ഹിജാബ് വിവാദത്തിൽ പഠനം നിർത്തി വിദ്യാർത്ഥികൾ; പടിയിറങ്ങുന്നത് രണ്ട് കുട്ടികൾ

കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ ഹിജാബ് വിവാദത്തെ തുടർന്ന് രണ്ടു വിദ്യാർത്ഥികൾ പഠനം നിർത്തുന്നു. രണ്ടിലും നാലിലും പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാക്കളാണ് ടിസിക്കായി അപേക്ഷ നൽകിയത്.
ഹിജാബ് വിവാദവുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റും പിടിഎ പ്രസിഡണ്ടും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചെന്നാണ് കുട്ടികളുടെ രക്ഷിതാവായ ഒരു മാതാവ് ഫെയ്സ്ബുക്കിൽ കുറിച്ചത്. ഹിജാബ് ധരിച്ചെത്തുന്ന കുട്ടികളെ കാണുമ്പോൾ മറ്റുള്ളവർക്ക് ഭയം തോന്നുന്നു എന്ന പ്രസ്താവന തികച്ചും തെറ്റാണ്. അത് വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുമെന്നും കുറിപ്പിൽ പറയുന്നു.
താനും ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഇത് ധരിച്ചെത്തുന്ന പെൺകുട്ടികളോട് കാണിക്കുന്ന നിലപാട് ഏറെ വേദനിപ്പിക്കുകയാണ്. അതുകൊണ്ടാണ് തന്റെ കുട്ടിയെ സ്കൂൾ മാറ്റാൻ തീരുമാനിച്ചത്. ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്കൂളിലേക്കാണ് കുട്ടികളെ മാറ്റുന്നത്. എല്ലാ വിശ്വാസവും ഉൾക്കൊണ്ട് തന്നെ തന്റെ കുട്ടി അവിടെ പഠിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. അടുത്ത സ്കൂൾ തുറക്കുന്ന ദിവസം തന്നെ ടിസി ലഭിക്കുമെന്നാണ് പ്രതീക്ഷ എന്ന് രക്ഷിതാവ് ഫെയ്സ്ബുക്ക് പോസ്റ്റ് വഴി പ്രതികരിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here