ദുരിതയാത്രക്ക് എന്തിന് ടോൾ? ദേശീയപാത അതോറിറ്റിക്കെതിരെ ഹൈക്കോടതി

ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള റോഡ് പണികൾ വ്യാപകമായി നടക്കുകയാണ്. അതിന്റെ ഭാഗമായി യാത്രക്കാർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ അനവധിയാണ്. പ്രധാനപാതകളിൽ പണി നടക്കുന്നതിനാൽ പലപ്പോഴും ബൈ റോഡുകളിലൂടെയാണ് യാത്രക്കാരെ കടത്തിവിടുന്നത്. ഇടുങ്ങിയ റോഡിലൂടെ അനേകം വാഹനങ്ങൾ കടന്നുപോകുന്നത് വലിയ ബുദ്ധിമുട്ടാണ് ആളുകൾക്ക് ഉണ്ടാക്കുന്നത്. ഇന്ധനഷ്ടവും സമയനഷ്ടവും കൊണ്ട് ആളുകൾ വലയുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ഹൈക്കോടതി പാലിയേക്കരയിൽ ദേശീയപാത അതോറിറ്റി നടത്തുന്ന ടോൾ പിരിവിനെ വിമർശിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ടോൾ പിരിവ് റദ്ദ് ചെയ്യണമെന്ന് കാണിച്ചു നൽകിയ ഹർജിയിൻ മേലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. അങ്കമാലി മുതൽ പാലിയേക്കര വരെയുള്ള നിലവിലെ യാത്ര വളരെ ദുഷ്‌കരമാണെന്ന് ഹർജിയിൽ പറയുന്നുണ്ട്. യാത്ര ദുഷ്‌കരമാണെങ്കിൽ എന്തിന് ജനങ്ങൾ ടോൾ നൽകണമെന്ന് ഹൈക്കോടതി ചോദിച്ചു. ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാണെന്ന് കാണിച്ച് തൃശൂർ ജില്ലാ കളക്‌ടറും റിപ്പോർട്ട് നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ കോടതി വിമർശിച്ചത്.
ടോൾ പിരിക്കുന്നവർക്ക് മികച്ച റോഡ് ഉറപ്പാക്കാനല്ല ഉത്തരവാദിത്വമുണ്ട് ഇനിയും നടപടിയുണ്ടായില്ലെങ്കിൽ ടോൾ പിരിവ് നിർത്തലാക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി. പ്രശ്‌നം ഉടൻ പരിഹരിക്കാമെന്ന് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു. അതേയസമയം ദേശീയപാത അതോറിറ്റി ഒരാഴ്‌ച കൂടി സമയം തേടിയിട്ടുണ്ട്. ഒരാഴ്ച്ചക്കുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്ന് കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പ്രശ്‌നം ഉടനടി പരിഹരിച്ചില്ലെങ്കിൽ ടോൾ നിർത്തലാക്കുമെന്നും ടോൾ നിർത്തലാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കാനും ഹൈക്കോടതി നിർദേശം നൽകി. കേസ് ഈ മാസം 16ന് വീണ്ടും പരിഗണിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here