സമവായമല്ല ഇത് കീഴടങ്ങല്‍; എസ്എഫ്‌ഐ സമരങ്ങൾ കോമഡിയായി; സംഘപരിവാറിന് മുന്നില്‍ വിറച്ച് പിണറായി, മുഖം നഷ്ടമായി സിപിഎം

തരാതരം പോലെ ബിജെപിയെ എതിര്‍ക്കുകയും നിരുപാധികം കീഴടങ്ങുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെതിരെ ഒടുവില്‍ സിപിഎമ്മിലും മുറുമുറുപ്പ്. ആയിരക്കണക്കിന് കുട്ടികളുടെ ഭാവി തകര്‍ക്കുന്ന സമരങ്ങള്‍ നടത്തുകയും അവരെ ആകമാനം വഞ്ചിച്ചു കൊണ്ട് സമരം ഒത്തുതീര്‍പ്പാക്കുന്ന പിണറായി ശൈലിക്കെതിരെയാണ് പാര്‍ട്ടിക്കുള്ളില്‍ നേരിയ തോതില്‍ പ്രതിഷേധമുയര്‍ന്നത്. വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്കു വഴങ്ങിയതിലാണ് സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നത്.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷത്തിനിടയില്‍ സിപിഎം എസ്എഫ്‌ഐയെ ഉപയോഗിച്ച് വിദ്യാഭ്യാസ മേഖലയില്‍ നശീകരണ സമരങ്ങള്‍ നടത്തുകയും പിന്നീട് ഒത്തുതീര്‍പ്പോ, കീഴടങ്ങുകയോ ഉണ്ടാക്കുകയോ ആണ് പതിവ്. യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പ്രീഡിഗ്രി ബോര്‍ഡിനെതിരെ സമരം നടത്തുകയും പിന്നീട് അധികാരത്തില്‍ വന്നപ്പോള്‍ ദേശീയ നയത്തിന്റെ ഭാഗമായി പ്ലസ് ടു നയം സിപിഎം സര്‍ക്കാര്‍ നടപ്പാക്കുകയും ചെയ്തു.

1992ല്‍ ഡോ ജെവി വിളനിലത്തെ കെ കരുണാകരന്‍ സര്‍ക്കാര്‍ കേരള സര്‍വകലാശാല വിസിയായി നിയമിച്ചു. നിയമനത്തിനായി അദ്ദേഹം സമര്‍പ്പിച്ച
ഇംഗ്ലണ്ടിലെ സസെക്‌സ് സര്‍വകലാശാലയില്‍ നിന്നും നേടിയ പിഎച്ച്ഡിയും സമര്‍പ്പിച്ചിരുന്നു. ഈ ഗവേഷണ പ്രബന്ധം വ്യാജമാണെന്ന് ആരോപിച്ച് എസ്എഫ്‌ഐ മാസങ്ങളോളം സമരം നടത്തി. എന്നാല്‍, യഥാര്‍ത്ഥ പ്രശ്‌നം ഗവേഷണ പ്രബന്ധമായിരുന്നില്ല. മറിച്ച്, ജെവി വിളിനിലം കേരള സര്‍വകലാശാല വിസി ആയതിന് പിന്നാലെ സര്‍വകലാശാലയുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതാണ്. സര്‍വകലാശാലയുടെ ഭൂമിയിലാണ് എകെജി സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പാട്ടത്തിനെടുത്ത ഭൂമി പിന്നീട് സര്‍വകലാശാലയ്ക്ക് നല്‍കാന്‍ പാര്‍ട്ടി തയ്യാറായില്ല. ഭൂമി തിരിച്ച് പിടിക്കാനുള്ള ശ്രമങ്ങളുമായി വിളനിലം മുന്നോട്ട് പോയി. ഇതോടെ സിപിഎമ്മും വിസിയും തമ്മില്‍ രണ്ട് ചേരിയിലായി. ഈ ഘട്ടത്തിലാണ് വ്യാജ ഡിഗ്രി വിവാദം ആരോപിച്ച് വിളനിലത്തിനെതിരെ എസ്എഫ്‌ഐയെക്കൊണ്ട് സമരം നടത്തിച്ചത്.

