‘ഗോവിന്ദച്ചാമിയിലും’ മത്സരിച്ച് ചാനലുകള്‍; പ്രതിയെ പിടിച്ച ദൃശ്യങ്ങള്‍ മാതൃഭൂമിയില്‍ നിന്ന് അടിച്ചുമാറ്റി റിപ്പോര്‍ട്ടറും മറ്റുള്ളവരും; പ്രതികരിച്ച് പ്രേക്ഷകരും

കേരളത്തെ മണിക്കൂറുകളോളം ആശങ്കയിലാക്കിയതാണ് കൊടുംക്രിമിനല്‍ ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം. വാര്‍ത്തകള്‍ പുറത്ത് വന്നതു മുതല്‍ മലയാളം ചാനലുകള്‍ എല്ലാവരും മത്സരിച്ച് ഓടുകയായിരുന്നു. പോലീസിനൊപ്പം ചാനലുകളും കണ്ണൂര്‍ നഗരം അരിച്ചുപെറുക്കി. ഇതിനിടയിലാണ് തളാപ്പില്‍ പ്രതിയെ കണ്ടെന്ന വിവരം ലഭിച്ചതും പോലീസ് അങ്ങോട്ടേക്ക് പാഞ്ഞതും. ചാനല്‍ സംഘങ്ങളും പിന്നാലെ എത്തി.

ALSO READ : ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസെന്ന് തിരുത്തി സംഘപരിവാര്‍ ഹാന്‍ഡിലുകള്‍; ഒപ്പം കൂടി ജനം ടിവിയും; ക്രിമിനലിന്റേയും മതം തിരയുന്നവര്‍

പോലീസ് പരിസരം അരിച്ച് പെറുക്കിയപ്പോള്‍ ചാനൽ സംഘങ്ങളും അവരുടെ നിലയില്‍ തിരച്ചിലില്‍ ആയിരുന്നു. ഈ സമയത്താണ് ഗോവിന്ദച്ചാമി ഒരു കിണറ്റില്‍ ഉണ്ടെന്ന് കണ്ടെത്തിയത്. പോലീസ് അവിടേക്ക് കുതിച്ച് എത്തിയപ്പോള്‍ ഒപ്പം എത്തിയത് മാതൃഭൂമി ന്യൂസ് മാത്രമായിരുന്നു. ഈ സമയത്തെല്ലാം മറ്റ് ചാനലുകൾ ഗോവിന്ദച്ചാമിയെ പിടിച്ചെന്നും ഇല്ലെന്നും മാറ്റിമാറ്റി പറയുകയായിരുന്നു.

കിണറ്റില്‍ നിന്നും പ്രതിയെ തൂക്കിയെടുക്കുന്ന മാതൃഭൂമി എക്‌സ്‌ക്ലീസീവ് ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഞെട്ടിയത് മറ്റ് ചാനലുകളായിരുന്നു. മറ്റ് വഴികളില്ലാതെ മാതൃഭൂമിയുടെ ദൃശ്യങ്ങള്‍ എല്ലാവരും ഏറ്റെടുത്തു. എന്നാൽ അവിടെ ചിലർ തീരെ മാന്യത പുലര്‍ത്തിയില്ല എന്നതാണ് പ്രക്ഷകരടക്കം ചൂണ്ടികാണിക്കുന്നത്.

റിപ്പോര്‍ട്ടര്‍ ചാനല്‍ മാതൃഭൂമിയുടെ ദൃശ്യങ്ങള്‍ അതേപടി സംപ്രേക്ഷണം ചെയ്തു. ഒപ്പം റിപ്പോര്‍ട്ടര്‍ എക്‌സ്‌ക്ലൂസീവ് എന്ന് വാട്ടര്‍മാര്‍ക്കും ഇട്ടു. ഇതിന് മുകളിലൂടെ മാതൃഭൂമിയുടെ വാട്ടര്‍മാര്‍ക്കും കാണാമായിരുന്നു. ഇതിനിടയില്‍ ‘ദൃശ്യങ്ങള്‍ മാതൃഭൂമിയില്‍ മാത്രം‘ എന്ന ടെക്‌സ്റ്റും അബദ്ധത്തിൽ റിപ്പോർട്ടർ സ്ക്രീനിൽ വന്നു.

ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ് തുടങ്ങിയ ചാനലുകള്‍ ഈ സമയത്ത് കാണിച്ച ദൃശ്യങ്ങളില്‍ രണ്ട് വാട്ടര്‍മാര്‍ക്കുകൾ ഉണ്ട്. ഇതൊരിക്കലും പതിവുള്ളതല്ല. കൂടാതെ ഈ ദൃശ്യങ്ങളിൽ പ്രതിയുടെ മുഖമടക്കം ബ്ലർ ആയാണ് കാണുന്നത്. ഇത് തങ്ങളുടെ ദൃശ്യങ്ങളാണ് എന്നും, മാതൃഭൂമിയുടെ വാട്ടർമാർക്ക് മറയ്ക്കാനാണ് രണ്ടു വാട്ടർമാർക്ക് ഇട്ടതെന്നും, ഈ ശ്രമത്തിലാണ് വിഷ്വൽസ് ബ്ലർ ആയിപോയത് എന്നും മാതൃഭൂമിയിലെ ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

ആ സമയത്ത് തന്നെ മാതൃഭൂമി ഇക്കാര്യം ഓൺ എയറിൽ ഉന്നയിച്ചു. ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ വാട്ടര്‍മാര്‍ക്ക് മാറ്റിയിട്ട് സ്വന്തമെന്ന് അവകാശപ്പെട്ട് പല ചാനലുകളും അത് ചെയ്യുകയാണ്. എന്നാല്‍ ഇതിന്റെ ക്രെഡിറ്റ് മാതൃഭൂമി റിപ്പോര്‍ട്ടര്‍ കെവി രാഹുലിനും ക്യാമറാമാന്‍ ഷിജിന്‍ നരിപ്പറ്റയ്ക്കുമാണ് എന്നായിരുന്നു ആങ്കർ പറഞ്ഞത്.

എന്നാല്‍ ഈ മത്സരങ്ങള്‍ക്കിടയിലും മാന്യത കാട്ടിയവരും ഉണ്ട്. ഇത് മാതൃഭൂമി ന്യൂസിന്റെ ക്യാമറാമാന്‍ ഷിജിന്‍ നരിപ്പറ്റ പകര്‍ത്തിയതാണ് എന്ന് പറഞ്ഞു കൊണ്ടാണ് ന്യൂസ് മലയാളം ചാനലിൽ ആങ്കർ ഈ ദൃശ്യങ്ങൾ അവതരിപ്പിച്ചത്. മലയാളം ചാനലുകൾ സാധാരണ കാണിക്കാറില്ലാത്ത മാന്യതയായി ഇത്. ഏറ്റവും പ്രെഫഷണലായ സമീപനം സ്വീകരിച്ചത് മനോരമ ന്യൂസ് ആണ്. വാട്ടർ മാർക്കോടെയോ അല്ലാതെയോ ആ ദൃശ്യങ്ങൾ എടുക്കാൻ തുനിഞ്ഞില്ല.

വാര്‍ത്ത കാണ്ട പലരും അപ്പോള്‍ തന്നെ ഇക്കാര്യത്തില്‍ എതിര്‍പ്പും വിമര്‍ശനവും ഉന്നയിച്ചിരുന്നു. സാധാരണക്കാര്‍ക്ക് തോന്നുന്ന കാര്യവും മാന്യതയും എന്തുകൊണ്ട് മറ്റ് ചാനലുകള്‍ക്ക് തോന്നിയില്ല എന്ന ചോദ്യമാണ് പ്രേക്ഷകര്‍ ഉന്നയിക്കുന്നത്. കളവ് പറയരുത്, ആദ്യം ദൃശ്യം പുറത്തുവിട്ടത് ആരാണെന്ന് എല്ലാവരും കണ്ടതാണ്, ഒരു ക്രെഡിറ്റ് കൊടുത്ത് മര്യാദ കാണിക്കാമായിരുന്നു എന്നൊക്കെ പലരും കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുകയും ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top