ഗുരുവായൂരപ്പന് വിലകൂടിയ സ്കൂട്ടറുകളും ടാങ്കർ ലോറിയും സമർപ്പിച്ച് ഭക്തർ… വഴിപാടായി നിരോധിച്ച നോട്ടുകളും!!

ഗുരുവായൂരപ്പനെ കാണാൻ വർഷത്തിൽ ഒരിക്കലെങ്കിലും പോകാത്ത ഭക്തർ ഉണ്ടാകില്ല. അങ്ങനെ പോകുമ്പോൾ ഭഗവാന് നൽകാൻ എന്തെങ്കിലും കയ്യിൽ കരുതുന്നത് പതിവാണ്. വെണ്ണ, നെയ്യ്, കദളിപ്പഴം തുടങ്ങി സ്വർണവും വെള്ളിയും വരെ ഭഗവാന് സമർപ്പിക്കുന്നവരുമുണ്ട്. പക്ഷെ അതിനെല്ലാം അപ്പുറം ഇപ്പോൾ ഭഗവാന് ലഭിക്കുന്നത് വാഹനങ്ങളാണ്. വിലകൂടിയ സ്കൂട്ടർ മുതൽ ടാങ്കർ ലോറികൾ വരെ ഇപ്പോൾ ഗുരുവായൂരപ്പന് സ്വന്തമാണ്.
വാഹന നിർമാതാക്കളായ ടിവിഎസ് പുതിയ വാഹനങ്ങളുടെ ലോഞ്ചിങ് നടത്തുമ്പോഴെല്ലാം ആദ്യ വണ്ടി നൽകുന്നത് ക്ഷേത്രത്തിനാണ്. കുറെ വർഷങ്ങളായി ഈ പതിവ് തുടരുകയാണ്. അഞ്ച് ടിവിഎസ് ഐക്യുബ് ഇ-സ്കൂട്ടറുകൾ ആണ് കമ്പനി വഴിപാടായി സമർപ്പിച്ചത്. 1.2 ലക്ഷം വില വരുന്നതാണ് ഓരോന്നും. മാത്രമല്ല ഇക്കഴിഞ്ഞ ജൂലൈയിൽ ഒരു ടാങ്കർ ലോറിയും ക്ഷേത്രത്തിനു ലഭിച്ചു. അങ്കമാലിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്റർ ആണ് ടാങ്കർ സമർപ്പിച്ചത്.
Also Read : ഗുരുവായൂരപ്പന്‍ അതി സമ്പന്നന്‍; ദേവസ്വത്തില്‍ 2084.76 കിലോ സ്വര്‍ണം; 2053 കോടി സ്ഥിരനിക്ഷേപം
ഇങ്ങനെ വാഹനങ്ങളുടെ നീണ്ട നിരയാണ് ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഈ വാഹങ്ങൾ എല്ലാം ലേലം ചെയ്യുകയാണ് പതിവ്. ഇങ്ങനെ ലേലം നടത്തിയ ഒരു വാഹനമായിരുന്നു മഹീന്ദ്ര ഥാർ. ഈ വാഹനത്തെ ചൊല്ലി വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. അന്ന് മാർക്കറ്റ് വിലയേക്കാൾ വളരെ കുറഞ്ഞ വിലക്കാണ് വാഹനം ലേലം നടത്തിയത്. വിവാദമായതോടെ 15.10 ലക്ഷത്തിനു ലേലം ചെയ്ത വാഹനം പിന്നീട് 43 ലക്ഷത്തിനു വിൽക്കുകയായിരുന്നു.
ഗുരുവായൂരപ്പനോടുള്ള അകമഴിഞ്ഞ ഭക്തിയുടെ പ്രതീകമായാണ് ഓരോ ഭക്തരും വഴിപാടുകൾ നടത്തുന്നത്. പഴങ്ങൾ, പച്ചക്കറികൾ, അരിച്ചാക്കുകൾ തുടങ്ങിയ വസ്തുക്കളാണ് ക്ഷേത്രത്തിൽ എത്തുന്നത്. ഇതിൽ അരി നിവേദ്യത്തിനു ഉപയോഗിക്കുന്നു. പേന, പെൻസിൽ തുടങ്ങി ചൂൽ വരെ വഴിപാടായി നൽകുന്നവരുണ്ട്. ഒന്നരകിലോ സ്വർണവും 3 കിലോ വെള്ളിയും ഭണ്ഡാരം വഴി ഓരോ മാസവും ലഭിക്കുന്നുണ്ട്.
വഴിപാടായി കിട്ടുന്നതിൽ ഒരുവലിയ പങ്ക് കറൻസി നോട്ടുകളാണ്. ഇവയിൽ നിരോധിച്ച നോട്ടുകൾ വരുന്നതാണ് ക്ഷേത്രം ജീവനക്കാർക്ക് തലവേദനയാകുന്നത്. പഴയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് കൂടുതലും ലഭിക്കുന്നത്. ഇത് എങ്ങനെയും മാറ്റി വാങ്ങാനുള്ള ശ്രമത്തിലാണ് ദേവസ്വം. രാഷ്ട്രീയ നേതാക്കൾ മുതൽ സെലിബ്രിറ്റികൾ വരെ എല്ലാ മേഖലയിൽ ഉള്ളവരും ഇത്തരം വഴിപാടുകൾ ക്ഷേത്രത്തിനു സമർപ്പിക്കുന്നുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here