ജിഎസ്ടി പരിഷ്‌കരണം വഴി കേരളത്തിന് 10,000 കോടിയിലേറെ നഷ്ടം; ഫെഡറിലിസം തകര്‍ക്കുന്ന നീക്കത്തിനെതിരെ നിയമനടപടിക്ക് ആവശ്യം

നികുതിഘടനയില്‍ പുതിയ ജി.എസ്.ടി പരിഷ്ക്കാരങ്ങള്‍ നിലവില്‍ വന്നതോടെ കടുത്ത ആശങ്കയില്‍ സംസ്ഥാനം. ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണകരമാകുമെന്നാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും അഭിപ്രായപ്പെടുന്നത് എങ്കിലും ഇത് സംസ്ഥാനങ്ങളുടെ നിലനില്‍പ്പിനെ തന്നെ ഇല്ലാതാക്കുമെന്ന് സാമ്പത്തികവിദഗ്ധരും ധനവകുപ്പും ചൂണ്ടിക്കാട്ടുന്നു. ഒരു രാജ്യം ഒരു നികുതി എന്ന മുദ്രാവാക്യം മുന്നില്‍ വച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ ധനാധികാരം ഇല്ലാതാക്കുകയും ഭരണഘടനയിലെ ഫെഡറല്‍ തത്വങ്ങളെ പൊളിച്ചെഴുതുകയുമാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയരുന്നുണ്ട്. ഇത്തരം പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ നിയമപരമായ സാദ്ധ്യതകള്‍ പരിശോധിക്കണമെന്ന അഭിപ്രായവും ശക്തമാണ്.

പൊതുസമൂഹത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായാണ് ജിഎസ്ടി പരിഷ്‌ക്കരണം എന്നാണ് കഴിഞ്ഞദിവസം രാജ്യത്തെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദിയും പറഞ്ഞത്. എന്നാല്‍ ഈ പരിഷ്‌ക്കരണം കൊണ്ട് പൊതുസമൂഹത്തിന് ഉദ്ദേശിച്ച ഗുണം കിട്ടുമോയെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. വിലനിയന്ത്രണത്തിനുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമല്ലാത്തതു കൊണ്ടുതന്നെ ഈ പരിഷ്‌ക്കരണം പൊതുജനങ്ങളെക്കാള്‍ ഏറെ ഗുണം ചെയ്യുക കോര്‍പ്പറേറ്റുകള്‍ക്കാകും എന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 2017ല്‍ ജിഎസ്ടി നടപ്പാക്കിയപ്പോഴും സംഭവിച്ചത് ഇതുതന്നെയായിരുന്നു.

എല്ലാത്തിനുപരി ഈ പരിഷ്‌ക്കരണങ്ങള്‍ കൊണ്ട് സംസ്ഥാനത്തിന് പ്രതിവര്‍ഷം നികുതിയിനത്തില്‍ 10,000 കോടിയോളം രൂപയുടെ നഷ്ടമുണ്ടാകും എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ക്ക് പുറമെയാണ് ഇതെന്ന് സംസ്ഥാന ധനവകുപ്പും ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന ഇനങ്ങളിലാണ് വലിയ വിലക്കുറവു വരുത്തിയിട്ടുള്ളത്. കുറവു വരുത്തുന്നതിനൊപ്പം നികുതിനഷ്ടം കുറയ്ക്കുന്നതിന് ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സ്വീകരിച്ചതു പോലെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കില്‍ ഇത് വലിയ ആഘാതം ഉണ്ടാക്കില്ലായിരുന്നു. എന്നാല്‍ നഷ്ടപരിഹാരത്തിനുള്ള തുക പിരിക്കുകയും അത് നഷ്ടം നികത്താന്‍ ഉപയോഗിക്കാതെ തന്നിഷ്ടപ്രകാരം വിനിയോഗിക്കുകയുമാണ് ചെയ്യുന്നതെന്നും ധനവകുപ്പിന് അഭിപ്രായമുണ്ട്.

2017ല്‍ ജിഎസ്ടി നടപ്പാക്കിയതു മുതല്‍ കേരളത്തിന്റെ നികുതിവരുമാനത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ട്. മാത്രമല്ല, നികുതിയിലൂടെ കേരളത്തിന് വേണ്ട വരുമാനം കണ്ടെത്താനുള്ള സ്വാതന്ത്ര്യവും നഷ്ടമായിരിക്കുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തെ പ്രയത്‌നത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം മുതലാണ് ജിഎസ്ടി വരുമാനത്തില്‍ വലിയതോതിലുള്ള വര്‍ദ്ധന കേരളത്തിൽ ഉണ്ടായി തുടങ്ങിയതും. കേന്ദ്രം ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം മുഴുവന്‍ മറികടക്കാനായതും ഈ വരുമാന വര്‍ദ്ധനയിലൂടെയായിരുന്നു. അതിനാണ് ഇപ്പോള്‍ തിരിച്ചടി ഏറ്റിരിക്കുന്നത്.

