കഞ്ചാവിനെ തള്ളിപ്പറയാന്‍ ഹിന്ദു മതത്തിന് ആവില്ലെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍; പലരുടേയും ഉപജീവനമാര്‍ഗമെന്ന് ജനയുഗത്തില്‍ ലേഖനം

‘കഞ്ചാവ് ഹിന്ദു മതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന്’ കവി കുരീപ്പുഴ ശ്രീകുമാര്‍. ഭാരതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാല്‍ മലിനപ്പെടുത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാര്‍ക്ക് നല്‍കിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതിപുരാതന കാലം മുതല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി, ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്. ധാരാളം ഹിന്ദുമതവിശ്വാസികള്‍ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാര്‍ഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തില്‍ ‘കഞ്ചാവും ഹിന്ദുമതവും’ എന്ന ലേഖനത്തില്‍ അദ്ദേഹം വ്യക്തമാക്കുന്നത്.

കഞ്ചാവിനെ നിരോധിത വസ്തുവായി കാണുന്നതിനെ രൂക്ഷമായി വിമര്‍ശിക്കുന്ന കവി, ഹിന്ദുമതത്തില്‍ കഞ്ചാവിനുള്ള സ്ഥാനത്തെ എടുത്തു പറയുകയും ചെയ്യുന്നുണ്ട്. ആദ്യരാത്രിയില്‍ വധുക്കള്‍ക്ക് ഭാംഗ് കലര്‍ത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങള്‍ക്ക് കഞ്ചാവ് കാണിക്കയായി അര്‍പ്പിക്കുന്നതും ഈ ഗുരുഭൂതങ്ങള്‍ ശീലിപ്പിച്ചതാണ്. 30 വര്‍ഷം മുമ്പുവരെ ശബരിമലയില്‍ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അല്പം കഞ്ചാവുകൂടി തീര്‍ത്ഥാടകര്‍ ഇരുമുടിക്കെട്ടില്‍ കരുതുമായിരുന്നുവെന്ന് കവി എഴുതിയിട്ടുണ്ട്.

കിഴക്കന്‍ മലയോരത്തെ കറുപ്പസ്വാമി കോവിലുകളില്‍ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥര്‍ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയില്‍ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകര്‍. കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക് പോലും നയിക്കുന്ന വിഷപദാര്‍ത്ഥമാണ്. ഇതിന്റെ പിന്‍തലമുറയാണ് മാരക രാസലഹരി പദാര്‍ത്ഥങ്ങള്‍. അതുപയോഗിക്കുന്നവര്‍ക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുഃശീലങ്ങള്‍ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണെന്ന് കുരീപ്പുഴ ശ്രീകുമാര്‍ തന്റെ ലേഖനത്തില്‍ എഴുതിയിട്ടുണ്ട്.

കുരീപ്പുഴ ശ്രീകുമാര്‍ എഴുതിയ ലേഖനത്തിന്റെ പൂര്‍ണ രൂപം:

കഞ്ചാവും ഹിന്ദു മതവും

ഭാരതത്തെ ആഴത്തില്‍ സ്വാധീനിക്കുകയും ജാതിവ്യവസ്ഥയാല്‍ മലിനപ്പെടുത്തുകയും ചെയ്ത ഹിന്ദുമതം അവരുടെ സന്യാസിമാര്‍ക്ക് നല്‍കിയ സ്വപ്നാടന ലഹരിമരുന്നാണ് ശിവമൂലി എന്ന കഞ്ചാവ്. അതിപുരാതന കാലം മുതല്‍ ഹിമാലയത്തിന്റെ മടിത്തട്ടില്‍ കഞ്ചാവ് പാടങ്ങളുണ്ട്. ശിവമൂലി എന്ന പദം കൂടാതെ സ്വാമി, ഗുരു തുടങ്ങിയ മതാത്മക പദങ്ങളും കഞ്ചാവിന്റെ പര്യായങ്ങളായി ഉപയോഗിക്കുന്നുണ്ട്. ധാരാളം ഹിന്ദുമതവിശ്വാസികള്‍ അതിപ്പോഴും ഉപയോഗിക്കുകയും ഉപജീവനമാര്‍ഗമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഒഡിഷയില്‍ നിന്നുള്ള ലോക്സഭാംഗം തഥാഗത സത്പതി കഞ്ചാവ് ഉപയോഗിച്ചിട്ടുണ്ടെന്ന് തുറന്ന് സമ്മതിക്കുകമാത്രമല്ല, നിരോധനത്തെ അനുകൂലിക്കുന്നില്ലെന്നു കൂടി പറഞ്ഞു. സന്യാസജീവിതം ഉപേക്ഷിച്ച മൈത്രേയന്‍, സന്യാസിമാരുടെ കഞ്ചാവുപയോഗത്തെക്കുറിച്ച് നവമാധ്യമങ്ങളില്‍ അതിശക്തമായി സംസാരിച്ചിട്ടുണ്ട്. കഞ്ചാവ് നിരോധനനിയമം നടപ്പിലാക്കുകയാണെങ്കില്‍ കുംഭമേളയ്ക്കുപോയ മുഴുവന്‍ സ്വാമിമാരെയും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നാണ് മൈത്രേയന്റെ വാദം. വടക്കേ ഇന്ത്യയില്‍ കഞ്ചാവിന്റെ ഉപയോഗം വ്യാപകമാണ്. കഞ്ചാവ് വലിക്കാനുള്ള ‘ചില്ലംസ്’ എന്ന മണ്‍പാത്രങ്ങള്‍ എവിടെയും വാങ്ങാന്‍ കിട്ടുമല്ലോ. കഞ്ചാവ് മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായ ഭാംഗും വ്യാപകമാണ്. വാരാണസി, ഹരിദ്വാര്‍, ഋഷികേശ് തുടങ്ങിയ പുണ്യാരോപിത സ്ഥലങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഭാംഗ് വില്പനശാലകളുണ്ട്. ഹരേ കൃഷ്ണ പ്രസ്ഥാനക്കാരുടെ ആത്മാവായിട്ടാണല്ലോ കഞ്ചാവെന്ന മരിജുവാന കണക്കാക്കപ്പെടുന്നത്. ദേവാനന്ദ് അഭിനയിച്ച ‘ഹരേ രാം ഹരേ കൃഷ്ണ’ എന്ന ചിത്രത്തിലെ പ്രസിദ്ധമായ ദം മാരോ ദം എന്ന പാട്ടുസീനില്‍ ലഹരിപ്പുകയാണല്ലോ നിറഞ്ഞുനിന്നിരുന്നത്.

