ഹിജാബ് വിവാദം സജീവമാക്കി നിർത്താൻ സി.പി.എം; യു.ഡി.എഫിനെതിരെ പ്രചാരണായുധമാക്കും; ക്രൈസ്തവർക്കിടയിലെ ഭിന്നിപ്പും ലക്ഷ്യം

മുസ്ലീം ഏകീകരണം ലക്ഷ്യമിട്ട് യു.ഡി.എഫ് നടത്തുന്ന നീക്കങ്ങളെ കൊച്ചി പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിഷയം ഉയര്‍ത്തിക്കൊണ്ട് തകര്‍ക്കാന്‍ സി.പി.എം. തന്ത്രമൊരുക്കുന്നു. സി.പി.എമ്മിന്റെ വിവിധ വിഭാഗങ്ങളേയും പോഷകസംഘടനകളെയും ഉപയോഗിച്ചുകൊണ്ട് വിഷയത്തിന് പരമാവധി പ്രചാരം നൽകാനാണ് നീക്കം. അതേസമയം ഇത്രയും ഗൗരവതരമായ ഒരു വിഷയം ഉയര്‍ന്നുവന്നിട്ട് കോണ്‍ഗ്രസ് അതില്‍ വേണ്ടരീതിയില്‍ ഇടപെട്ടില്ല എന്ന പരാതി ലീഗിനും മറ്റും മുസ്ലീംസംഘടനകള്‍ക്കുമുണ്ട്. മാത്രമല്ല, ഇടതുപക്ഷത്തിന് യു.ഡിഎഫിനെതിരെ പ്രചാരണം ശക്തമാക്കാൻ വേണ്ട മരുന്നെല്ലാം കോണ്‍ഗ്രസ് തന്നെ നല്‍കിയിട്ടുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടെ വിഷയം ചൂടേറിയ പ്രചാരണമായി മാറുമെന്നതും ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.
വിഷയം പ്രചാരണ ആയുധമാക്കുമ്പോഴും അത് മറ്റ് തരത്തില്‍ ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് സി.പി.എം നേതൃത്വം നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ഇതിന്റെ വര്‍ഗ്ഗീയമായ വശം ഒഴിവാക്കികൊണ്ട് രാഷ്ട്രീയമായ പ്രചാരണത്തിന് ഊന്നല്‍ നല്‍കാനാണ് ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടില്‍ ലീഗിനും മറ്റ് മുസ്ലീംസംഘടനകള്‍ക്കും കടുത്ത അതൃപ്തിയുണ്ട്. അത് പരമാവധി മുതലാക്കുക എന്നത് മാത്രമായിരിക്കണം ലക്ഷ്യം. ഉദ്ദേശ്യത്തില്‍ നിന്നും മാറി പ്രചാരണത്തിന്റെ വഴിതെറ്റിയാല്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് പോകുമെന്ന വിലയിരുത്തലും സി.പി.എം നടത്തുന്നുണ്ട്.
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഹിജാബ് ധരിച്ച് എത്തുന്നത് സ്‌കൂള്‍ അധികൃതർ വിലക്കിയാണ് വിവാദമായത്. ഇത് മറ്റുതരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് വഴിച്ച് സ്‌കൂള്‍ അടച്ചിടേണ്ട സ്ഥിതിയുണ്ടായി. തുടര്‍ന്ന് എറണാകുളം എം.പി. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുകയും ചെയ്തു. പക്ഷേ വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ ഇടപെട്ട സര്‍ക്കാര്‍, സ്‌കൂളിനെതിരെ രംഗത്തുവരികയും ഇതുമായി ബന്ധപ്പെട്ട് ഡി.ഡി.ഇ. ഇറക്കിയ ഉത്തരവില്‍ ഇടപെടാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി വിസമ്മതിക്കുകയും ചെയ്തു. ഈ പശ്ചാത്തലമാണ് കേരളത്തില്‍ ഇപ്പോള്‍ സജീവചര്‍ച്ചയാകുന്നത്.
