ശബരിമലയിലെ സ്വർണ്ണപ്പാളികൾ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കണം; ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി

ശബരിമലയിലെ സ്വർണ്ണപ്പാളികൾ ഇളക്കി ചെന്നൈയിലേക്ക് കൊണ്ടുപോയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിമർശിച്ച് ഹൈക്കോടതി. എത്രയും പെട്ടെന്ന് തന്നെ സ്വർണ്ണപ്പാളികൾ തിരിച്ചെത്തിക്കണമെന്നാണ് ഉത്തരവ്. ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പത്തിലെ സ്വർണ്ണ പാളികളാണ് ഇളക്കിയത്. കോടതിയുടെ അനുമതിയില്ലാതെ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്തരുതെന്ന് ഉത്തരവുണ്ടായിരുന്നു. ഇത് ലംഘിച്ചാണ് പാളികൾ ഇളക്കിയത്. സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്ണൻ ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ട് പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ് .
ശില്പങ്ങളിലെ സ്വർണ്ണം പൊതിഞ്ഞ ചെമ്പു പാളികൾക്ക് കേടുപാടുണ്ടായിരുന്നു. തന്ത്രിയുടെ അനുമതി വാങ്ങിയിട്ടാണ് ചെന്നൈയിലേക്ക് കൊണ്ടുപോയതെന്നും ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ഇക്കാര്യത്തിൽ സ്പെഷ്യൽ കമ്മീഷണറുടെ അനുമതി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അറ്റകുറ്റപ്പണികൾ നടത്തണമെന്ന് നേരത്തെ തന്നെ തന്ത്രി നിർദ്ദേശിച്ചിരുന്നു. ദ്വാരപാലക പാളികളിലെ കീറലുകളും മങ്ങലും അടിയന്തരമായി പരിഹരിക്കണമെന്ന് വീണ്ടും നിർദ്ദേശം വന്നതിനെ തുടർന്നാണ് ഓണം പൂജകൾ കഴിഞ്ഞ് സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോയത്.
തന്നോടൊപ്പം ശബരിമലയിലെ ഓഫീസർമാർ, ദേവസ്വം വിജിലൻസ് എസ്ഐ, പോലീസുകാർ, ദേവസ്വം ഗാർഡുമാർ, സ്വർണ്ണ പാളികൾ വഴിപാടായി സമർപ്പിച്ച സ്പോൺസർമാരുടെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട ഒരു വൻ സംഘത്തോടൊപ്പമാണ് ചെന്നൈയിലേക്ക് പോയത്. കൂടാതെ സുരക്ഷിത വാഹനത്തിലായിരുന്നു യാത്ര ചെയ്തതും. ശുദ്ധികർമ്മങ്ങൾ കഴിഞ്ഞ് കന്നിമാസം മൂന്നാം തീയതി തിരികെ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. അല്ലാതെ ഇതിനു പിന്നിൽ ഒരു ദുരുദ്ദേശവും ഇല്ല. പുറത്തു വരുന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here