SV Motors SV Motors

ശമ്പളം വേണ്ടെന്ന് ഹിമാചല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും; കേരളത്തിലുള്ളവര്‍ ഇത് കാണുന്നുണ്ടോ

സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ മാതൃകാപരമായ തീരുമാനവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കാൻ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും മന്ത്രിമാരും രണ്ട് മാസത്തേക്ക് ശമ്പളവും അലവൻസുകളും വേണ്ടെന്ന് വച്ചിരിക്കുകയാണ്. ഈ മാതൃക പിന്തുടരാൻ എല്ലാ എംഎൽഎമാരോടും സുഖു ആവശ്യപ്പെട്ടു.

പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല തകർച്ച നേരിട്ടതോടെയാണ് സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലേക്ക് നീങ്ങിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലും അടുത്തിടെയും ഉണ്ടായ വിനാശകരമായ മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം, കനത്ത മഴ എന്നിവയാണ് തിരിച്ചടിയായത്. ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ ഈ മലയോര സംസ്ഥാനം കഴിഞ്ഞ കുറേ മാസങ്ങളായി വെള്ളപ്പൊക്കത്തിൻ്റെയും ഉരുൾപൊട്ടലിൻ്റെയും ഭീഷണിയിലാണ്. പ്രധാന വരുമാന കേന്ദ്രങ്ങളായ കുളു, മാണ്ഡി, ഷിംല എന്നിവിടങ്ങളിൽ ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഈ മാസം മാത്രം 30 പേർ മരിച്ചിരുന്നു. നിരവധി പേരെ കാണാതാകുകയും ചെയ്തു.

ALSO READ: ‘ഇതുവരെ ഭക്ഷണം കഴിച്ചിട്ടില്ല, സർക്കാർ തിരിഞ്ഞു നോക്കുന്നില്ല’; ഗുജറാത്ത് വെള്ളപ്പൊക്ക ദുരിതബാധിതരുടെ ഹൃദയഭേദകമായ വാക്കുകൾ

ഈ വർഷം ജൂൺ 27 നും ആഗസ്ത് ഒന്‍പതിനും സംസ്ഥാനത്തിൻ്റെ വിവിധ സ്ഥലങ്ങളിൽ നൂറിലധികം പേര്‍ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചു. 842 കോടി രൂപയുടെ നാശനഷ്ടമാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമുണ്ടായിരിക്കുന്നത്. ഈ സ്ഥലങ്ങളിലെ പാലങ്ങൾ, റോഡുകൾ, മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ കേടുപാടുകൾ പരിഹരിക്കാനും പുനർനിര്‍മിക്കാനുംപണമില്ലാതെ വലയുകയാണ് സർക്കാർ. ഈ പണം കണ്ടെത്തിയാൽ തന്നെ പണി പൂർത്തിയാക്കാൻ കൂടുതൽ സമയമെടുക്കുന്നതും ടൂറിസം മേഖലക്ക് തിരിച്ചടിയാണ്. ഉരുൾപൊട്ടലും വെള്ളപ്പൊക്കവും കാരണം 280 റോഡുകൾ അടച്ചിടേണ്ടി വന്നതും വരുമാനമാർഗത്തെ ബാധിച്ചിരുന്നു. കൂടാതെ വെള്ളവും മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വൈദ്യുതി ബന്ധവും കുടിവെള്ള സംവിധാനവും പൂർണ്ണമായോ ഭാഗികമായോ തകർന്ന അവസ്ഥയിലാണ്.

പതിനായിരം കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. 12000 കോടി ധനസഹായം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തിൻ്റെ പുനർനിർമാണത്തിന് പണം കണ്ടെത്താൻ പെടാപ്പാട് പെടുമ്പോഴാണ് മുണ്ടുമുറിക്കിയുടുക്കാൻ മുഖ്യമന്ത്രിമാരും മന്ത്രിമാരും തന്നെ മാതൃക കാട്ടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് അവകാശപ്പെടുമ്പോഴും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടെയും ധൂർത്തുകൾ കേരളത്തില്‍ വിവാദമാകാറുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തിനാകെ മാതൃക കാട്ടുന്ന ഹിമാചല്‍ മന്ത്രിസഭയുടെ നടപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top