ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന മുഖ്യപ്രതി ദാരാസിങ്ങിനായി ദയാഹര്‍ജി; രാഷ്ട്രപതിക്ക് കത്തയച്ചത് നേരത്തെ വിട്ടയക്കപ്പെട്ട പ്രതി

ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളേയും ചുട്ടെരിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രവീന്ദ്രകുമാര്‍ പാല്‍ എന്ന ദാരസിങിനെ (Dara Singh) വിട്ടയക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ദയാഹര്‍ജി. കേസിലെ മറ്റൊരു പ്രതിയായിരുന്ന മഹേന്ദ്ര ഹെംബ്രാമാണ് (Mahendra Hembram) ദാര സിങ്ങിനു വേണ്ടി ദയാഹര്‍ജി സമര്‍പ്പിച്ചത്. ഈ വര്‍ഷം ഏപ്രില്‍ 16നാണ്, 25 കൊല്ലം തടവനുഭവിച്ച മഹേന്ദ്ര ഹെംബ്രാമിനെ നല്ലനടപ്പ് പരിഗണിച്ച് ഒഡീഷ സര്‍ക്കാര്‍ ശിക്ഷായിളവ് നല്‍കി വിട്ടയച്ചത്. ഗ്രഹാം സ്റ്റെയിന്‍സിനെ കൊന്ന കേസില്‍ ഇനി ദാരാസിങ്ങ് മാത്രമാണ് ജയിലില്‍ കഴിയുന്നത്.

ALSO READ : ഗ്രഹാം സ്റ്റെയ്ൻസ് കൊലക്കേസ് പ്രതിയെ ബിജെപി സർക്കാർ വിട്ടയച്ചു; ന്യൂനപക്ഷ സംരക്ഷണത്തിൻ്റെ പുതുവഴികൾ പീഡാനുഭവ വാരത്തിൽ!!

ദാരാസിങ്ങിനു വേണ്ടി ദയാഹര്‍ജി സമര്‍പ്പിച്ചുവെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ച് കാത്തലിക് കണക്ട് (Cathoic Connect) ന്യൂസ് പോര്‍ട്ടലാണ് റിപ്പോര്‍ട്ട് ചെയ്തത്. 25 വര്‍ഷത്തെ ജയില്‍വാസം കൊണ്ട് ഒരുപാട് മാനസിക പരിവര്‍ത്തനം പ്രതിക്ക് സംഭവിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഹര്‍ജിയെക്കുറിച്ച് രാഷ്ട്രപതി ഭവന്‍ സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജ്യം കണ്ട ഏറ്റവും ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതിയെ ദയാഹര്‍ജിയുടെ പേരില്‍ വിട്ടയക്കുന്നതിനെ കുറിച്ച് ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.

1999 ജനുവരി 22നാണ് അര്‍ദ്ധരാത്രി ഒഡീഷയിലെ മനോഹര്‍പുര്‍ ഗ്രാമത്തിൽ ഓസ്‌ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും ആറും പത്തും വയസ്സുള്ള ആണ്‍മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരേയും ജീവനോടെ ചുട്ടുകൊന്നത്. ഇവരുടെ ജീപ്പിന് തീവെച്ചാണ് മൂവരെയും കൊലപ്പെടുത്തിയത്. 51 പേര്‍ അറസ്റ്റിലായെങ്കിലും ഇതില്‍ 37 പേർ പിന്നീട് കുറ്റവിമുക്തരായി. 2003ല്‍ പ്രധാന പ്രതിയായ ദാരാ സിങ്ങിനെ വധശിക്ഷയ്ക്കും ഹെംബ്രാം ഉള്‍പ്പെടെ 12 പ്രതികളെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയെ ജുവനൈല്‍ കോടതിയിലും വിചാരണചെയ്തു. ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഹെംബ്രാം ഒഴികെയുള്ള 11 പേരെ ഒഡീഷ ഹൈക്കോടതി പിന്നീട് വെറുതെവിട്ടു.

ALSO READ : ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന പ്രതിക്ക് ഒടുവില്‍ മാനസാന്തരം; ക്രിസ്തുമതം സ്വീകരിച്ചു; സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ഞെട്ടല്‍

2005ല്‍ ദാരാസിങ്ങിന്റെ ശിക്ഷ ജീവപര്യന്തമായി ഹൈക്കോടതി ഇളവ് ചെയ്തു. 1999ല്‍ എബി വാജ്‌പേയിയുടെ നേതൃത്വത്തിലെ ദേശീയ മുന്നണി സര്‍ക്കാര്‍ കേന്ദ്ര്ത്തിൽ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ഈ ഹീനകൃത്യം നടന്നത്. ഗ്രഹാം സ്റ്റെയിന്‍സ് മതപരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ കൊലപാതകം ലോകത്തെയാകെ ഞെട്ടിച്ചതാണ്. എന്നാൽ അന്വേഷണം നടത്തിയ ജസ്റ്റിസ് വാധ്വാ കമ്മീഷന്‍, സ്റ്റെയിന്‍സ് മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കണ്ടെത്തി. ഒഡിഷയില്‍ ബിജെപി അധികാരത്തിലേറിയതിന് പിന്നാലെയാണ് ഇതിലെ പ്രധാനിയായ മഹേന്ദ്ര ഹെംബ്രാമിനെ വിട്ടയച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top