ശബരിമല വിമാനത്താവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് സ്‌റ്റേ; ഹൈക്കോടതി ഉത്തരവ് ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയില്‍

കൊച്ചി : ശബരിമല വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ. ഹൈക്കോടതിയാണ് സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്തത്. 441 കൈവശക്കാരുടെ 1000.28 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാനാണ് വിജ്ഞാപനമിറക്കിയത്. 2023 മാര്‍ച്ചിലായിരുന്നു സര്‍ക്കാര്‍ തീരുമാനം വന്നത്. ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. സാമൂഹികാഘാത പഠനം നടത്തിയതും ഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണ്ണയിച്ചതും ചട്ടവിരുദ്ധമായാണെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ചാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്.
ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളുമാണ് ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭൂമി എന്നാണ് ചെറുവള്ളി എസ്റ്റേറ്റ് കാണിച്ചിരിക്കുന്നത്. ഇതിലും ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ എതിര്‍പ്പ് ഉന്നയിച്ചു. കൂടാതെ സര്‍ക്കാര്‍ ഏജന്‍സിയായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റാണ് സാമൂഹിക ആഘാത പഠനം നടത്തിയത്. ഇത് കേന്ദ്ര-സംസ്ഥാന ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. പദ്ധതിയിലൂടെ ശബരിമല ക്ഷേത്രത്തിലേക്ക് സുഗമമായ യാത്ര, ടൂറിസം വികസനം, പ്രാദേശിക സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും തുടങ്ങിയ നേട്ടങ്ങളാണ് പദ്ധതിയുടെ സാമൂഹ്യാഘാത റിപ്പോര്‍ട്ടില്‍ പറയുന്നത്. 285 വീടുകളെയും 358 ഭൂവുടമകളെയും നേരിട്ട് ബാധിക്കും. ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളെ ഒഴിപ്പിക്കേണ്ടി വരും. മൂന്നേ കാല്‍ ലക്ഷത്തോളം മരങ്ങളും വെട്ടി മുറിക്കേണ്ടി വരുമെന്നും സാമൂഹികാഘാത പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നുണ്ട്.
വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഏറ്റെടുക്കുന്ന ഭൂമികളുടെ വിശദാംശങ്ങളും വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധീകരിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here