SV Motors SV Motors

സർക്കാരും ലത്തീൻ സഭയും തുറന്ന പോരിലേക്ക്; ഫാ. യൂജിൻ പെരേരയെ വെല്ലുവിളിച്ച് ആന്റണി രാജു, കേസുകൾ പിൻവലിക്കില്ലെന്ന് സൂചന നൽകി സർക്കാർ

തിരുവനതപുരം: ലത്തീൻ അതിരൂപതയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ തുറന്ന പോരിലേക്ക് നീങ്ങുന്നു. മുതലപൊഴിയിൽ മത്സ്യത്തൊഴിലാളികളുടെ ജീവനും സുരക്ഷയും സംരക്ഷിക്കുന്നതിലുണ്ടായ വീഴ്ചക്കെതിരെ സഭ പ്രത്യക്ഷ സമരത്തിലാണ്. ഇക്കഴിഞ്ഞ ദിവസം കേരളാ ലാറ്റിൻ കാത്തലിക്ക് അസോസിയേഷന്റെ (കെഎൽസിഎ) നേതൃത്വത്തിൽ നടന്ന സമരത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. മുതാലപ്പൊഴി സുരക്ഷിതമാക്കുന്നതിന് സർക്കാർ പ്രഖ്യാപിച്ച ഏഴിന നടപടികൾ പൂർണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

സഭയെയും ജനങ്ങളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനും പ്രശ്നങ്ങൾ പരിഹരിക്കാനും സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ സൂസപാക്യം പറഞ്ഞു. ഇതിനിടയിൽ ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിന്‍ പെരേരക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച സർക്കാരും മന്ത്രി ആൻ്റണി രാജുവും ഏറ്റുമുട്ടലിന്റെ പാതയിലാണ്. യൂജിൻ പെരേരയല്ല ലത്തീൻ സഭയെന്ന് മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. കഴിഞ്ഞ ജൂലൈ 10ന് മുതലപ്പൊഴിയിൽ നടന്ന പ്രതിഷേധത്തില്‍ ഫാദർ യൂജിൻ പെരേരയുള്‍പ്പെടെ 24 പേർക്കെതിരെയെടുത്ത കേസ് കടുപ്പിക്കാനാണ് നീക്കം.

തുടർച്ചയായി മരണങ്ങൾ ആവർത്തിച്ചിട്ടും സർക്കാർ നിഷ്ക്രിയത തുടർന്നതോടെ ജനരോഷം ശക്തമായി. മൽസ്യ തൊഴിലാളികൾ മരണപ്പെട്ട മുതലപ്പൊഴിയിൽ എത്തിയ മന്ത്രിമാരെ നാട്ടുകാർ തടഞ്ഞു. മന്ത്രിമാരായ ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ എന്നിവരുടെ മുതലപ്പൊഴി സന്ദർശന സമയത്ത് ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. 2 കേസുകളിലായി 24 പേർക്കെതിരെ കേസെടുത്തു. ഈ കേസുകൾ പിൻവലിക്കുമോയെന്ന് കോവളം എംഎൽഎ എം. വിൻസെന്റ് നിയമസഭയിൽ ചോദിച്ചെങ്കിലും സർക്കാർ കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

വിശ്വാസികളെ പ്രകോപനപരമായി ആഹ്വാനം ചെയ്ത കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് യൂജിൻ പെരേരക്കെതിരെയുള്ള കേസ്. ജനങ്ങളുടെ സ്വാഭാവികമായ പ്രതിഷേധത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സർക്കാർ തയ്യാറായില്ല. ഞായറാഴ്ച നടന്ന കെഎൽസിഎ യുടെ പ്രതിഷേധ യോഗത്തിൽ സർക്കാരിനും മന്ത്രി ആന്റണി രാജുവിനുമെതിരെ അതിരൂക്ഷമായാണ് ഭാഷയിലാണ് സഭ നേതൃത്വം പ്രതികരിച്ചത്.

മൽസ്യത്തൊഴിലാളികൾ മരിച്ചതിനെത്തുടർന്ന് മുതാലപ്പൊഴിയിൽ ഓടിയെത്തിയ സഭാ പ്രതിനിധികളെ മന്ത്രിമാർ പരിഹസിക്കുകയും ‘ഷോ’ കാണിക്കരുതെന്ന് അധിക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിനിടയിൽ ഫാ. യൂജിൻ പെരേര ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി സ്ഥാനത്ത് തുടരാൻ ആന്റണി രാജു ലത്തീൻ സഭയുടെ സഹായം തേടിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആന്റണി രാജു ശക്തമായി തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ സഭയും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top