ലുലു മാൾ നിർമ്മാണം നിയമം ലംഘിച്ച്; ഭൂമി തരം മാറ്റിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

തൃശൂരിലെ ലുലു മാൾ പദ്ധതിക്കായി ഭൂമി തരം മാറ്റിയ ആർഡിഒയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് ഭൂമിയെ ഡാറ്റാബാങ്കിൽ നിന്ന് ഒഴിവാക്കിയതെന്നാണ് കോടതി കണ്ടെത്തൽ.
കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച ശേഷമായിരുന്നു ആർഡിഒ തരംമാറ്റത്തിന് അനുമതി നൽകേണ്ടിയിരുന്നത്. പക്ഷെ തൃശൂർ പുഴയ്ക്കലില്‍ ലുലു മാളിന്റെ നിർമ്മാണത്തിന് വേണ്ടി ഭൂമിതരം മാറ്റിയതിൽ ഈ ചട്ടങ്ങളൊന്നും പാലിച്ചിട്ടില്ല.
സാറ്റലൈറ്റ് ദൃശ്യങ്ങളും ഗൂഗിൽ എർത്ത് ഡേറ്റ, വില്ലേജ് ഓഫീസറുടെ മഹസർ എന്നിവയിൽ 2022ൽ വരെ ഭൂമി നെൽവയലാണെന്ന് തെളിയിക്കുന്നതായുള്ള രേഖകൾ ഉണ്ടായിരുന്നു അവ പരിശോധിച്ച ശേഷമാണ് കോടതി ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്.
പ്രാദേശിക സിപിഐ നേതാവ് ടി.എൻ.മുകുന്ദൻ നൽകിയ ഹർജിയിലാണ് കോടതി വിധി പറഞ്ഞത്. ഭൂമി തരം മാറ്റാനുള്ള ലുലു ഗ്രൂപ്പിൻ്റെ അപേക്ഷ വീണ്ടും പരിഗണിക്കാൻ ആർഡിഒയ്ക്ക് കോടതി നിർദേശം നൽകി. അപേക്ഷയിൽ നാലു മാസത്തിനകം ആർഡിഒ തീരുമാനമെടുക്കണം. ഇതിനായി കൃഷി ഓഫീസറുടെ റിപ്പോർട്ട് പരിഗണിക്കണം.
Also Read : ഇന്ത്യയിലെ എറ്റവും വലിയ മാള്‍ ഗുജറാത്തില്‍ പണിയാന്‍ യൂസഫലി; റെക്കോര്‍ഡ് തുകയ്ക്ക് സ്ഥലം വാങ്ങി ലുലു ഗ്രൂപ്പ്
തൃശൂരില്‍ ലുലു മാള്‍ ഉയരാന്‍ വൈകുന്നതിന് പിന്നില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടലെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയുടെ ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് സിപിഐയുടെ പ്രാദേശിക നേതാവായ ടിഎന്‍ മുകുന്ദൻ താനാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചതെന്നും സിപിഐ പ്രവർത്തകൻ എന്ന നിലയിലല്ല വ്യക്തിപരമായാണ് കോടതിയെ സമീപിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here