ്യം തേടി 186 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഒരു വിഭാഗത്തെ കണ്ടതായി പോലും നടിക്കുന്നില്ല. തുച്ഛമായ വേതന വര്‍ദ്ധന ആവശ്യപ്പെട്ടാണ് ആശ വര്‍ക്കമാര്‍ ഇത്രയും ദിവസമായി സെക്രട്ടറിയേറ്റ് നടക്കല്‍ സമരം ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിച്ചിട്ടും കേരളം കണ്ടതായി പോലും നടിച്ചിട്ടില്ല.
ഇതോടെ വരുന്ന ഓണത്തിനും ആശ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ ഇരിക്കുമെന്ന് ഉറപ്പാണ്. ഇവര്‍ സമരം തുടങ്ങിയ ശേഷം പി.എസ്.സി ചെയര്‍മാനും അംഗങ്ങള്‍ക്കും അടക്കം വേണ്ടപ്പെട്ട പലര്‍ക്കും സര്‍ക്കാര്‍ കുത്തനെ ശമ്പള വര്‍ദ്ധന നടപ്പാക്കി. അതിനൊന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഈ പാവം സ്ത്രീകളുടെ കാര്യത്തില്‍ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആവര്‍ത്തിച്ച് പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here