കൊമ്പൻ ഗോകുൽ ചരിഞ്ഞത് മർദ്ദനത്തെ തുടർന്ന്; പാപ്പാന്മാർക്ക് സസ്പെൻഷൻ

കഴിഞ്ഞ ദിവസമാണ് ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ ഗോകുൽ ചരിഞ്ഞ വാർത്ത പുറത്തുവന്നത്. ചികിത്സയിലിരിക്കെ ശ്വാസ തടസ്സത്തെ തുടർന്ന് ചരിഞ്ഞെന്നായിരുന്നു വിവരം. എന്നാൽ പാപ്പാന്മാരുടെ ക്രൂരമർദ്ദനമാണ് മരണകാരണം എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. സംഭവത്തിൽ ആനയുടെ രണ്ടും മൂന്നും പാപ്പാന്മാരെ സസ്പെൻഡ് ചെയ്തു.
കഴിഞ്ഞമാസം ഒൻപതാം തീയതിയാണ് ആനയ്ക്ക് ക്രൂര മർദ്ദനമേറ്റത്. പാപ്പാന്മാർ രാത്രി ആനയെ മർദ്ദിക്കുന്നത് ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടിരുന്നു. തുടർന്ന് വിവരം ആനക്കോട്ടയിലെ മേൽ ഉദ്യോഗസ്ഥരെ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ടാം പാപ്പാനായ ജി ഗോകുൽ മൂന്നാം പാപ്പാനായ കെഎ സത്യൻ എന്നിവരെ ദേവസ്വം ഭരണസമിതി സസ്പെൻഡ് ചെയ്തത്.
1994ൽ എറണാകുളം ചുള്ളിക്കൽ അറക്കൽ ഹൗസിൽ എസ് രഘുനാഥൻ നടക്കിരുത്തിയതാണ് ഗോകുലിനെ. ആനയോട്ട വീരനായ 35 വയസ്സുള്ള കൊമ്പന് ഉത്സവപ്പറമ്പുകളിൽ ഏറെ ആരാധകരുണ്ടായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ കൊയിലാണ്ടിയിൽ വച്ച് ഉത്സവത്തിനിടെ പീതാംബരൻ എന്ന ആനയിൽ നിന്ന് ഗോകുലിന് കുത്തേറ്റിരുന്നു. അതിനുശേഷം ചികിത്സയിലായിരുന്നു. വളരെ ക്ഷീണിതനാണ് എപ്പോഴും കാണപ്പെട്ടത്. എന്നാലും ചികിത്സയ്ക്ക് പിന്നാലെ തൃശൂർ പൂരത്തിന് ഗോകുലിനെ പങ്കെടുപ്പിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here