ചാനൽ റേറ്റിംങ് നിയമങ്ങൾ അടിമുടി മാറുന്നു; കൃത്രിമം തടയാൻ പുതിയ നിയമം

ടെലിവിഷൻ റേറ്റിംങ് പോളിസി സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പരിഷ്‌ക്കരിക്കാൻ കേന്ദ്രസർക്കാർ നീക്കം. അതിന്റെ ഭാഗമായി മാധ്യമ രംഗത്ത് ന്യായമായ മത്സരം ഉറപ്പാക്കാനും, ടി.വി റേറ്റിംഗുകൾ കൂടുതൽ കൃത്യതയുള്ളതാക്കാനും ലക്ഷ്യമിട്ട് പുതിയ കരട് നിയമങ്ങൾ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറത്തിറക്കി.
റേറ്റിംങ് ഏജൻസികളുടെ പഴകിയ ചട്ടക്കൂട് ആധുനികവൽക്കരിക്കാനുള്ള നീക്കമാണിത്. ഇന്ത്യൻ പ്രേക്ഷകരുടെ കാഴ്ചാശീലങ്ങളിൽ വന്ന വൻ മാറ്റങ്ങൾക്കൊത്ത് നിലവിലെ ടിആർപി സംവിധാനം മുന്നോട്ട് പോകുന്നില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. 2014-ൽ രൂപീകരിച്ച നിലവിലെ നിയമങ്ങൾ ഇത്രയും കാലയളവിനുള്ളിൽ മാധ്യമ ഉപഭോഗത്തിൽ വന്ന സങ്കീർണ്ണതകളെ പ്രതിഫലിക്കുന്നില്ല.
Also Read : മനോരമക്കും മാതൃഭൂമിക്കും വൻ തിരിച്ചടി; കുത്തനെ ഇടിഞ്ഞ് ചാനൽ റേറ്റിംഗ്; കുതിച്ചുകയറി ന്യൂസ് മലയാളം
സാറ്റലൈറ്റ് ടിവിയിൽ നിന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്കും, സ്മാർട്ട് ഉപകരണങ്ങളിലേക്കും, പ്രാദേശിക ഡിജിറ്റൽ സംവിധാനങ്ങളിലേക്കും പ്രേക്ഷകർ മാറിയത് നിലവിലെ രീതിയിൽ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ല.
സാമ്പിളിംഗിലെ അപാകതകളും, നിരീക്ഷണ സംവിധാനങ്ങളിലെ വിടവുകളും, റേറ്റിംങിൽ കൃത്രിമം നടത്താനുള്ള സാധ്യതകളും ശക്തമായ സുരക്ഷാ സംവിധാനങ്ങളുടെ ആവശ്യകത ഉയർത്തിക്കാട്ടുന്നു. നവംബർ 6-ന് പ്രസിദ്ധീകരിച്ച പുതിയ കരട് വിവിധ ഇടങ്ങളിൽ നിന്ന് ലഭിച്ച അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. റേറ്റിംങ് സംവിധാനം സുതാര്യമാക്കാനും കൃത്രിമത്വം തടയാനും ഈ മാറ്റങ്ങൾ സഹായിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
Also Read : എന്തുകൊണ്ട് റിപ്പോര്‍ട്ടര്‍ ടിവി? ചാനൽ റേറ്റിംഗ് രംഗത്തെ കുതിപ്പിന് പിന്നില്‍…
ഏജൻസികളുടെ പ്രവർത്തന രീതിയിലും ഉടമസ്ഥാവകാശ രീതികളിലും വ്യക്തത വരും. റേറ്റിംങ് വിവരങ്ങൾ ശേഖരിക്കുന്ന പാനലുകളുടെ വിശ്വാസ്യതയും കൃത്യതയും ഉറപ്പാക്കും. പ്രാദേശിക കാഴ്ചക്കാരുടെയും ഹൈബ്രിഡ് ടി വി, ഒ ടി ടി ഉപഭോഗത്തിൻ്റെയും വർദ്ധനവ് കൈകാര്യം ചെയ്യാൻ കഴിയും വിധം അത്യാധുനിക അളവെടുപ്പ് സംവിധാനം ഒരുക്കും.
അന്തിമ മാർഗ്ഗനിർദ്ദേശം പുറത്തിറക്കുന്നതിന് മുൻപ്, വ്യവസായ സ്ഥാപനങ്ങൾ, ബ്രോഡ്കാസ്റ്റർമാർ, പരസ്യദാതാക്കൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, ഉപഭോക്തൃ ഗ്രൂപ്പുകൾ എന്നിവരുമായി സർക്കാർ വീണ്ടും കൂടിയാലോചനകൾ നടത്തും. പഴയ നയങ്ങൾ പരിഷ്കരിക്കുക മാത്രമല്ല, അതിവേഗം മാറുന്ന മാധ്യമ ലോകത്ത് ഇന്ത്യയുടെ റേറ്റിംങ് സംവിധാനം വിശ്വാസ്യതയോടെ നിലനിർത്തുക എന്നതാണ് ഈ പരിഷ്കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അന്തിമ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറങ്ങുന്നതോടെ 2014-ലെ നിലവിലെ പോളിസിക്ക് പകരമായി പുതിയ നിയമം നിലവിൽ വരും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here