സ്കൂളുകളിൽ ‘ഹെൽപ്പ് ബോക്സ്’ വരുന്നു; കുട്ടികൾക്ക് ഇനി ധൈര്യമായി പരാതികൾ അറിയിക്കാം

ദിനംപ്രതി കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരികയാണ്. സ്വന്തം വീട്ടിൽ പോലും കുട്ടികൾ സുരക്ഷിതരല്ല എന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. പല കുട്ടികളും ഇത് പുറത്ത് പറയാൻ ഭയക്കുകയാണ്. അതിന് പരിഹാരം എന്ന നിലയിലാണ് വിദ്യാഭ്യാസ വകുപ്പ് പുതിയൊരു കർമ്മ പദ്ധതിക്ക് രൂപം കൊടുക്കുന്നത്. എല്ലാ സ്കൂളുകളിലും ‘ഹെൽപ്പ് ബോക്സ്’ സ്ഥാപിക്കുമെന്നാണ് മന്ത്രി വി ശിവൻകുട്ടി ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
സ്കൂളുകളുടെയും വിദ്യാർത്ഥി സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഇത്തരത്തിലുള്ള കുട്ടികളുടെ കണക്കെടുപ്പ് നടത്തും. ‘ഹെൽപ്പ് ബോക്സ്’ വഴി എല്ലാ വിദ്യാർത്ഥികൾക്കും ധൈര്യമായി പരാതികൾ അറിയിക്കാം. സ്കൂൾ പ്രിൻസിപ്പലിനായിരിക്കും ഇതിന്റെ ചുമതല. ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്സുകൾ തുറന്നു പരാതികൾ വിലയിരുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറണം. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉടൻ തന്നെ പുറത്തിറക്കുമെന്നും മന്ത്രി അറിയിച്ചു.
ആലപ്പുഴയിൽ നാലാം ക്ലാസുകാരിയെ അച്ഛനും രണ്ടാനമ്മയും ചേർന്നു ക്രൂരമായി പീഡിപ്പിച്ച വിവരം പുറത്തു വന്നതുമായ് ബന്ധപ്പെട്ടാണ് പുതിയ നിർദ്ദേശം. കുട്ടിയുടെ കുറിപ്പ് വായിച്ചപ്പോൾ വളരെയധികം ദുഃഖം തോന്നി. ഇതിനു കാരണക്കാരായവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും. കുട്ടിയെ നേരിൽ കണ്ട് ആവശ്യമായ സുരക്ഷ ഉറപ്പാക്കും എന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here