ഹിന്ദുമതം പേറ്റന്റ് അവകാശപ്പെടുന്ന ആയുര്‍വേദത്തില്‍ പല ഔഷധങ്ങളിലും കഞ്ചാവ് ചേര്‍ക്കാറുണ്ട്. പല വൈദ്യന്മാരും രഹസ്യമായി ഉണ്ടാക്കി വിറ്റിട്ടുള്ള കഞ്ചാവ് ലേഹ്യമാണ് ‘ഉണ്ടപ്പാരം’. പണ്ട് കുട്ടനാട്ട് പ്രളയമുണ്ടായപ്പോള്‍, പലകകൊണ്ട് നിര്‍മ്മിച്ച ഒരു വീട് ഒഴുകിപ്പോയി. ഊട്ടുപുരയില്‍, ഇതുകണ്ടിരുന്ന വീണന്‍ വേലുവും ഗുലാന്‍പരിശു വാസുവും മരംകേറി കേശവനും ഒരു വള്ളം അഴിച്ചു പിന്തുടര്‍ന്നു. വീടിനുള്ളില്‍ കയറിയപ്പോള്‍ പ്രളയമോ വീട് ഒഴുകിപ്പോയതോ അറിയാതെ ഒരാള്‍ അതില്‍ ഉറങ്ങിക്കിടക്കുന്നു! ഉണ്ടപ്പാരം എന്ന കഞ്ചാവ് ലേഹ്യത്തിന്റെ ശക്തിയാലാണ് പരിസരം മറന്ന് അയാളുറങ്ങിയത്. നാഗവള്ളി ആര്‍ എസ് കുറുപ്പിന്റെ ഒഴുക്കത്ത് വന്ന വീട് എന്ന നോവലിലാണ് രസകരമായ ഈ രംഗമുള്ളത്. പരബ്രഹ്‌മത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും, വിശപ്പിനെ അതിജീവിക്കാന്‍ കഴിയും, സിരാവ്യൂഹത്തെ ഉത്തേജിപ്പിക്കും തുടങ്ങിയ ഗുണങ്ങള്‍ ഈ വിഷസസ്യത്തിന്റെ പേരില്‍ പ്രചരിപ്പിച്ചത് പഴയ ഹിന്ദുമത സന്യാസിമാരാണ്. ആദ്യരാത്രിയില്‍ വധുക്കള്‍ക്ക് ഭാംഗ് കലര്‍ത്തിയ പാല് കൊടുക്കുന്നതും ദൈവങ്ങള്‍ക്ക് കഞ്ചാവ് കാണിക്കയായി അര്‍പ്പിക്കുന്നതും ഈ ഗുരുഭൂതങ്ങള്‍ ശീലിപ്പിച്ചതാണ്. 30 വര്‍ഷം മുമ്പുവരെ കറുപ്പസ്വാമിക്ക് കാഴ്ചവയ്ക്കാനായി അല്പം കഞ്ചാവുകൂടി ശബരിമല യാത്രികര്‍ ഇരുമുടിക്കെട്ടില്‍ കരുതുമായിരുന്നല്ലോ. കിഴക്കന്‍ മലയോരത്തെ കറുപ്പസ്വാമി കോവിലുകളില്‍ കഞ്ചാവും ഒരു കാണിക്കയാണ്. വിവിധ മതസ്ഥര്‍ കഞ്ചാവ് വലിക്കാറുണ്ടെങ്കിലും ഇന്ത്യയില്‍ ഹിന്ദുമത സന്യാസിമാരാണ് കഞ്ചാവിന്റെ ആദ്യകാമുകര്‍. കഞ്ചാവ് മനുഷ്യന്റെ സ്വബോധം കെടുത്തുക മാത്രമല്ല, വിഷാദരോഗത്തിലേക്കും ഭ്രാന്തിലേക്ക് പോലും നയിക്കുന്ന വിഷപദാര്‍ത്ഥമാണ്. ഇതിന്റെ പിന്‍തലമുറയാണ് മാരക രാസലഹരി പദാര്‍ത്ഥങ്ങള്‍. അതുപയോഗിക്കുന്നവര്‍ക്ക് നല്ല കുടുംബജീവിതവും സാമൂഹ്യജീവിതവും അസാധ്യമാണ്. റാപ്പ് ഗായകകവി വേടന്റെ, ദുഃശീലങ്ങള്‍ അനുകരിക്കരുതെന്ന പ്രസ്താവന വളരെ ശ്രദ്ധേയമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top