മലയാളി കന്യാസ്ത്രീകളെ പോലീസിൽ ഏൽപ്പിച്ച് ഹിന്ദുത്വ സംഘടനകൾ; സഭാവസ്ത്രം ധരിച്ച് യാത്രചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയെന്ന് സിറോ മലബാർസഭ

ഛത്തീസ്ഗഡിലെ ദുര്‍ഗിലാണ് സംഭവം. സഭയുടെ കീഴിലുള്ള ആശുപത്രികളിലേക്കും ഓഫിസുകളിലേക്കും ജോലിക്കായി 3 പെൺകുട്ടികളെ കുട്ടിക്കൊണ്ടുപോകാനാണ് സിസ്‌റ്റർ വന്ദന ഫ്രാൻസിസും സിസ്‌റ്റർ പ്രീതി മേരിയും ദുര്‍ഗിലെ റെയിൽവേ സ്‌റ്റേഷനിൽ എത്തിയത്. പെൺകുട്ടികളും അതിലൊരാളുടെ സഹോദരനും അവിടെ എത്തിയിരുന്നു. പ്ലാറ്റ്ഫോം ടിക്കറ്റ് ഇല്ലാത്തതിന്റെ പേരിൽ റെയിൽവേ അധികൃതർ കുട്ടികളെ ചോദ്യം ചെയ്തു. ഇതിനിടയിൽ തീവ്രഹിന്ദുത്വ സംഘടനകളിൽപ്പെട്ട ചിലർ അവിടെ എത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുകയായിരുന്നു.
നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകർ റെയിൽവേ സ്‌റ്റേഷനിൽ പ്രതിഷേധമുയർത്തി. പെൺകുട്ടികളിലൊരാൾ സമ്മതപ്രകാരമല്ല എത്തിയതെന്നും അവർ ആരോപിച്ചു. കന്യാസ്ത്രീകൾ മനുഷ്യക്കടത്ത് നടത്തുന്നു എന്ന ആരോപണങ്ങൾ അവർ ഉയർത്തി. താമസിയാതെ 2 മലയാളി കന്യാസ്ത്രീകളെയും റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്തു.
Also Read : ജനം ടിവിക്കെതിരെ സിറോ മലബാര്‍ സഭ; ‘ഗോവിന്ദച്ചാമിയെ ചാര്‍ളി തോമസാക്കി വിദ്വേഷം പരത്താന്‍ ശ്രമം’
തീവ്രഹിന്ദുത്വ സംഘടനകളുടെ സമ്മർദത്തെത്തുടർന്ന് കെട്ടിച്ചമച്ച കേസാണെന്ന് ക്രിസ്ത്യൻ സംഘടനകൾ അറിയിച്ചു. അസീസി സിസ്‌റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ കന്യാസ്ത്രീകളെയും പെൺകുട്ടികൾക്കൊപ്പമുണ്ടായിരുന്ന സഹോദരനെയും പോലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ട്. കന്യാസ്ത്രീകൾ ഇപ്പോൾ ദുർഗിലെ ജയിലിലാണ്. പെൺകുട്ടികളുടെ മാതാപിതാക്കളെ എത്തിച്ച് സത്യാവസ്‌ഥ ബോധിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
അറസ്റ്റിനെതിരെ സിറോ മലബാർ സഭ രംഗത്തെത്തിയിരിക്കുകയാണ്. കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമവാഴ്ച്ചയോടുള്ള വെല്ലുവിളിയാണെന്ന അഭിപ്രായമാണ് സിറോ മലബാർ സഭക്ക്. സഭാവസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ ഭയപ്പെടുന്ന സ്ഥിതിയാണെന്നും നിയമസംവിധാനങ്ങൾ പക്ഷപാതപരമായി പെരുമാറുകയാണെന്നും സിറോ മലബാർ സഭ പറഞ്ഞു. ‘സിസ്റ്റർ വന്ദനയും സിസ്റ്റർ പ്രീതിയും യാത്ര ചെയ്തിരുന്നത് ആവശ്യമായ രേഖകളോടെയാണ്. ആൾക്കൂട്ട വിചാരണയും ദുരാരോപണവുമാണ് നടക്കുന്നത്. ആൾക്കൂട്ടവും സംഘടനകളും ഭരണഘടനയ്ക്ക് മീതേ പോലും വളരുന്നു. സുരക്ഷ ഉറപ്പാക്കാൻ ഇടപെടൽ വേണമെന്നും സിറോ മലബാർ സഭ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here