ഗുജറാത്തിൽ BLO ജീവനൊടുക്കി; എസ്ഐആർ ജോലിഭാരം മരണകാരണമായി

ഗുജറാത്തിൽ ബൂത്ത് ലെവൽ ഓഫീസർ (BLO) ജീവനൊടുക്കി. എസ്ഐആർ മൂലമുണ്ടായ മാനസിക സമ്മർദ്ദമാണ് കടുംകൈ ചെയ്യാൻ കാരണമെന്ന് കുടുംബം പറയുന്നു. കോഡിനാർ താലൂക്കിലെ ദേവ്ലി ഗ്രാമത്തിൽ താമസിക്കുന്ന അരവിന്ദ് വധേർ എന്ന അധ്യാപകനാണ് മരിച്ചത്.

സ്വന്തം വീട്ടിലാണ് ഇന്ന് ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഡിനാറിലെ ചര ഗ്രാമത്തിലെ സർക്കാർ പ്രൈമറി സ്കൂളിലെ അധ്യാപകനായിരുന്നു അരവിന്ദ്. വോട്ടർ പട്ടികയുടെ എസ്ഐആർ ജോലിക്കായിട്ടാണ് ഇദ്ദേഹത്തെ BLO ആയി നിയോഗിച്ചിരുന്നത്.

ഭാര്യക്ക് എഴുതിയ കുറിപ്പിൽ, എസ്ഐആർ ഡ്യൂട്ടി കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്ന് വധേർ വ്യക്തമാക്കി. “എനിക്ക് ഈ SIR ജോലി ഇനി ചെയ്യാൻ കഴിയില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എനിക്ക് വല്ലാതെ ക്ഷീണവും മാനസിക സമ്മർദ്ദവും അനുഭവപ്പെടുന്നു. ദയവായി നമ്മുടെ മകനെ നന്നായി നോക്കണം… എനിക്ക് ഈ വഴിയല്ലാതെ മറ്റ് മാർഗ്ഗമില്ല.” എന്നാണ് അരവിന്ദ് ആത്മഹത്യാകുറിപ്പിൽ എഴുതിയത്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ, അരവിന്ദ് ജില്ലയിലെ മികച്ച പ്രകടനം കാഴ്ചവെച്ച BLO മാരിൽ ഒരാളായിരുന്നു എന്നും, 40% ജോലി പൂർത്തിയാക്കിയിരുന്നെന്നും ഗിർ സോംനാഥ് കളക്ടറും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുമായ എൻവി ഉപാധ്യായ് പറഞ്ഞു. ഇദ്ദേഹത്തിന്റെ മരണം ഞെട്ടിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു.

ഈ സംഭവത്തിന് പിന്നാലെ, ഗുജറാത്ത് രാജ്യ പ്രഥമിക് ശിക്ഷക് സംഘ് എന്ന അധ്യാപക സംഘടനയുടെ പ്രതിനിധികൾ ഗാന്ധിനഗറിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. BLO ആയി പ്രവർത്തിക്കുന്ന അധ്യാപകർ നേരിടുന്ന ബുദ്ധിമുട്ടുകൾ അവർ ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. അതേസമയം, വോട്ടർ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട അമിത ജോലി ഭാരം കാരണം ഖേഡാ ജില്ലയിലെ മറ്റൊരു BLO അധ്യാപകൻ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top