ജനം ടിവിക്കെതിരെ സിറോ മലബാര്‍ സഭ; ‘ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി വിദ്വേഷം പരത്താന്‍ ശ്രമം’

സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള ജനം ടിവി, കൊടും കുറ്റവാളി ഗോവിന്ദചാമിയുടെ പേരില്‍ ക്രൈസ്തവ നിന്ദ പരത്തുന്നു എന്ന ആരോപണവുമായി സിറോ മലബാര്‍ സഭ. ഗോവിന്ദച്ചാമി ഇന്നലെ കണ്ണൂര്‍ ജയിലില്‍ നിന്ന് രക്ഷപെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ജനം ടിവി ‘ചാര്‍ളി തോമസ്’ എന്ന പേരാണ് ഉപയോഗിച്ചത്. ഇതാണ് കത്തോലിക്കാ സഭയെ പ്രകോപിച്ചത്.
തങ്ങളുടെ അനുയായികള്‍ക്കിടയില്‍ പരമാവധി ക്രൈസ്തവ വിദ്വേഷം വളര്‍ത്താനും മതപരിവര്‍ത്തനം എന്ന ദുരാരോപണം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ച് ഉറപ്പിക്കാനും കിട്ടിയ അവസരം മുതലാക്കുകയാണ് എന്നത് മനസിലാകുന്നുണ്ടെന്ന് സിറോ മലബാര്‍ സഭയുടെ മീഡിയാ കമ്മീഷന്‍ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
“പോലീസ് റെക്കോര്‍ഡുകളിലും സകലമാന മാധ്യമങ്ങള്‍ക്കും സൗമ്യ വധക്കേസ് പ്രതി കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയാണ്, എന്നാല്‍ ജനം ടിവിക്കു മാത്രം അയാള്‍ ചാര്‍ളി തോമസാണ്. സൗമ്യക്കേസില്‍ പിടിയിലായപ്പോള്‍ ഇയാള്‍ പോലീസിനോടു പറഞ്ഞ പേരാണ് ചാര്‍ലി തോമസ് എന്നത്. പോലീസ് പിടിക്കുമ്പോള്‍ പേര് മാറ്റിപറയുന്നത് ഇയാളുടെ സ്ഥിരം പരിപാടിയായിരുന്നു. ഗോവിന്ദച്ചാമി, ചാര്‍ലി, കൃഷ്ണന്‍, രാജ, രമേഷ് എന്നിങ്ങനെ പല പേരുകളും വിവിധ കേസുകളില്‍ അയാള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ആദ്യം പോലീസ് രേഖപ്പെടുത്തിയ പ്രകാരം ചില മാധ്യമങ്ങളിലും ചാര്‍ലി തോമസ് എന്ന പേരാണ് വന്നത്. എന്നാല്‍, പിന്നീട് പോലീസ് നടത്തിയ കൂടുതല്‍ അന്വേഷണത്തില്‍ ഇയാളുടെ പേര് ഗോവിന്ദച്ചാമി എന്നാണെന്നു കണ്ടെത്തി. ഇതോടെ മാധ്യമങ്ങള്‍ ആ പേര് ഉപയോഗിച്ചു തുടങ്ങി. സുപ്രീം കോടതി വിധി രേഖകളില്‍ ഗോവിന്ദസ്വാമി എന്നാണ് ഇയാളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ഇതുമായി ബന്ധപ്പെട്ടു നടന്ന നിരവധി മാധ്യമ ചര്‍ച്ചകളില്‍ ഇത് കള്ളപ്രചാരണം ആണെന്ന് തെളിഞ്ഞതുമാണ്.” മീഡിയ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു.
2011ൽ ഷൊര്‍ണ്ണരില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് പെണ്‍കുട്ടിയെ തള്ളിയിട്ട ശേഷം ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലാണ് ഗോവിന്ദച്ചാമി തടവുകാരനായി കണ്ണൂര്‍ ജയിലില്‍ ജീവപര്യന്തം അനുഭവിക്കുന്നത്. ഇന്നലെ ജയിൽചാടിയ ഇയാളെ കണ്ണൂർ തളാപ്പിലെ ഒരു കിണറ്റില്‍ നിന്ന് പിടികൂടി. ഈ വാര്‍ത്തയാണ് ‘ചാര്‍ളി തോമസ് പിടിയില്‍’ എന്ന് ജനം ടിവി റിപ്പോർട്ട് ചെയ്തത്. മറ്റ് ടെലിവിഷന്‍ ചാനലുകളോ മാധ്യമങ്ങളോ ഗോവിന്ദച്ചാമിയെ ചാര്‍ളി എന്ന് വിശേഷിപ്പിച്ചിട്ടില്ല.
സമാനമാണ് ജന്മഭൂമിയും ഓണ്‍ലൈനിൽ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. “ജയില്‍ ചാടിയ കൊടുംകുറ്റവാളി ചാര്‍ളി തോമസിനെ (ഗോവിന്ദച്ചാമി) 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് റിമാന്‍ഡ് ചെയ്ത് അയച്ചത്. അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റും. ജയില്‍ ചാടിയ സംഭവത്തില്‍ ചാര്‍ളി തോമസിനെ (ഗോവിന്ദച്ചാമി) സെന്‍ട്രല്‍ ജയിലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.” ഇതായിരുന്നു ജന്മഭൂമി വാര്‍ത്ത.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here