ഹവാല പണം സ്വന്തം കീശയിലാക്കി പൊലീസുകാർ; വനിതാ ഉദ്യോഗസ്ഥ ഉൾപ്പടെ പിടിയിൽ

മധ്യപ്രദേശിലെ സിയോണിയിലാണ് ഹവാല പണം പിടിച്ചെടുക്കാനുള്ള രഹസ്യ ഓപ്പറേഷൻ നടന്നത്. അത് സംസ്ഥാനത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പൊലീസ് അഴിമതികളിൽ ഒന്നായി മാരുകയും ചെയ്തു. സംഭവത്തിൽ മുതിർന്ന വനിതാ ഉദ്യോഗസ്ഥ ഉൾപ്പെടെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു.

ഈ മാസമാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസറായ പൂജ പാണ്ഡെ, ടൗൺ ഇൻസ്‌പെക്ടർ അർപിത് ഭൈറാം, എന്നിവരടങ്ങിയ സംഘം സിയോണിയിലെ സിലാദെഹി ഗ്രാമത്തിന് സമീപം പരിശോധന നടത്തിയത്. 3 കോടി രൂപയുടെ ഹവാല പണം കൊണ്ടുപോകുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ക്രെറ്റ കാർ തടഞ്ഞുനിർത്തി ഡ്രൈവർ സീറ്റിനടിയിലെ രഹസ്യ അറകളിൽ ഒളിപ്പിച്ചിരുന്ന പണമാണ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.

എന്നാൽ നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ പൊലീസ് സംഘം പണം സ്വന്തം വാഹനങ്ങളിലേക്ക് മാറ്റി. പിന്നീട് കാറിലുണ്ടായിരുന്ന ആളുകളെ വിട്ടയച്ചു. ഉന്നത ഉദ്യോഗസ്ഥരെ പോലും അറിയിക്കാതെ സ്റ്റേഷനിൽ തിരിച്ചെത്തി എന്നാണ് റിപ്പോർട്ട്. ഔദ്യോഗിക റിപ്പോർട്ടിൽ 1.45 കോടി രൂപ മാത്രമാണ് ഇവർ രേഖപ്പെടുത്തിയത്.

പിറ്റേദിവസം ഹവാല ഇടപാടുകാരൻ സോഹൻ പർമാർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി. ഉദ്യോഗസ്ഥർ തന്റെ 3 കോടി രൂപ കൊള്ളയടിച്ചു എന്ന് ആരോപിച്ചു ബഹളം ഉണ്ടാക്കി. തുടർന്ന് പൂജ പാണ്ഡെ പർമാറിനെ തന്റെ ഓഫീസിലേക്ക് വിളിച്ച് രഹസ്യമായി സംസാരിച്ചു. പകുതി തുക തിരികെ നൽകാമെന്നും ബാക്കി പകുതി റെക്കോർഡായി സൂക്ഷിക്കുമെന്നും പറഞ്ഞു. ഇത് സമ്മതിച്ച പർമാർ തുക വാങ്ങി. എന്നാൽ കിട്ടിയ തുകയിൽ 25.6 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തി. തുടർന്നാണ് വീണ്ടും ബഹളം ഉണ്ടായത്.

സംഭവം പുറത്തറിഞ്ഞതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. ആദ്യം ഒമ്പത് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു, അടുത്ത ദിവസം പൂജ പാണ്ഡെയെയും സസ്‌പെൻഡ് ചെയ്തു. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ബാക്കി പണം കണ്ടെത്തിയത്. നിയമം സംരക്ഷിക്കേണ്ടവർ തന്നെ നിയമം ലംഘിച്ചതിൽ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top