കോൺക്രീറ്റിൽ താഴ്ന്ന രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ തള്ളിക്കയറ്റി പോലീസ്!! സുരക്ഷാ വീഴ്ചയിൽ കേരളം മറുപടി പറയേണ്ടി വരും

രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച. തിരുവനന്തപുരത്ത് നിന്നും പത്തനംതിട്ടയിലേക്ക് രാഷ്ട്പതി എത്തിയ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ താഴ്ന്നു. കോന്നി പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഹെലികോപ്ടര്‍ ഇറങ്ങിയത്. അവിടെ നിന്നും റോഡ് മാര്‍ഗം പമ്പയിലേക്ക് പോകാനായിരുന്നു പദ്ധതി.
കാലാവസ്ഥാപ്രശ്നം മൂലമാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്നത് നിലയ്ക്കലില്‍ നിന്നും പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്. എന്നാല്‍ ഇതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോള്‍ ഹെലികോപ്റ്റര്‍ കോണ്‍ക്രീറ്റില്‍ കുടുങ്ങി. പോലീസും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.
ഇന്ന് രാവിലെയാണ് ഹെലികോപ്റ്റര്‍ ഇറങ്ങുന്ന സ്ഥലം കോണ്‍ക്രീറ്റ് ചെയ്തത്. ഇതാണ് ഹെലികോപ്റ്റര്‍ കുടുങ്ങാന്‍ കാരണം. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്ലാന്‍ ബി ഒരുക്കുന്നതിലെ വീഴ്ചയാണ് ഇവിടെ വ്യക്തമായത്. നിലയ്ക്കലില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യും എന്ന് അവസാന നിമിഷമാണ് ആലോചന വന്നത്. അതിന്റെ ഭാഗമായിട്ടാണ് അവസാന നിമിഷമുളള കോണ്‍ക്രീറ്റ് ഇടല്‍. സുരക്ഷാ വീഴ്ചയില്‍ കേരളം മറുപടി പറയേണ്ടിവരും എന്ന് ഉറപ്പാണ്.
പ്രമാടത്ത് ഇറങ്ങിയ രാഷ്ട്രപതി പമ്പയില്‍ റോഡ് മാര്‍ഗം എത്തിയിട്ടുണ്ട്. പമ്പ ഗണപതി ക്ഷേത്രത്തില്‍ നിന്നാകും രാഷ്ട്രപതി കെട്ട് നിറയ്ക്കുക. സന്നിധാനത്തേക്ക് പ്രത്യേക വാഹനത്തിലാണ് രാഷ്ട്രപതിയുടെ യാത്ര. തുടര്‍ന്ന് ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കും. തുടര്‍ന്ന് സന്നിധാനത്ത് എത്തുന്ന രാഷ്ട്രപതിയെ കൊടിമരച്ചുവട്ടില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂര്‍ണകുംഭം നല്‍കി സ്വീകരിക്കും. ഉച്ചയ്ക്ക് 12.20 ന് ദര്‍ശനത്തിനുശേഷം സന്നിധാനത്തെ ഗസ്റ്റ് ഹൗസില്‍ വിശ്രമിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here