തെരുവുനായ കടിച്ചാൽ സർക്കാർ നഷ്ടപരിഹാരം നൽകണം; സുപ്രീം കോടതി

തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കുട്ടികൾക്കോ വയോധികർക്കോ പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ സംസ്ഥാന സർക്കാർ വൻതുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. തെരുവുനായ ശല്യം തടയാൻ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് അധികാരികൾക്കെതിരെ കോടതി രൂക്ഷവിമർശനം ഉന്നയിച്ചത്.
ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻവി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. തെരുവുനായ പ്രശ്നത്തിൽ മൃഗസ്‌നേഹികൾ കാണിക്കുന്ന വികാരത്തെയും കോടതി ചോദ്യം ചെയ്തു. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടാൽ പൗരന്മാർക്കുണ്ടാകുന്ന ഓരോ പരിക്കിനും സർക്കാർ മറുപടി പറയേണ്ടി വരും.
നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ അവയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകണം. എന്തിനാണ് നായ്ക്കളെ പൊതുവഴികളിൽ അലഞ്ഞുതിരിയാനും ആളുകളെ കടിക്കാനും വിടുന്നത്?” എന്ന് ജസ്റ്റിസ് വിക്രം നാഥ് ചോദിച്ചു. തെരുവുനായ പ്രശ്നം വൈകാരികമായ ഒന്നാണെന്ന് അഭിഭാഷകർ വാദിച്ചപ്പോൾ, ‘വികാരങ്ങൾ ഇപ്പോൾ നായ്ക്കൾക്ക് വേണ്ടി മാത്രമാണെന്ന് തോന്നുന്നു’ എന്നായിരുന്നു കോടതിയുടെ മറുപടി.
സ്കൂളുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, സ്പോർട്സ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ അടിയന്തരമായി നീക്കം ചെയ്യണം. വന്ധ്യംകരണത്തിനും വാക്‌സിനേഷനും ശേഷം ഇവയെ പ്രത്യേക ഷെൽട്ടറുകളിലേക്ക് മാറ്റണം. പിടിച്ചെടുത്ത അതേ സ്ഥലത്തേക്ക് ഇവയെ തിരികെ വിടാൻ പാടില്ല. വിദ്യാലയങ്ങളിലും ആശുപത്രികളിലും നായ്ക്കളുടെ ആവാസസ്ഥലങ്ങൾ ഇല്ലെന്ന് ഉറപ്പാക്കാൻ മുനിസിപ്പൽ അധികൃതർ പതിവായി പരിശോധന നടത്തണം തുടങ്ങിയ നിർദേശങ്ങൾ കോടതി നേരത്തെ തന്നെ നൽകിയിരുന്നു.
കൂടാതെ, പൊതുസ്ഥലങ്ങളിൽ നായ്ക്കൾക്ക് തീറ്റ നൽകുന്നത്തിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനായി തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക സ്ഥലങ്ങൾ കണ്ടെത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും എന്നും കോടതി നിർദേശിച്ചിരുന്നു. തെരുവുനായ ശല്യം നേരിടുന്നതിൽ അധികൃതർ കാണിക്കുന്നത് ഭരണപരമായ അനാസ്ഥ മാത്രമല്ല, മറിച്ച് സംഘടിത പരാജയം കൂടിയാണെന്ന് കോടതി നിരീക്ഷിച്ചു. ആക്രമണകാരികളായ നായ്ക്കളെയും റാബീസ് ബാധിച്ചവയെയും ഒരു കാരണവശാലും പൊതുസ്ഥലങ്ങളിൽ വിടരുതെന്നും കോടതി ആവർത്തിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here