വിലക്കുറവ് വിചാരിച്ചതു പോലെയല്ല, പട്ടികയിതാ… അമുൽ തുടങ്ങി മിൽമ വരെ വിലയിലെ മാറ്റം പ്രഖ്യാപിച്ചു

ജിഎസ്ടി പരിഷ്കാരത്തെ കുറിച്ചുള്ള പ്രഖ്യാപനം ഉണ്ടായപ്പോൾ തന്നെ ഹിന്ദുസ്ഥാൻ യൂണിലിവർ, എൽജി, സോണി, ബ്രിട്ടാനിയ, അമുൽ, പാർലെ, കോൾഗേറ്റ് പാമോലീവ് എന്നീ കമ്പനികൾ ഉൽപ്പങ്ങൾക്ക് വില കുറക്കാമെന്ന് കേന്ദ്രസർക്കാരിന് ഉറപ്പു നൽകിയിരുന്നു. അവർ വാക്ക് പാലിച്ചു. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂത്ത്പേസ്റ്റായ കോൾഗേറ്റിന്റെ വിലയിൽ 18 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. 95 രൂപയായിരുന്ന 80 ഗ്രാം ടൂത്ത്പേസ്റ്റ് ഇനി മുതൽ 80 രൂപയ്ക്ക് ലഭിക്കും.
Also Read : മോദി കാത്തുവച്ച ട്വിസ്റ്റ് GST പരിഷ്‌ക്കരണം; വരാൻ പോകുന്നത് വിലക്കുറവിന്റെ കാലമെന്ന് വാഗ്ദാനം
പല്ല് തേച്ച് കഴിഞ്ഞ് കാപ്പി കുടിക്കാനെത്തിയാൽ അവിടെയുമുണ്ട് വിലക്കുറവ്. നെസ്‌കഫെ ക്ലാസിക് 45 ഗ്രാം പാക്കറ്റിന് 35 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 265 രൂപയുടെ കോഫി പൗഡർ ഇനി മുതൽ 235 രൂപക്ക് ലഭിക്കും. പാലിനുമുണ്ട് വിലക്കുറവ് അമുൽ പാലിന്റെ വില ലിറ്ററിന് 2 രൂപ മുതൽ 3 രൂപ വരെ കുറയും. മിൽമ പാലിന് വിലക്കുറവില്ലെങ്കിലും നടപ്പിലാക്കാനിരുന്ന വില വർധന പിൻവലിക്കുമെന്ന ആശ്വാസത്തിലാണ് സാധാരണക്കാർ.
Also Read : നാളെ മുതൽ പഴംപൊരിക്ക് വില കുറയും; GST പരിഷ്‌ക്കരണം വടയ്ക്കും കൊഴുക്കട്ടക്കും പോലും ബാധകം
കൂടാതെ നെയ്യ്, വെണ്ണ, പനീർ, ഐസ്ക്രീം തുടങ്ങിയ മിൽമയുടെ 100-ലധികം മൂല്യവർധിത പാലുൽപ്പന്നങ്ങളുടെ വില കുറയും. 1 ലിറ്റർ മിൽമ നെയ്യിന് വിലയിൽ ₹45 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. 1 ലിറ്റർ വാനില ഐസ്ക്രീമിന് ₹24 രൂപയുടെ കുറവുണ്ട്. നെസ്‌ലെയുടെ മാഗി നൂഡിൽസ് 500ഗ്രാം പാക്കിന്റെ ക്വാണ്ടിറ്റി 600 ആക്കി ഉയർത്തുകയും വില 120ൽ നിന്നും 116 കുറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ഹെയർ ഓയിൽ, സോപ്പ്, ഫേസ് പൗഡറുകൾ, ഷാംപൂ എന്നിങ്ങനെ മിക്ക നിത്യോപയോഗ സാധനങ്ങളുടെ വിലയിലും കുറവ് വന്നിട്ടുണ്ട്. 100 ഗ്രാമിന്റെ ലക്സ് സോപ്പിന് വില 35രൂപയിൽ നിന്ന് ₹30 ആയി കുറഞ്ഞു. കുടുംബ ബഡ്ജറ്റിൽ ജിഎസ്ടി പരിഷ്കരണം ആശ്വാസകരമായ മാറ്റമാണ് കൊണ്ട് വന്നിരിക്കുന്നത്. ആകെ 413 ഉത്‌പന്നങ്ങളുടെ വിലകുറയും. ജിഎസ്ടി പരിഷ്കരണം ഒരു മാസത്തെ കുടുംബ ബഡ്ജറ്റിൽ 1000 രൂപക്കടുത്ത്‍ ലാഭമുണ്ടാക്കി തരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here