ഗോവിന്ദച്ചാമി ഡയറ്റ് ചെയ്ത് ഭാരം കുറച്ചു; സെല്ലിലെ കമ്പി മുറിച്ചത് ഒന്നരമാസം എടുത്ത്; ജയില്‍ ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞില്ല

ഗോവിന്ദച്ചാമി ജയില്‍ ചാടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത് വലിയ വീഴ്ച. മാസങ്ങള്‍ നീണ്ട ഒരു കൊടും ക്രിമിനലിന്റെ ആസൂത്രണം മനസിലാക്കാന്‍ അതീവ സുരക്ഷാ ജയിലിലെ ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞില്ല. സെല്ലിലെ അഴികള്‍ മുറിച്ചു മാറ്റിയതു പോലും ശ്രദ്ധയില്‍പ്പെട്ടില്ല. ജയില്‍ ചാടി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇക്കാര്യം ഉദ്യോഗസ്ഥര്‍ അറിഞ്ഞത്.

അഴികള്‍ മുറിക്കാനുള്ള ബ്ലേയ്ഡ് ജയലിലെ ഒരു അന്തേവാസിയാണ് നല്‍കിയതെന്നാണ് ഗോവന്ദച്ചാമി നല്‍കിയിരിക്കുന്ന മൊഴി. ഇതിനായി ഒന്നരമാസമാണ് എടുത്തത്. പാടുകള്‍ ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തുണി ഉപയോഗിച്ച് കെട്ടിവച്ചു. എന്നാല്‍ ഇത്രയും നാള്‍ കമ്പി മുറിക്കുന്ന ശബ്ദം ആരും കേട്ടില്ലേ എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി പറയേണ്ടിവരും.

ചെറിയ വിടവിലൂടെ പുറത്തേക്ക് കടക്കാന്‍ കടുത്ത ഡയറ്റാണ് ഗോവിന്ദച്ചാമി പിന്‍തുടര്‍ന്നത്. എല്ലാ ദിവസവും ബിരിയാണി വേണം എന്ന് പറഞ്ഞ് ബഹളം ഉണ്ടാക്കിയിരുന്ന ഇയാള്‍ ഭക്ഷണം നന്നേ കുറച്ചു. ഇതിലൂടെ ശരീര ഭാരം കുറഞ്ഞു. കൂടാതെ വേഗത്തില്‍ തിരിച്ചറിയാതിരിക്കാന്‍ താടിയും നീട്ടി വളര്‍ത്തി. എന്നാല്‍ ജയില്‍ അധികൃതര്‍ ഇതിലൊന്നും ഒരു അസ്വാഭാവികതയും കണ്ടതുമില്ല.

പാല്‍ കൊണ്ടു വരുന്ന ഡ്രമ്മും മറ്റ് പാത്രങ്ങളും ഉപയോഗിച്ചാണ് മതിലിന് മുകളില്‍ കയറിയത്. കൂടാതെ രക്ഷപ്പെടാന്‍ ആവശ്യമായ തുണിള്‍ തടവുകാര്‍ ഉണക്കാന്‍ ഇട്ടസമയത്ത് തന്നെ ശേഖരിച്ച് വയ്ക്കുകയും ചെയ്തു. അതീവസുരക്ഷയുള്ള ജയിലില്‍ നിന്ന് ഗോവിന്ദച്ചാമിയെ പോലെ ഒരാള്‍ രക്ഷപ്പെട്ടത് ആശങ്കയുളവാക്കുന്നുണ്ട്. ഇത്രയേ ഉള്ളോ ജയിലുകളിലെ സുരക്ഷാ എന്ന ചോദ്യം പ്രസക്തമാണ്.

ജയില്‍ ചാടി മണിക്കൂറുകള്‍ മാത്രമാണ് ഗോവിന്ദച്ചാമിക്ക് പുറത്ത് കറങ്ങി നടക്കാന്‍ കഴിഞ്ഞത്. അതാകട്ടെ മാധ്യമങ്ങളിലൂടെ വാര്‍ത്ത കണ്ട് ജനം ജാഗ്രത പുലര്‍ത്തിയതു കൊണ്ട് മാത്രം.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top