പിണങ്ങി ബെഞ്ച് വിട്ടുപോയി ജഡ്ജി; ഗുജറാത്ത് ഹൈക്കോടതിയില്‍ അപൂർവരംഗം

അഹമ്മദാബാദ്: സഹ ജഡ്ജിയോട് പിണങ്ങി, മുതിർന്ന ജഡ്ജി ബെഞ്ച് വിട്ട് ചേമ്പറിലേക്ക് മടങ്ങി. ഗുജറാത്ത് ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങൾ. നികുതി സംബന്ധമായ കേസുകളിലൊന്ന് കേൾക്കുകയായിരുന്ന ജസ്റ്റിസ് ബീരൻ വൈഷ്ണവ് ആണ് ഒപ്പം ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് മൗന ഭട്ടിനോടുള്ള അസ്വാരസ്യം പരസ്യമായി പ്രകടിപ്പിച്ചത്. ഹൈക്കോടതി നടപടികളുടെ തൽസമയ വെബ്കാസ്റ്റിങ് ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ പുറത്താകുകയും രാജ്യമെങ്ങും ചർച്ചയാകുകയും ചെയ്തു.
കേസിൽ ഉത്തരവ് ഡിക്റ്റേറ്റ് ചെയ്യാൻ ജസ്റ്റിസ് ബീരൻ വൈഷ്ണവ് ഒരുങ്ങുമ്പോൾ അതിൽ വിയോജിപ്പ് പ്രകടിപ്പിക്കുകയാണ് മൗന ഭട്ട് ചെയ്തതെന്ന് വ്യക്തം. പുറത്തുവന്ന വീഡിയോയുടെ ഉള്ളടക്കം ഇങ്ങനെ:
ജസ്റ്റിസ് ബീരൻ വൈഷ്ണവ്: എങ്കിൽ നിങ്ങൾ വിയോജിക്കൂ
ജസ്റ്റിസ് മൗന ഭട്ട് വിശദീകരിക്കാൻ ശ്രമിക്കുന്നു
ജസ്റ്റിസ് ബീരൻ വൈഷ്ണവ്(വീണ്ടും): നിങ്ങൾ ഒന്നിൽ വിയോജിപ്പ് പ്രകടിപ്പിച്ചു, ഇപ്പോൾ മറ്റൊന്നിൽ…
ജസ്റ്റിസ് മൗന ഭട്ട് (വീണ്ടും വിശദീകരിക്കാൻ ശ്രമിക്കുന്നു): ഇത് വിയോജിപ്പിൻ്റെ പ്രശ്നമല്ല
ജസ്റ്റിസ് ബീരൻ വൈഷ്ണവ് (രൂക്ഷമായി): എങ്കിൽ പിറുപിറുക്കരുത്
ജസ്റ്റിസ് മൗന ഭട്ട് (വീണ്ടും വിശദീകരിക്കാൻ ശ്രമിക്കുന്നു): …. ഇതൊരു വിയോജിപ്പിൻ്റെ പ്രശ്നമല്ല എന്നാണ് ഞാൻ പറയുന്നത്
ജസ്റ്റിസ് ബീരൻ വൈഷ്ണവ് (കൂടുതൽ രൂക്ഷമായി): എങ്കിൽ നിങ്ങൾ പ്രത്യേക ഉത്തരവ് ഇറക്കൂ. വേറൊരു വിഷയവും ഇനി പരിഗണിക്കുന്നില്ല.
ഇത്രയും പറഞ്ഞ് ജസ്റ്റിസ് ബീരൻ വൈഷ്ണവ് എഴുന്നേറ്റ് സ്വന്തം ചേമ്പറിലേക്ക് മടങ്ങുന്നു.
തയ്യാറാക്കാനൊരുങ്ങുന്ന ഉത്തരവിൽ വിയോജിപ്പ് ഉണ്ടെങ്കിൽ അത് പ്രത്യേകമായി തന്നെ ഉത്തരവിൽ രേഖപ്പെടുത്താം എന്നാണ് ജസ്റ്റിസ് ബീരൻ വൈഷ്ണവ് ഉദ്ദേശിച്ചത് എന്നാണ് സൂചന. അതിന് തയ്യാറാകാതെ സഹജഡ്ജി വീണ്ടും വിഷയം ഉന്നയിക്കാൻ ശ്രമിച്ചപ്പോൾ ആണ്, വേറെ ഉത്തരവായി തന്നെ ഇറക്കാൻ ജസ്റ്റിസ് ബീരൻ വൈഷ്ണവ് നിർദേശിക്കുന്നത്. സാഹചര്യം ഇതാണെങ്കിലും പെരുമാറ്റം പരിധിവിട്ടു എന്ന് തന്നെയാണ് പൊതു അഭിപ്രായം.
ഉച്ചയ്ക്കു ശേഷം കോടതി വീണ്ടും ചേർന്ന് ഇരുവരും കേസുകൾ കേട്ടു എന്നാണ് റിപ്പോർട്ടുകൾ. ജഡ്ജിമാർ അഭിപ്രായവ്യത്യാസം ഉണ്ടാകുന്നതും പ്രത്യേക ഉത്തരവുകൾ പുറപ്പെടുവിക്കുന്നതും സ്വാഭാവികമാണെങ്കിലും ഈ വിധത്തിൽ ഭിന്നത പരസ്യമായി പ്രകടിപ്പിക്കുന്നത് അപൂർവമാണ് എന്നാണ് മുതിർന്ന അഭിഭാഷകർ അടക്കം നിയമരംഗത്തുള്ളവരുടെ അഭിപ്രായം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here