കെട്ടിടമിടിഞ്ഞ് ആള് മരിച്ചിട്ടും മന്ത്രിയുടെ വീമ്പ്!! ആശുപത്രി സുരക്ഷാ പദ്ധതി, സേഫ്റ്റി ഓഡിറ്റ്… അവകാശവാദങ്ങള്‍ ഏറെ

കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം വീണ് ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ ആശുപത്രികളിലെ സുരക്ഷക്കായി മികച്ച സംവിധാനം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്ന അവകാശവാദവുമായി ആരോഗ്യമന്ത്രി. ആരോഗ്യ വകുപ്പില്‍ ചരിത്രത്തിലാദ്യമായി ആശുപത്രികളില്‍ സേഫ്റ്റി ഓഡിറ്റും ഫയര്‍ ഓഡിറ്റും നടത്തി. പോലീസും, ഫയര്‍ഫോഴ്സുമായി ചേര്‍ന്ന് സേഫ്റ്റി ഓഡിറ്റും മോക് ഡ്രില്ലും സംഘടിപ്പിച്ചു. ആശുപത്രി സുരക്ഷയ്ക്കായി പ്രത്യേക ഗൈഡ് ലൈനും പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യമായി കോഡ് ഗ്രേ പ്രോട്ടോകോള്‍ (Code Grey Protocol) നടപ്പിലാക്കി തുടങ്ങിയ അവകാശവാദങ്ങളാണ് മന്ത്രി ഇപ്പോഴും നടത്തുന്നത്.
കോട്ടയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ 1280-ഓളം പൊതുമേഖലാ ആരോഗ്യ സംവിധാനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്താനും അപകടങ്ങള്‍ തടയാനും ദുരന്ത ആഘാതം ഒഴിവാക്കാനുമായി ആശുപത്രി സുരക്ഷാ പദ്ധതി (Hospital Safety Plan) തയ്യാറാക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേത്യത്വത്തില്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി നടത്തിയ ശില്പശാലകളില്‍ നിന്നായി ആശുപത്രി സുരക്ഷക്ക് ആവശ്യമായ രൂപരേഖയും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് മാസത്തോടുകൂടി എല്ലാ പൊതു ആരോഗ്യ സ്ഥാപനങ്ങളിലും ഈ പദ്ധതി നടപ്പാക്കും എന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ദുരന്ത സ്ഥലങ്ങളില്‍ അടിയന്തരമായ ഇടപെടല്‍ ഉറപ്പാക്കാനാണ് ശ്രമം. വലിയ ദുരന്ത ആഘാത സാധ്യതയുള്ള പ്രശ്‌നങ്ങളെ തടയുവാന്‍ സംസ്ഥാന ദുരന്ത ലഘൂകരണ ഫണ്ടില്‍ നിന്നും ധനസഹായം ലഭ്യമാക്കാനുള്ള വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം ചെയ്യാനും ചര്‍ച്ച ചെയ്യാൻ ഒരു ജീവന്‍ നഷ്ടപ്പെട്ട ദുരന്തമുണ്ടാകേണ്ടി വന്നു എന്നതാണ് ദാരുണ സത്യം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here