ഐശ്വര്യ റായിയുടെ പേരും ചിത്രവും ദുരുപയോഗം ചെയ്യുന്നത് വിലക്കി കോടതി; ചിത്രങ്ങൾ ഉടൻ പിൻവലിക്കണം

ബോളിവുഡ് നടി ഐശ്വര്യ റായ് ബച്ചന് ആശ്വാസം. നടിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഡൽഹി ഹൈക്കോടതി. നടി ഉൾപ്പെട്ടിട്ടുള്ള എല്ലാ അനധികൃത ഉള്ളടക്കങ്ങളും ഉടൻ പിൻവലിക്കണം എന്ന് കോടതി ഉത്തരവിട്ടു. ഒരു സെലിബ്രിറ്റിയുടെ ഐഡന്റിറ്റി സമ്മതം ഇല്ലാതെ ഉപയോഗിക്കുന്നത് അവരുടെ പ്രശസ്തിക്ക് ദോഷം വരുത്തുമെന്നും കോടതി അറിയിച്ചു.
തന്റെ അനുമതിയില്ലാതെ പരസ്യങ്ങളിൽ തന്റെ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. എഐ ഉപയോഗിച്ചുള്ള തന്റെ അശ്ലീല ചിത്രങ്ങളും പ്രചരിക്കുന്നു. ഇതിനെതിരെ കോടതി ഉടനടി നടപടിയെടുക്കണം. തന്റെ അവകാശങ്ങൾ സംരക്ഷിക്കണം. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെയടക്കം വിലക്കണം എന്നും ഐശ്വര്യ റായ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് കോടതി ഉത്തരവിറക്കിയത്.
അതേസമയം, അഭിഷേക് ബച്ചനും തന്റെ വ്യക്തിഗത അവകാശങ്ങൾക്ക് വേണ്ടി കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങൾ ഉപയോഗിച്ച് ആശ്ലീല വീഡിയോകളും ഇറങ്ങുന്നു. ഇത് തന്റെ പ്രശസ്തിക്ക് കോട്ടം വരുത്തും. ഇങ്ങനെയുള്ള ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്ന വെബ്സൈറ്റുകളെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും വിലക്കണം എന്നാണ് അഭിഷേക് ബച്ചൻ കോടതിയിൽ സമർപ്പിച്ച ഹാർജിയിൽ ആവശ്യപ്പെട്ടത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here