ട്രാഫിക് ഐജി ഹാജരാകണം!! ആളുകൾക്ക് ജീവനോടെ വഴിനടക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

സീബ്രാ ക്രോസിങ്ങുകളിൽ തന്നെ മനുഷ്യർ വണ്ടിയിടിച്ച് മരിക്കുന്ന പരിതാപകരമായ അവസ്ഥയാണ് കേരളത്തിലെന്ന് ഹൈക്കോടതി. കാൽനടക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ട്രാഫിക് ഐജിയും ട്രാൻസ്പോർട്ട് കമ്മിഷണറും പൊതുമരാമത്ത് സെക്രട്ടറിയും മുൻപ് നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെടാത്ത അവസ്ഥയാണെന്നും അതുകൊണ്ട് ഇവർ മൂന്നുപേരും ഹാജരായി വിശദീകരണം നൽകാനുമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.

സീബ്രാ ക്രോസിങ്ങിൽ അപകടത്തിൽ പെട്ട് ആളുകൾ മരിച്ച സംഭവം കഴിഞ്ഞദിവസം കോഴിക്കോട്ട് ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ കർശന ഇടപെടൽ. പ്രധാന റോഡുകളിൽ പോലും പലയിടത്തും സീബ്ര വരകളില്ല. ഉള്ളതിൽ പലതും അശാസ്ത്രീയവുമാണ്. അതുകൊണ്ട് തന്നെ ഇവിടങ്ങളിലെല്ലാം അപകടസാധ്യത കൂടുകയുമാണ്.

മിക്കപ്പോഴും ഡ്രൈവർമാർ സീബ്ര ക്രോസിങ്ങുകൾ പരിഗണിക്കാറേയില്ല. വാഹനങ്ങൾ കടന്നു പോകേണ്ട സമയത്ത് ജംഗ്ഷനുകളിൽ ആളുകൾ റോഡ് മുറിച്ചു കടക്കുന്നതും പതിവാണ്. ആ സമയത്ത് അവരെ തടയാനുള്ള സിഗ്നൽ ലൈറ്റുകളും റോഡുകളിൽ ഇല്ല. ഇതിനെല്ലാം പരിഹാരം ഉണ്ടായേ മതിയാകൂ എന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിൽ ഇനിയെന്ത് ചെയ്യാൻ കഴിയുമെന്ന് അറിയിക്കാനാണ് സർക്കാരിലെ മൂന്ന് ഉന്നതരോട് ഒക്ടോബർ 23ന് ഹാജരാകാൻ നിർദ്ദേശിക്കുന്നത്. ഓൺലൈനിൽ ഹാജരായാൽ മതിയെന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ആദ്യഘട്ടമായി എന്തെല്ലാം ചെയ്തുവെന്ന് മൂവരും അന്ന് ബോധിപ്പിക്കേണ്ടി വരും.

തൽക്കാലം പ്രധാന റോഡുകളിൽ എങ്കിലും ശാസ്ത്രീയമായ സീബ്രാ വരകൾ ഉണ്ടെന്ന് ഉറപ്പു വരുത്താനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. കാൽനടക്കാർക്കും സിഗ്നൽ ലൈറ്റുകൾ ഉറപ്പാക്കണം. സാധാരണക്കാർക്ക് വേണ്ടിയുള്ള ഇത്തരം അടിയന്തര കാര്യങ്ങൾ ചെയ്യാൻ സാമ്പത്തികപ്രശ്നം തടസമാകില്ലെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രത്യാശ പ്രകടിപ്പിച്ചാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവ് എഴുതി അവസാനിപ്പിച്ചിരിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top