ജിഎസ്ടി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് 2017ല്‍ നടന്ന അന്തിമഘട്ട ചര്‍ച്ചയില്‍ അന്ന് ധനമന്ത്രിയായിരുന്ന ഡോ.തോമസ് ഐസക്ക് തന്നെ ജിഎസ്ടി നികുതിനിരക്കില്‍ കുറവുവരുത്തേണ്ട കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. അവശ്യവസ്തുക്കള്‍ക്കും മറ്റും പരമാവധി നികുതി കുറച്ച് സാധാരണക്കാരുടെ ജീവിതം സുഗമമാക്കി ആഡംബരവസ്തുക്കളുടെ നികുതി നിരക്കുകള്‍ വലിയ സ്ലാബില്‍ കൊണ്ടുവരണം എന്ന നിര്‍ദ്ദേശമാണ് അദ്ദേഹം മുന്നോട്ടുവച്ചത്. അതിനെ അന്ന് ചെറിയരീതിയില്‍ സ്വീകരിച്ച്, നികുതി നിരക്കുകള്‍ അദ്ദേഹത്തിന്റെ കൂടി നിര്‍ദ്ദേശാനുസരണമാണ് അന്തിമമാക്കിയത്. എന്നാല്‍ ഇപ്പോള്‍ അവശ്യവസ്തുക്കള്‍ എന്നതിനോടൊപ്പം ആഡംബര വസ്തുക്കളുടെ കൂടി നികുതി കുറയ്ക്കാനുള്ള തന്ത്രമാണ് പയറ്റിയിരിക്കുന്നത്. വിലകൂടിയ മോട്ടോര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നികുതിനിരക്കിലാണ് കുറവുണ്ടാക്കിയിരിക്കുന്നത്. ഇതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല.

ധനകാര്യകമ്മിഷന്‍ മുഖേന ലഭിക്കേണ്ട വിഹിതത്തില്‍, തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതും പ്രതിപക്ഷം ഭരിക്കുന്നതുമായ സംസ്ഥാനങ്ങള്‍ക്ക് ഉള്ളതില്‍ ഓരോ അഞ്ചുവര്‍ഷം കഴിയുന്തോറും വെട്ടിക്കുറവ് വരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ധനകമ്മിഷനോട് അതിനുള്ള നിര്‍ദ്ദേശം നല്‍കിയതു സംബന്ധിച്ച വാര്‍ത്തകളും പുറത്തുവന്നിരുന്നു. അതിനുപുറമെ അര്‍ഹതപ്പെട്ട മറ്റ് പല അധികാരങ്ങളും കവര്‍ന്നെടുക്കുകയുമാണ്. അതോടൊപ്പമാണ് ഇപ്പോള്‍ നികുതി അധികാരം കൂടി ഇല്ലാതാക്കിയിരിക്കുന്നത്.

ഈ നികുതി അധികാരം ഇല്ലാതാകുന്നതോടെ സംസ്ഥാനങ്ങള്‍ നടപ്പാക്കികൊണ്ടിരിക്കുന്ന ക്ഷേമപദ്ധതികളുടെ കടയ്ക്കല്‍ കത്തിവീഴും. അതോടൊപ്പം സാമൂഹിക വികസനത്തിനുള്ള മുതല്‍ മുടക്കില്‍ നിന്നും സംസ്ഥാനങ്ങള്‍ പിന്മാറേണ്ടിയും വരും. പ്രത്യേകിച്ച് കേരളത്തിലെ സാമൂഹികക്ഷേമപെന്‍ഷന്‍. ഇത് മുന്‍പ് മുതല്‍ തന്നെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കണ്ണിലെ കരടാണ്. ഗണ്യമായ തോതില്‍ വരുമാനനഷ്ടം ഉണ്ടാകുമ്പോള്‍ ദൈനംദിനകാര്യങ്ങള്‍ നടത്തികൊണ്ട് മുന്നോട്ടുപോകുകയല്ലാതെ സംസ്ഥാനങ്ങള്‍ക്ക് മറ്റൊന്നിനും കഴിയില്ല. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന അഭിപ്രായം ധനവിദഗ്ധര്‍ തന്നെ വ്യക്തമാക്കി തുടങ്ങിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇതിനെ നിയമപരമായി നേരിടുന്നതിനുള്ള സാദ്ധ്യതകള്‍ ആരായണമെന്ന അഭിപ്രായം ഉയരുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top