ബലാത്സംഗ ചിന്തകൾ വേണ്ട!! പ്രജ്വൽ രേവണ്ണ ഇനി ജയിലിൽ ലൈബ്രറി ക്ലാർക്ക്

ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ഹാസൻ മുൻ എംപിയും ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏക പ്രധാനമന്ത്രിയായ ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലാർക്കായി ജോലി അനുവദിച്ചു. സഹതടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, വായിക്കാൻ എടുത്ത പുസ്തകങ്ങളുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് പ്രധാന ചുമതലകൾ.
Also Read : പ്രജ്വൽ രേവണ്ണയെ കുടുക്കിയ സാരിയും ബീജവും; കൂട്ട പീഡനങ്ങളിൽ ഒന്നിൽ കുടുങ്ങിയതിങ്ങനെ
ഓരോ ദിവസത്തെ ജോലിക്കും 522 രൂപ ശമ്പളം ലഭിക്കും. ജയിൽ നിയമങ്ങൾ അനുസരിച്ച്, ജീവപര്യന്തം തടവുകാർ ഏതെങ്കിലും തരത്തിലുള്ള ജോലി ചെയ്യേണ്ടതുണ്ട്. ഇത് ജയിൽ അധികൃതരാണ് തീരുമാനിച്ച് നൽകുക. ഭരണപരമായ ജോലികൾ കൈകാര്യം ചെയ്യാൻ പ്രജ്വൽ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ജയിൽ ലൈബ്രറിയിലാണ് ജോലി കിട്ടിയത്. രാഷ്ട്രീയമായ പരിഗണനകൾ കാരണം കഠിനമായ ജോലികൾ ഒഴിവാക്കിയതാണെന്നും കരുതാം.
2021ലാണ് എംപി ആയിരുന്ന പ്രജ്വൽ രേവണ്ണ ജോലിക്കാരിയെ പീഡിപ്പിച്ചത്. വീട്ടിലും ഫാം ഹൗസിലും വച്ച് രണ്ടുതവണയാണ് ജോലിക്കാരി പീഡനത്തിന് ഇരയായത്. രണ്ട് വർഷങ്ങൾ കഴിഞ്ഞപ്പോഴാണ് ബലാത്സംഗ ദൃശ്യങ്ങൾ പുറത്തുവന്നത്. 2024ൽ പ്രജ്വലിനും പിതാവിനും എതിരെ ജോലിക്കാരി പീഡനപരാതിയും കൊടുത്തു. ഇതിൽ അന്വേഷണം ഏറ്റെടുത്ത പ്രത്യേക സംഘമാണ് തെളിവുകൾ കണ്ടെത്തി അഴിക്കുള്ളിലാക്കിയത്.
ജോലിക്കാരിയുടെ മാത്രമല്ല പ്രജ്വൽ നടത്തിയ മറ്റ് ഒട്ടേറെ പീഡനങ്ങളുടെയും ദൃശ്യങ്ങൾ പകർത്തി പെൻ ഡ്രൈവുകളിൽ സൂക്ഷിക്കുകയും ചെയ്‌തിരുന്നു. ഈ ദൃശ്യങ്ങൾ ചോർന്നതാണ് വിനയായത്. ഇവ വ്യാപകമായി പ്രചരിച്ചതോടെ അതിൽ ഇരകളിലൊരാളായ 47 വയസുകാരി ആത്മഹത്യക്ക് ശ്രമിച്ചു. പിന്നീടാണ് ബലാത്സംഗ കേസുകളിൽ ഒന്നിൽ വിചാരണ പൂർത്തിയാക്കി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here