വിഗ്രഹകള്ളക്കടത്ത് കോടികളുടെ ബിസിനസ്; പ്രതിവര്‍ഷം ആയിരത്തിലധികം അമൂല്യ വസ്തുക്കള്‍ വിദേശ മാര്‍ക്കറ്റില്‍ എത്തുന്നു

ശബരിമല ശ്രീധര്‍മ്മശാസ്ത ക്ഷേത്രത്തിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വര്‍ണപ്പാളികളും മറ്റും അടിച്ചു മാറ്റിയ വിവാദം സംസ്ഥാന രാഷ്ടീയത്തെ പിടിച്ചുലയ്ക്കുകയാണ്. ശബരിമലയിലെ അമൂല്യ വസ്തുക്കള്‍ അന്താരാഷ്ട്ര വിഗ്രഹ മോഷണസംഘങ്ങളുടെ പക്കലെത്തിയോ എന്ന് ഹൈക്കോടതി പോലും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്ര കള്ളക്കടത്ത് മാര്‍ക്കറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്ള ഏറ്റവും വലിയ കയറ്റുമതിയാണ് ഹിന്ദു ആരാധന വിഗ്രഹങ്ങള്‍. പ്രതിവര്‍ഷം ആയിരത്തിലധികം വിഗ്രഹങ്ങളാണ് വിദേശ രാജ്യങ്ങളിലേക്ക് കടത്തുന്നത് എന്നാണ് കണക്കുകള്‍.
വ്യാവസായികാടിസ്ഥാനത്തിലാണ് കള്ളക്കടത്തുസംഘങ്ങള്‍ വിഗ്രഹങ്ങള്‍ അടിച്ചുമാറ്റി അമേരിക്കയിലും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളിലും എത്തിക്കുന്നു എന്നാണ് അമേരിക്കന്‍ സാമ്പത്തിക വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന്റെ (Bloomberg) കഴിഞ്ഞ വര്‍ഷത്തെ അന്വേഷണാത്മക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കടത്തിക്കൊണ്ടു പോകുന്ന വിഗ്രഹങ്ങള്‍ വന്‍ വില നല്‍കി വാങ്ങി മ്യൂസിയങ്ങളിലും ആര്‍ട് ഗ്യാലറികളിലും, സ്വകാര്യ ശേഖരങ്ങളിലും പ്രദര്‍ശനത്തിന് വെക്കാറുണ്ട്.
ദക്ഷിണേന്ത്യയിലെ നാശോന്മുഖമായ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളും അമൂല്യ വസ്തുക്കളുമാണ് പ്രധാനമായും മോഷ്ടാക്കള്‍ തട്ടിയെടുക്കുന്നത്. അമേരിക്കന്‍ പൗരനും ഇന്ത്യന്‍ വശംജനുമായ സുഭാഷ് കപൂറിനു വേണ്ടിയാണ് തസ്‌കര സംഘങ്ങള്‍ വിഗ്രഹങ്ങള്‍ കടത്തുന്നത്. ഇന്ത്യയില്‍ നിന്ന് കപ്പല്‍ മാര്‍ഗം സിംഗപ്പൂര്‍ വഴി അമേരിക്കയില്‍ എത്തിക്കുകയാണ് പതിവ്. സുഭാഷ് കപൂറിന്റെ ഉടമസ്ഥതയിലുള്ള നിംബസ് എക്‌സ്‌പോര്‍ട്ട് കമ്പിനിയുടെ ഒരു കണ്ടയിനറിലുള്ള കള്ളക്കടത്ത് വിഗ്രഹങ്ങള്‍ യുഎസ് കസ്റ്റംസ് പിടികൂടി. 15 ടണ്ണിലധികം ഭാരമുള്ള വിഗ്രഹങ്ങള്‍ വരെ പിടിച്ചെടുത്തിരുന്നു.
ഇയാളുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് വിഗ്രഹങ്ങളെക്കുറിച്ചുള്ള വില വിവരങ്ങളും ചരിത്രവും ലഭിച്ചിരുന്നു. 2011 ല്‍ അമേരിക്കന്‍ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഇയാളെ അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ ജയിലിലാണ്. ഇയാളുടെ ഗോഡൗണുകളില്‍ നിന്ന് കണ്ടെടുത്ത അമൂല്യ വസ്തുക്കള്‍ക്ക് ഏതാണ്ട് 100 മില്യണ്‍ ഡോളറിലധികം (80000 കോടി രൂപ) വിലയുണ്ടെന്ന് കരുതപ്പെടുന്നു. നടരാജ വിഗ്രഹങ്ങള്‍ക്കാണ് വിദേശ മാര്‍ക്കറ്റില്‍ വന്‍ ഡിമാന്റ് എന്നാണ് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here