ക്രൈസ്തവസഭകളോട് നിലപാട് മയപ്പെടുത്തി സർക്കാർ; ചർച്ചക്ക് തയ്യാറെന്ന് ശിവൻകുട്ടി

ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭകളും മാനേജ്‌മെന്റുകളും ശക്തമായ വിമർശനം ഉന്നയിച്ചതോടെ ചർച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി സർക്കാർ നിലപാട് മയപ്പെടുത്തി. വിമർശനങ്ങൾ ഉന്നയിക്കുന്നവരുമായി തുറന്ന മനസ്സോടെ സംസാരിക്കാൻ തയ്യാറാണെന്നും ലഭിച്ച പരാതികൾ വിശദമായി പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നിയമനം നടപ്പാക്കുന്നതെന്നും, അതിൽനിന്ന് പിന്നോട്ട് പോകാൻ സർക്കാരിന് കഴിയില്ലെന്നുമാണ് മന്ത്രി നേരത്തെ നിയമസഭയിൽ പറഞ്ഞിരുന്നത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അഡ്വക്കേറ്റ് ജനറലിനോട് ഒരിക്കൽക്കൂടി നിയമോപദേശം തേടാൻ ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read : പറഞ്ഞു പറ്റിക്കുന്ന സര്‍ക്കാരുമായി ഏറ്റുമുട്ടലിന് ക്രൈസ്തവ സഭകള്‍; ജെബി കോശി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ നീക്കം

ഭിന്നശേഷി അധ്യാപക നിയമനം നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ സഭകളിൽ നിന്നും മാനേജ്‌മെന്റുകളിൽ നിന്നും വലിയ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഇന്ന് തൃശൂർ ഓർത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്തയടക്കം സർക്കാരിനെതിരെ പരസ്യമായി രംഗത്തെത്തി. കൂടാതെ, സഭകൾ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.

മുഖ്യമന്ത്രി ഈ പരാതി വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറിയതിനെ തുടർന്നാണ് സർക്കാർ നിലപാടിൽ അയവ് വന്നത്. വിഷയത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സമവായ ചർച്ചകൾ ഏത് രീതിയിലായിരിക്കും എന്നതിനെ കുറിച്ച് വരും ദിവസങ്ങളിൽ വ്യക്തത വരുമെന്നും അദ്ദേഹം അറിയിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top