എസ്എഫ്‌ഐയുടെ സമരം നാല് വര്‍ഷം നീണ്ടു നിന്നു. വൈസ് ചാന്‍സ്‌ലറെ സര്‍വകലാശാല വളപ്പില്‍ കേറ്റാതെ എസ്എഫ്‌ഐ വഴിയില്‍ നിരന്തരം തടഞ്ഞു. തെരുവുകളില്‍ പൊലീസും വിദ്യാര്‍ത്ഥികളും ഏറ്റുമുട്ടി. നിരവധി കുട്ടികള്‍ക്ക് പരിക്കേറ്റു. കേസുകളില്‍പ്പെട്ട് അവരുടെ ഭാവി അപകടത്തിലായി. സര്‍വകലാശാലയിലേക്ക് പോകാന്‍ പറ്റാതായതോടെ ഡോ. ജെവി വിളനിലം സ്വന്തം വീട്ടില്‍ സര്‍വകലാശാല സിന്‍ഡിറ്റിക്കേറ്റ് യോഗം വിളിച്ച് ചേര്‍ത്ത സംഭവം വരെയുണ്ടായി. ഒടുവില്‍ ഇഎംഎസിന്റെ നേതൃത്വത്തില്‍ ജെവി വിളനിലത്തെ ആദരിച്ചു. സമരവും പിന്‍വലിച്ച് തടിയൂരി

വിളനിലം സമരത്തിന് ശേഷം നടന്ന സ്വാശ്രയ കോളജുകള്‍ക്കെതിരെ നടന്ന സമരത്തിലും എസ്എഫ്‌ഐ പിള്ളേരെ വഞ്ചിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. സ്വാശ്രയ സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴാണ് പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ മകള്‍ വീണയെ മാതാ അമൃതാനന്ദമയിയുടെ സ്വാശ്രയ എഞ്ചിനീയറിംഗ് കോളജില്‍ ചേര്‍ത്തത്. അതോടെ ഒന്നും നേടാതെ ഈ സമരവും ഒടുങ്ങി. 2006ല്‍ ഇടത് മുന്നണി അധികാരത്തില്‍ വന്നപ്പോള്‍ നാടാകെ സ്വാശ്രയ കോളജുകള്‍ സ്ഥാപിച്ചു. ഡിവൈഎഫ്‌ഐ നേതാവായിരുന്ന എം ദാസന്റെ പേരില്‍ പോലും സ്വാശ്രയ എഞ്ചിനീയറിംഗ് കോളജ് തുടങ്ങിയത് ചരിത്രം.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടത്തിയ സമരങ്ങള്‍ എല്ലാം വെറും കോമഡിയായി അവശേഷിച്ചു. ഇതിന്റെ തുടര്‍ച്ചയായി സിപിഎം വിദ്യാര്‍ത്ഥികളെ ഉപയോഗിച്ച് പുതിയ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കെതിരെ നടത്തിയ വിസി നിയമന സമരവും മുഖ്യമന്ത്രി ഒത്തുതീര്‍പ്പിലെത്തിച്ചു. സമാന ഗതിയാണ് പിഎം ശ്രീക്കെതിരെ നടത്തിയ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സംഭവിച്ചത്. ഇടതു മുന്നണിയോടോ മന്ത്രിസഭയോടോ പോലും ആലോചിക്കാതെ പി എംശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടു.

സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ എന്ന് നടിക്കുകയും രഹസ്യത്തില്‍ പോയി കീഴടങ്ങുകയും ചെയ്യുന്ന സിപിഎമ്മിന്റെ പൊള്ളത്തരങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top