ക്രിസ്ത്യൻ സഭകളെ എടുത്തിട്ടലക്കി ഹിന്ദുഐക്യ വേദി നേതാക്കൾ; തിണ്ണമിടുക്കും പണവുമായി ക്രിസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കരുതെന്ന് ശശികല

ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകൾ അറസ്റ്റിലായ വിഷയത്തിൽ പ്രകോപനപരമായ ആരോപണങ്ങൾ ഉയർത്തിക്കൊണ്ട് ഹിന്ദുഐക്യ വേദി നേതാക്കൾ. ഈ ബഹളമൊക്കെ കണ്ട് മതം മാറ്റം അവദിച്ചു തരുമെന്ന് ആരും കരുതേണ്ട. വോട്ടുകാട്ടി ഈ നാടിൻ്റെ പ്രതികരണ ശേഷിയെ മയക്കി കിടത്താം എന്നും മോഹിക്കേണ്ട. സുവിശേഷമെന്ന വിശേഷം നിങ്ങൾ തമ്മിൽ തമ്മിൽ അറിയിച്ചാൽ മതി എന്ന് പറഞ്ഞ് കൊണ്ടാണ് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികലയുടെ ഫെയ്സ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. സംഘടനയുടെ ഒഫീഷ്യൽ ഫെയ്സ്ബുക് ഐഡിയിൽ നിന്നും കടുത്ത ഭാഷയിലാണ് ശശികല ക്രിസ്ത്യൻ സഭകൾക്കെതിരെയുള്ള വിമർശനങ്ങൾ നടത്തിയിരിക്കുന്നത്.

വിഷയത്തിൽ ക്രിസ്ത്യൻ സഭകളെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ ബിജെപി നടത്തുമ്പോഴാണ് ഹിന്ദു ഐക്യവേദി കൂടുതൽ പ്രകോപനകരമായ ആരോപങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആർ വി ബാബുവാണ് വിഷയത്തിൽ ക്രിസ്ത്യൻസഭക്കെതിരെ ആരോപണമായി രംഗത്തെത്തിയ മറ്റൊരു ഹിന്ദുഐക്യ വേദി നേതാവ്. ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം എന്ന് പറഞ്ഞ് കൊണ്ടാണ് ആർ വി ബാബുവിന്റെ ഫെയ്സ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്.
Also Read : ഹിന്ദുക്കളെ മതം മാറ്റിയാൽ ‘ഇനിയും തല്ലും’; നെറ്റിയിൽ സിന്ദൂരം കണ്ടില്ലെന്നും അക്രമത്തിനു ന്യായം
11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണ്. ക്രൈസ്തവ സഭകൾ ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നതെന്നുമാണ് ആർ വി ബാബു തന്റെ ഫെയ്സ്ബുക് അക്കൗണ്ടിൽ കുറിച്ചത്.
ഫെയ്സ്ബുക് കുറിപ്പിൻ്റെ പൂർണരൂപം:
ബിഷപ്പ് പാംപ്ലാനി ആ വെള്ളമങ്ങ് വാങ്ങി വെയ്ക്കണം .
11 സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന മതപരിവർത്തന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രമാണ് .ക്രൈസ്തവ സഭകൾ ഈ നിയമം പിൻവലിക്കാൻ ആവശ്യപ്പെടുന്നത് രാജ്യത്ത് പാവപ്പെട്ട ഹിന്ദുക്കളെ യഥേഷ്ടം മതം മാറ്റാനുള്ള ഉദ്ദേശത്തോടെയാണ്. ക്രൈസ്തവ സഭകൾ ഹിന്ദുക്കളുടെ ദാരിദ്ര്യം മുതലെടുത്ത് സേവനത്തിൻ്റെ മറവിൽ രാജ്യത്തെങ്ങും നടത്തി വന്ന മതം മാറ്റങ്ങളെ തടയിടാനാണ് കോൺഗ്രസ് സർക്കാരുകൾ 1967 മുതൽ മതപരിവർത്തന നിയമങ്ങൾ ഓരോ സംസ്ഥാനത്തും കൊണ്ടുവന്നത്. മതം മാറ്റക്കാര്യത്തിൽ സഭകൾക്കുള്ളത് കുപ്രസിദ്ധമായ ചരിത്രമാണെന്ന് പാംപ്ലാനി ബിഷപ്പിനെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അത് കൊണ്ടാണ് മഹാത്മാ ഗാന്ധി പോലും മതം മാറ്റം നിരോധിക്കണമെന്ന് പറഞ്ഞത്.
ദാരിദ്ര്യം ദൈവത്തിൻ്റെ വരദാനമാണെന്നും അത് വഴി ദരിദ്രരരെ ക്രിസ്തുവിൻ്റെ മാർഗ്ഗത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞുവെന്നും പറഞ്ഞത് മിഷണറീസ് ഓഫ് ചാരിറ്റീസിലെ സിസ്റ്റർ നിർമ്മലയായിരുന്നു. 2000-ാമാണ്ടോടെ ലോകത്തെ സുവിശേഷവൽക്കരിക്കാൻ ജ്യോഷ്യാ ഒന്ന്, ജ്യോഷ്യോ 2 എന്നിങ്ങനെ പ്രഖ്യാപിച്ച് വിദേശഫണ്ടിൻ്റെ സഹായത്തോടെ വൻ മതപരിവർത്തന പദ്ധതികൾ തയ്യാറാക്കിയത് world Council of Churches ആയിരുന്നു.
മതം മാറ്റത്തെ കുറിച്ചുള്ള ഒരു കേസിൽ മതം പ്രചരിപ്പിക്കാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 നൽകുന്ന സ്വാതന്ത്ര്യം മതം മാറ്റാനുള്ള സ്വാതന്ത്ര്യമല്ലെന്ന് ബഹു: സുപ്രീം കോടതിയുടെ 5 അംഗ ബെഞ്ച് 1978 ൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും മതം മാറ്റ നിരോധന നിയമം നടപ്പാക്കണമെന്ന കേരള ഹൈക്കോടതിയുടെ നിർദ്ദേശം കേരള സർക്കാർ നടപ്പാക്കണമെന്നാണ് ഹിന്ദു ഐക്യവേദി ആവശ്യപ്പെടുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here