‘2007ലെപ്പോലെ പരാജയപ്പെടുത്തും’, സർക്കാരിനെതിരെ ഭീഷണിയുമായി സമസ്‌ത

മതസംഘടനകൾ സർക്കാരിനെതിരെ വാളെടുക്കുന്നത് ഇതാദ്യമല്ല. അവസാനമായി സർക്കാരിനെതിരെ രംഗത്ത് വന്നിരിക്കുന്നത് ഇതുവരെ സർക്കാരുമായി അടുത്തുനിന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. സ്‌കൂൾ സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കുന്നു എന്ന് കാണിച്ച് പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലാണ് സമസ്ത.
സ്കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് നൽകിയ പരാതി പരിഗണിക്കാത്തതിനാൽ സമരത്തിലേക്ക് കടക്കുകയാണെന്ന് സമസ്‌ത കേരള മദ്രസ മാനേജ്‌മെൻ്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി വാർത്താക്കുറിപ്പിലൂടെ ആണ് അറിയിച്ചത്.
സമയമാറ്റം മദ്രസ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നും, ഏഴാം ക്ലാസ് വരയേ മദ്രസ പഠനമുള്ളൂ എന്നുമുള്ള സർക്കാർ വാദം തെറ്റാണെന്നും, പന്ത്രണ്ടാം ക്ലാസ് വരെ മദ്രസ പഠനമുണ്ടെന്നും സമസ്‌ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷൻ പറയുന്നു.
ഹൈസ്‌കൂളിൽ മാത്രമേ സമയമാറ്റം ഉള്ളൂ എന്ന സർക്കാർ വാദവും ശരിയല്ലെന്നും സമസ്ത ചൂണ്ടിക്കാട്ടി. എൽപിയും, യുപിയും ഹൈസ്കൂളും ഒന്നിച്ചുള്ള സ്‌കൂളുകളിൽ ഒരേസമയത്താണ് പഠനം തുടങ്ങുക. ഇത് മദ്രസ പഠനത്തെ ബാധിക്കും. സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ നേരിട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതാണ്.
പരാതി ചർച്ച ചെയ്യാൻ പോലും സർക്കാർ തയ്യാറായില്ല എന്നാണ് വിമർശനം. സ്കൂൾ പ്രവൃത്തി സമയക്കുറവ് പരിഹരിക്കാൻ പ്രവൃത്തി ദിവസം കൂട്ടുകയാണ് വേണ്ടതെന്നും സമസ്ത അഭിപ്രായപ്പെട്ടു. അല്ലാതെ മദ്രസാ പഠനം തടസപെടുന്ന രീതിയിൽ സമയം മാറ്റുക അല്ല വേണ്ടതെന്നും അവർ പറയുന്നു.
2007 ൽ എംഎ ബേബി വിദ്യാഭ്യാസ മന്ത്രി ആയിരിക്കെ സ്‌കൂൾ സമയം എട്ടുമണിയാക്കാൻ നീക്കം നടത്തിയിരുന്നു. അന്ന് സമരം നടത്തി ആ നീക്കം തടഞ്ഞ ചരിത്രം സമസ്ത ഓർമ്മിപ്പിച്ചു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാരിനെതിരായ സമരത്തിൽ ഒപ്പം നിൽക്കണമെന്ന ആവശ്യവും സമസ്ത ഉന്നയിച്ചു. വേനലവധിക്കാലം കുറച്ച് സമയനഷ്‌ടം പരിഹരിക്കണം.
നേരത്തെ സ്കൂൾ സമയമാറ്റത്തിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി സമസ്ത അധ്യക്ഷൻ വിമർശനം ഉന്നയിച്ചിരുന്നു. സമയമാറ്റം മതപഠനത്തെ ബാധിക്കുന്നുവെന്നും സർക്കാരിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ അന്ന് പറഞ്ഞിരുന്നു. എന്നാൽ ഒരു മാസത്തോളമായിട്ടും ചർച്ചക്ക് പോലും ക്ഷണിക്കാത്തതിലാണ് പരാതി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here