‘മുക്കാൽ മീറ്റർ തുണി കണ്ടാൽ ആരും പേടിക്കില്ലാത്ത കലാലയം’; ഹിജാബ് വിവാദത്തിലെ പെൺകുട്ടി പുതിയ സ്കൂളിൽ

പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിൽ ഹിജാബ് വിവാദത്തിൽ പെട്ട വിദ്യാർത്ഥിനിയെ പുതിയ സ്കൂളിൽ ചേർത്തതായി പിതാവ്. പള്ളുരുത്തി ഡോൺ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസിലാണ് പെൺകുട്ടിക്ക് പ്രവേശനം നൽകിയിരിക്കുന്നത്. മകളെ പുതിയ സ്കൂളിൽ ചേർത്തതിന് പിന്നാലെ പിതാവ് ഫേസ്ബുക്കിൽ ചിത്രം സഹിതം വികാരഭരിതമായ ഒരു കുറിപ്പ് പങ്കുവെച്ചു. ‘തലയിലെ മുക്കാൽ മീറ്റർ തുണി കണ്ടാൽ ഒപ്പമുള്ള ഒരു കുട്ടിയും പേടിക്കില്ലെന്ന് ഉറപ്പുള്ള കലാലയത്തിലേക്ക് മകൾ എത്തി’ എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.
വിവാദം കോടതിയിലെത്തിയെങ്കിലും തുടർനടപടികൾ അവസാനിപ്പിക്കുന്നതായി ഹൈക്കോടതി അറിയിച്ചിരുന്നു. സ്കൂളിൽ തുടർന്ന് പഠിക്കാൻ ആഗ്രഹമില്ലെന്ന് കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരും കേസിൽ തുടർനടപടി ആവശ്യമില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോടതി ഹർജി തീർപ്പാക്കിയത്.
Also Read : ഹിജാബ് വിവാദത്തിൽ പഠനം നിർത്തി വിദ്യാർത്ഥികൾ; പടിയിറങ്ങുന്നത് രണ്ട് കുട്ടികൾ
വിദ്യാഭ്യാസ വകുപ്പ് നേരത്തെ കോടതിയിൽ, കുട്ടിയുടെ മൗലികാവകാശം നിഷേധിക്കപ്പെട്ടതായും വിഷയം ഇടപെടേണ്ടത് അത്യാവശ്യമാണെന്നും നിലപാട് എടുത്തിരുന്നു. എന്നാൽ, തങ്ങളുടെ സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനമാണ് ഉദ്ദേശിക്കുന്നതെന്നും എല്ലാ കുട്ടികളെയും ഒരുപോലെ പരിഗണിക്കുന്നതിൻ്റെ ഭാഗമായാണ് ഹിജാബ് അനുവദിക്കാത്തതെന്നുമാണ് സ്കൂളിൻ്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിൻ്റെ നടപടിയിൽ വീഴ്ച കണ്ടെത്തി നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സെൻ്റ് റീത്താസ് സ്കൂളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് വിദ്യാർത്ഥിക്കായി പിതാവും കേസിൽ കക്ഷി ചേർന്നിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here