ഇക്കാര്യത്തില്‍ ഇതിനകം തന്നെ സംഘപരിവാര്‍ ഇടപെട്ടുകൊണ്ട് വിഷയം വര്‍ഗ്ഗീയമായി തിരിച്ചുവിടാനുള്ള ശ്രമം തുടങ്ങിയെന്ന പരാതിയും പലകോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് വേണ്ടരീതിയില്‍ ഇടപെട്ടില്ലെന്നാണ് മുസ്ലീംസംഘടനകളുടെ നിലപാട്. ഒത്തുതീര്‍പ്പ് ചര്‍ച്ചയെന്ന പേരില്‍ ഇടപെട്ട ഹൈബി ഈഡന്‍ മാനേജ്മെൻ്റിനൊപ്പം നിന്ന് വിദ്യാര്‍ത്ഥിനിയുടെ അവകാശങ്ങളെ നിഷേധിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണവും അവര്‍ ഉയര്‍ത്തുന്നുണ്ട്. അതുപോലെ വിഷയം വര്‍ഗ്ഗീയമായി മാറ്റുന്നതിന് ബി.ജെ.പി നേതാവായ ഷോണ്‍ ജോര്‍ജ്ജ് രംഗപ്രവേശനം ചെയ്തിട്ടും കോണ്‍ഗ്രസ് അതിനെ തടയാന്‍ ശ്രമിച്ചില്ല. ഒപ്പം കുട്ടിക്ക് അനുകൂലമായി ഒരു വാക്കുപോലും പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയാറായില്ലെന്നും അവര്‍ക്ക് വിമര്‍ശനമുണ്ട്.
ALSO READ : ഹിജാബ് വിഷയം ഊതിക്കത്തിച്ച് ശിവൻകുട്ടി; സിറോ മലബാർ സഭയും സർക്കാരും നേർക്കുനേർ
എല്ലാത്തിനുമുപരി, പ്രതിപക്ഷനേതാവിൻ്റെ പറവൂർ ഓഫീസ് കേന്ദ്രീകരിച്ച് സോഷ്യൽ മീഡിയ പ്രചാരണം നടത്തുന്ന അഭിഭാഷകയാണ്, സ്‌കൂളിനൊപ്പം നിന്ന് വിദ്യാർത്ഥിനിക്കെതിരായ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതെന്നും അവരുടെ വാദങ്ങള്‍ പലതരത്തിലുള്ള തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും പരാതികൾ ഉയർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ കേസ് കൊടുത്ത് നിയമപരമായ ഇടപെടലാണ് പ്രത്യക്ഷത്തിൽ ഇവർ നടത്തുന്നത് എങ്കിലും രാഷ്ട്രീയലക്ഷ്യം വച്ചുള്ള ഇവരുടെ ചില ഇടപെടലുകളും മാധ്യമ പ്രവർത്തകർ അടക്കം സോഷ്യൽ മീഡിയയിലൂടെ പുറത്ത് കൊണ്ടുവന്നിട്ടുണ്ട്. എന്നാല്‍ വര്‍ഗ്ഗീയമായി വിഷയത്തെ കത്തിക്കാനാണ് സര്‍ക്കാരും മറ്റുള്ളവരും ശ്രമിക്കുന്നതെന്നും അത് ആളിപ്പടരാതിരിക്കാനാണ് വിഷയത്തില്‍ ഇടപെടാത്തത് എന്നുമാണ് പ്രതിപക്ഷനേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
എന്തായാലും യു.ഡി.എഫിനുള്ളില്‍ ഉണ്ടായിട്ടുള്ള ഈ അതൃപ്തിയെ പരമാവധി മുതലെടുക്കുകയാണ് സി.പി.എം ലക്ഷ്യമാക്കുന്നത്. വിവിധ വിഷയങ്ങളില്‍ ഇപ്പോള്‍ തന്നെ കോണ്‍ഗ്രസിന്റെ നിലപാടിനോട് മുസ്ലീം സംഘടനകള്‍ക്ക് എതിര്‍പ്പുണ്ട്. അത് പരമാവധി ശക്തമാക്കി നിലനിര്‍ത്തുകയാണ് ലക്ഷ്യം. വിഷയം ഉണ്ടായപ്പോള്‍ തന്നെ മന്ത്രി വി.ശിവന്‍കുട്ടി നടത്തിയ ഇടപെടല്‍ ഗുണം ചെയ്തിട്ടുണ്ടെന്നും സി.പി.എമ്മിൽ വിലയിരുത്തലുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും സി.പി.എം. നേരിട്ട് ഇക്കാര്യത്തില്‍ വലിയ ഇടപെടല്‍ നടത്തില്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനെതിരെ ന്യൂനപക്ഷ പ്രീണന ആരോപണമാണ് ഉയര്‍ന്നത്. അത് പാര്‍ട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ഭൂരിപക്ഷ വോട്ടുകളില്‍ വലിയ ഇടിവുണ്ടാക്കിയെന്ന് സി.പി.എം. വിലയിരുത്തിയിട്ടുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലുള്ള പരിഹാര നടപടികളാണ് കഴിഞ്ഞ ഒരുവര്‍ഷമായി സര്‍ക്കാരും പാര്‍ട്ടിയും നടത്തിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. അതിന് തിരിച്ചടിയാകുന്ന തരത്തിലുള്ള ഒരു പരിപാടിയും ഇനി പാര്‍ട്ടി നേരിട്ട് നടത്തില്ല. പകരം അനുഭാവികളും പോഷകസംഘടനകളും സജീവമായി വിഷയത്തിൽ ഇടപെടുകയും ചെയ്യും.
