ശ്രീശാന്തിനെ ഹർഭജൻ അടിക്കുന്ന വീഡിയോയുമായി ലളിത് മോദി; പുറത്തുവിട്ടത് 18 വർഷങ്ങൾക്ക് ശേഷം

2008ലെ ഐപിഎൽ മത്സരത്തിനിടെ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലിയത് വളരെ വിവാദമായിരുന്നു. ഇപ്പോൾ അതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഐപിഎൽ ചെയർമാൻ ലളിത് മോദി. മുംബൈ ഇന്ത്യൻസ് താരമായ ഹർഭജൻ സിംഗാണ് കിംഗ്സ് ഇലവൻ പഞ്ചാബിൽ കളിച്ചിരുന്ന മലയാളി താരമായ ശ്രീശാന്തിനെ മത്സരത്തിനിടെ തല്ലിയത്. മത്സരത്തിനുശേഷം എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. കാരണം ഇതിന്റെ വീഡിയോ പുറത്ത് വന്നിരുന്നില്ല. ഈ വിഡിയോയാണ് ഇപ്പോൾ 18 വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡിയയിൽ എത്തിയത്.

ഐപിഎൽ സ്ഥാപകനും ചെയർമാനുമായ ലളിത് മോദി ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. ഓസ്ട്രേലിയൻ മുൻ താരം മൈക്കൽ ക്ലാർക്കിനു നൽകിയ അഭിമുഖത്തിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. വീഡിയോയിൽ ഹർഭജൻ സിംഗ് ശ്രീശാന്തിനെ അടിക്കുന്നത് വ്യക്തമായി കാണാം. കൈയുടെ പുറകു വശം കൊണ്ടാണ് ഹർഭജൻ ശ്രീശാന്തിനെ അടിച്ചത്. നിലവിൽ ഇതുവരെ ഈ ദൃശ്യങ്ങൾ ആരും കാണിച്ചിട്ടില്ല എന്ന് അവകാശവാദവുമായാണ് ലളിത് മോദി ഇത് പോസ്റ്റ് ചെയ്തത്.

ഐപിഎൽ മത്സരം കഴിഞ്ഞ ഉടൻതന്നെ എല്ലാവരും ക്യാമറകൾ ഓഫ് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ആർക്കും ഈ ദൃശ്യങ്ങൾ കിട്ടിയിരുന്നില്ല. എന്നാൽ ഒരു സുരക്ഷാ ക്യാമറ ഓൺ ആയിരുന്നു. അതിൽ നിന്നും കിട്ടിയ ദൃശ്യങ്ങളാണ് ഇതെന്നാണ് ലളിത് മോദി പറഞ്ഞത്. ശ്രീശാന്തിനെ അടിച്ചതിന് പിന്നാലെ തന്നെ പൊതുവേദികളിലടക്കം ഹർഭജൻ പലതവണ മാപ്പ് പറഞ്ഞിരുന്നു. അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തിലും ഹർഭജൻ ഇത് വ്യക്തമാക്കിയിരുന്നു.

തന്റെ ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ തെറ്റാണ്. അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു, 200ൽ അധികം തവണ മാപ്പ് പറഞ്ഞു. ഏറ്റവും അധികം വേദനിച്ചത് ശ്രീശാന്തിന്റെ മകളെ കണ്ടപ്പോഴാണ്. അന്ന് അച്ഛനെ അടിച്ച ആളോട് സംസാരിക്കാൻ താല്പര്യമില്ലെന്നാണ് ആ കുട്ടി പറഞ്ഞത്. അത് കേട്ട് താൻ കരഞ്ഞെന്നും ഹർഭജൻ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുള്ള വിവാദം അവസാനിച്ചിരിക്കെയാണ് ഇപ്പോൾ ലളിത് മോദി ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top