ALSO READ : ഹിജാബ് ധരിച്ച് സ്കൂളിൽ എത്തി വിദ്യാർത്ഥിനി; പിന്നാലെ സ്കൂൾ പൂട്ടി
ഇതിലൂടെ രണ്ടുകാര്യങ്ങളാണ് സി.പി.എം ലക്ഷ്യം വയ്ക്കുന്നത്. ഒന്ന് യു.ഡി.എഫിനുള്ളില്‍ ആശയക്കുഴപ്പം ഉക്കുകയും മുസ്ലീംവിഭാഗങ്ങള്‍ക്ക് കോണ്‍ഗ്രസിനോടുള്ള അതൃപ്തി പരമാവധി ഉപയോഗിക്കുകയും ചെയ്യുക എന്നത് തന്നെയാണ്. രണ്ടാമതായി ക്രിസ്തീയ വിഭാഗങ്ങള്‍ക്കിടയില്‍ ഒരു വിഭജനം ഉണ്ടാക്കുക എന്നതാണ്. സംഘപരിവാര്‍ കേരളത്തിലെ ക്രിസ്തീയ സമുദായത്തിനിടയില്‍ നുഴഞ്ഞുകയറി സ്വാധീനം ഉറപ്പിക്കുന്നുവെന്ന ആരോപണം നേരത്തെ തന്നെ ഈ വിഭാഗങ്ങളിലെ പലരും ഉന്നയിക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുമതവിശ്വാസികള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഇവിടെ അധികാരം ലക്ഷ്യമാക്കിയുള്ള നീക്കമാണ് ബി.ജെ.പിയും ആര്‍.എസ്.എസും നടത്തുന്നത്. അതില്‍ പുരോഹിതന്മാര്‍ ഉള്‍പ്പെടെ ചിലരെങ്കിലും വീണുപോയിട്ടുണ്ട് എന്ന വാദം പരസ്യമായി തന്നെ ക്രിസ്തീയ വിഭാഗങ്ങളില്‍ നിന്നും ഉയരുന്നുമുണ്ട്. ഛത്തീസ്ഗഡ്ഡിലും ഒറീസയിലും മറ്റും അടുത്തിടെ ഉണ്ടായ സംഭവങ്ങളും അവര്‍ അതിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുമുണ്ട്. ഇത്തരം നീക്കത്തില്‍ സമുദായം രണ്ടായി നില്‍ക്കുന്നതിനെ പരമാവധി ഉപയോഗിക്കുക എന്നതാണ് സി.പി.എമ്മിന്റെ ലക്ഷ്യം.
ഒരുകാലത്തും കേരളത്തില്‍ ക്രിസ്തീയവിഭാഗങ്ങളുടെ മനസറിഞ്ഞുള്ള പിന്തുണ സി.പി.എമ്മിന് ലഭിച്ചിട്ടില്ല. എക്കാലത്തും അത് കോണ്‍ഗ്രസിനാണ് ഗുണം ചെയ്തിട്ടുള്ളത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ഒപ്പമുണ്ടെങ്കിലും ക്രിസ്തീയ വോട്ടില്‍ സി.പി.എമ്മിന് അത്ര വലിയ പ്രതീക്ഷയൊന്നുമില്ല. ആ പശ്ചാത്തലത്തില്‍ മതേതരനിലപാട് ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന ഒരു തോന്നല്‍ ഉണ്ടാക്കുകയും ക്രിസ്തീയ വിഭാഗങ്ങള്‍ക്കുള്ളില്‍ പിളര്‍പ്പ് സൃഷ്ടിക്കുകയും ചെയ്താല്‍ ഒരുപരിധി വരെ ഗുണം ചെയ്യും എന്നതാണ് വിലയിരുത്തല്‍. ഇത് വോട്ടുകേന്ദ്രീകരണം എന്നത് തന്നെ ഇല്ലാതാക്കും. വിഭജിച്ചുനില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്ന് കുറേ വോട്ടും നേടാനാകും എന്നും സി.പി.എം വിലയിരുത്തുന്നു. ഭൂരിപക്ഷ സമുദായങ്ങളെ വിശ്വാസത്തിലെടുത്തും മുസ്ലീം- ക്രിസ്ത്യൻ വിഭാഗങ്ങളില്‍ യു.ഡി.എഫിനെതിരെ ആശയക്കുഴപ്പം സൃഷ്ടിച്ചും കാര്യങ്ങള്‍ സുഗമമാക്കാം എന്നതാണ് പൊതുവിലുള്ള വിലയിരുത്തല്‍.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here