മൂന്നാംടേം പ്രതീക്ഷ കരിഞ്ഞുണങ്ങി ഇടതുമുന്നണി; ഉയിര്‍ത്തെണീറ്റ് യുഡിഎഫ്; കറുത്തകുതിരയായി ബിജെപി

ഭരണതുടര്‍ച്ച എന്ന ഇടതുമുന്നണിയുടെ ലക്ഷ്യം തകര്‍ന്ന് തരിപ്പണമാകുന്നു. തദ്ദേശ തിരഞ്ഞടുപ്പില്‍ ഒരിക്കലുമില്ലാത്തെ തകര്‍ച്ച നേരിട്ട് ഇടതുമുന്നണി. കഴിഞ്ഞ പത്തുവര്‍ഷമായി ആകെ അവശനിലയിലായിരുന്ന യുഡിഎഫിന് പുത്തൻ പ്രതീക്ഷ നല്‍കുന്ന തിരഞ്ഞെടുപ്പ് ഫലം, നിര്‍ണ്ണായകശക്തിയായുള്ള ബിജെപിയുടെ വളര്‍ച്ചയും വെളിവാക്കുന്നു. രാഷ്ട്രീയശക്തി നിര്‍ണ്ണയിക്കുന്നതിൽ നിർണായകമായ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷൻ എന്നീ തലങ്ങളിൽ ഇടതുമുന്നണി തീര്‍ത്തും നിഷ്ഫലമായപ്പോള്‍ ഇവിടെയെല്ലാം മേല്‍കൈ നേടി യുഡിഎഫ് ചരിത്രം സൃഷ്ടിച്ചു.

ശബരിമലയിലെ സ്വര്‍ണ്ണപാളി കവര്‍ച്ചയും മുന്നണിയിലെ തമ്മിലടിയും മറ്റും ഇടതുമുന്നണിയെ തകര്‍ത്തെറിഞ്ഞപ്പോള്‍, തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിച്ച രാഷ്ട്രീയസഖ്യങ്ങളും അടവുനയങ്ങളും യുഡിഎഫിനെ സഹായിച്ചു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ഉയർന്ന ഗുരുതര ആരോപണം പോലും യുഡിഎഫിനെ ബാധിച്ചില്ലെന്നും വ്യക്തമാകുന്നു. തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിച്ചെടുക്കുമെന്ന വെല്ലുവിളി സാദ്ധ്യമാക്കിയതോടെ ബിജെപിയും നിര്‍ണ്ണായക ശക്തിയായി ഉയരുന്ന ചിത്രമാണ് തദ്ദേശ തിരഞ്ഞെടുപ്പ് വരച്ചുകാട്ടുന്നത്. ഇവയെല്ലാം ചേര്‍ന്ന് സിപിഎമ്മിന്റെ നട്ടെല്ല് തകര്‍ക്കുകയും ചെയ്തുവെന്നതാണ് ഇന്നത്തെ ഫലസൂചന.

ALSO READ : തകര്‍ന്നടിഞ്ഞ് സിപിഎം; ശക്തി കേന്ദ്രങ്ങളില്‍ എല്ലാം വന്‍തിരിച്ചടി; ഈ തോല്‍വി വല്ലാതെ വേട്ടയാടും

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്നും സിപിഎമ്മിനും ഇടതുമുന്നണിക്കും കരകയറാനായില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇന്ന് പുറത്തുവന്ന തദ്ദേശ ഫലം. സിപിഎമ്മിന്റെ ശക്തമായ വോട്ടുബാങ്കുകള്‍ ബിജെപി പക്ഷത്തേയ്ക്ക് ചേക്കേറിയ പ്രവണത അന്ന് കണ്ടിരുന്നു. അത് മറികടക്കുന്നതിനായി പല തന്ത്രങ്ങളും പയറ്റിയെങ്കിലും അവയൊന്നും ഫലംകണ്ടില്ലെന്നതാണ് ഇന്നത്തെ ഫലം നല്‍കുന്ന സൂചന. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആറില്‍ അഞ്ച് കോര്‍പ്പറേഷനുകളും പതിനാലില്‍ പതിനൊന്ന് ജില്ലാ പഞ്ചായത്തുകളും ബഹുഭൂരിപക്ഷം ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും പിടിച്ചെടുത്ത് അജയ്യരായി നിലകൊണ്ട ഇടതുമുന്നണി ഇക്കുറി പാടെ കടപുഴകി വീഴുകയായിരുന്നു.

കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇത്തരത്തിലൊരു തിരിച്ചടി ഇടതുമുന്നണിക്ക് ഉണ്ടായിട്ടില്ല. സമാനമായ ഒരു ഫലമുണ്ടായത് 2010ലെ തദ്ദേശ തിരഞ്ഞെടുപ്പിലായിരുന്നു. അതുകഴിഞ്ഞ് 2011ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം കൈവരിക്കുകയും ചെയ്തു. ഇക്കുറി ആറു കോര്‍പ്പറേഷനുകളില്‍ ഒന്നില്‍ മാത്രമാണ് ഇടതുമുന്നണിക്ക് അല്‍പ്പമെങ്കിലും മേല്‍കൈ നേടാനായത്. പതിനാലു ജില്ലാ പഞ്ചായത്തുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് മേല്‍കൈയുണ്ടായത്. ഗ്രാമപഞ്ചായത്തുകളില്‍ പോലും ഇടതുമുന്നണിയുടെ മേല്‍കോയ്മ തകര്‍ന്നടിയുന്നതാണ് കണ്ടത്.

ALSO READ : ന്യായീകരണമൊന്നും ഫലിക്കുന്നില്ല, ഒപ്പമുള്ളോരും വിശ്വസിക്കുന്നില്ല!! തിരഞ്ഞെടുപ്പു കാലത്ത് മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിൽ സിപിഎം

തിരഞ്ഞെടുപ്പിന് ഇടതുമുന്നണി ഒരുക്കി വച്ചിരുന്ന ജനപ്രിയ പദ്ധതികളും വികസനവും ഉള്‍പ്പെടെയുള്ള പ്രചരണായുധങ്ങള്‍ ആകെ പൊളിഞ്ഞുപോയി. അതേസമയം ശബരിമല സ്വര്‍ണ്ണപാളി കേസും മറ്റും തിരിച്ചടിക്ക് വഴിവയ്ക്കുകയും ചെയ്തു. തുടര്‍ച്ചയായി മൂന്നാം ഇടതുമുന്നണി സര്‍ക്കാര്‍ എന്ന വിശ്വാസത്തിലാണ് ഇതുവരെ ഇടതുകേന്ദ്രങ്ങള്‍ മുന്നേറിയിരുന്നത്. അതിന് ഏറ്റ ശക്തമായ തിരിച്ചടിയായി ഈ തിരഞ്ഞെടുപ്പ് ഫലം മാറുകയാണ്. ഈ നിലയിലാണെങ്കില്‍ മൂന്നാം ഇടതുമുന്നണി സര്‍ക്കാര്‍ എന്നത് സ്വപ്‌നത്തില്‍ മാത്രമാകാനാണ് സാദ്ധ്യത.

കഴിഞ്ഞ പത്തുവര്‍ഷമായി ഇടതുമുന്നണി പൂര്‍ണ്ണമായും ആധിപത്യം പുലര്‍ത്തിയിരുന്ന ജില്ലകളിലൊക്കെ അവര്‍ തകര്‍ന്നടിഞ്ഞു എന്നാണ് ഈ ഫലം സൂചിപ്പിക്കുന്നത്. തെക്കും മദ്ധ്യ തിരുവിതാംകൂറിലും ഇടതുപക്ഷത്തിന് എതിരാളികളേ ഉണ്ടായിരുന്നില്ല. എന്നാല്‍ ആ ചിത്രം ഈ ഫലം മാറ്റിമറിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കൊല്ലം ജില്ലകളില്‍ പഴയ തലത്തിലേയ്ക്ക് യുഡിഎഫ് ഉയര്‍ന്നുവരുന്ന ചിത്രമാണ് ഇത് നല്‍കുന്നത്. അതിനേക്കാള്‍ ഇടതുപക്ഷത്തെ വലയ്ക്കുന്നത് എക്കാലത്തും അവരുടെ ശക്തികേന്ദ്രങ്ങളായിരുന്ന മലബാറില്‍ ഏറ്റ തിരിച്ചടിയാണ്.

കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പോലും സിപിഎമ്മിന്റെ അടിത്തറ ഇളകുന്നതാണ് കാണുന്നത്. മുപ്പതുവര്‍ഷമായി ഭരിക്കുന്ന തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഏറ്റ തിരിച്ചടിയാണ് സിപിഎമ്മിനെ ഏറ്റവും ഞെട്ടിച്ചിരിക്കുന്നത്. സ്വന്തം വാര്‍ഡുകള്‍ നിലനിര്‍ത്തിയ ബിജെപി, യുഡിഎഫിന്റെ വാര്‍ഡുകള്‍ പിടിച്ചെടുത്തപ്പോള്‍, ഇടതുപക്ഷത്തിന്റെ കുത്തക കേന്ദ്രങ്ങളില്‍ കടന്നുകയറി യുഡിഎഫ് ആ ക്ഷീണം മറികടന്നു. യുഡിഎഫ് ശക്തമായ മത്സരത്തിന് ഇവിടെ തയ്യാറായത് നേരത്തെ കരുതിയതുപോലെ ഇടതുമുന്നണിക്കല്ല, ബിജെപിക്കായിരുന്നു ഏറെ ഗുണം ചെയ്തത് എന്നതും ഈ ഫലം വ്യക്തമാക്കുന്നു.

ALSO READ : ശബരിമലയിൽ ന്യായീകരണങ്ങൾ മാറ്റിപിടിക്കേണ്ട അവസ്ഥയിൽ സിപിഎം; ജയകുമാറിനെ കൊണ്ടുവന്നതും ഗുണവും ചെയ്യില്ല

ഈ തിരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേയ്ക്ക് നീങ്ങാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. കഴിഞ്ഞ അഞ്ചുവര്‍ഷമായി മുന്നണി മര്യാദകള്‍ പോലും പാലിക്കാതെ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമാണ് ഇപ്പോള്‍ പ്രകടമായതെന്ന അഭിപ്രായം മുന്നണിക്കുള്ളില്‍ ശക്തമാകും. നേരത്തെ തന്നെ പല വിഷയങ്ങളിലും ഇടഞ്ഞുനില്‍ക്കുന്ന സിപിഐയായിരിക്കും കടുത്ത വിമര്‍ശനവും കര്‍ശനമായ തീരുമാനങ്ങളുമായി മുന്നില്‍ വരാന്‍ പോകുന്നത്. അതുപോലെ തങ്ങളുടെ നിലനില്‍പ്പിന് ആധാരമായ കേന്ദ്രങ്ങളായ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുണ്ടായ തിരിച്ചടി കേരള കോണ്‍ഗ്രസ്(എം)നേയും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചേക്കും.

ഈ തിരിച്ചടി മറികടക്കുക എന്നത് ചുരുങ്ങിയ വേളയില്‍ സിപിഎമ്മിനെ സംബന്ധിച്ച് ഏറ്റവും ദുര്‍ഘടമായ കാര്യമായിരിക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇനി വെറും നാലു മാസം മാത്രമാണുള്ളത്. അതിനിടയില്‍ ഈ തിരിച്ചടി മറികടക്കുകയെന്നത് തീര്‍ത്തും അസാദ്ധ്യം തന്നെയാകുമെന്നാണ് മുന്നണിക്കുള്ളിലെ വിലയിരുത്തല്‍. ശമ്പളപരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ളവ നടത്താതെ ജീവനക്കാരെയും അദ്ധ്യാപകരേയും ശത്രുക്കളാക്കിയതു മുതല്‍ ശബരിമല സ്വര്‍ണ്ണകൊള്ളയിലെ നിലപാടുകള്‍ വരെ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ശക്തമായി പുറത്തുവരും.

അതേസമയം ഈ ത്രസിപ്പിക്കുന്ന വിജയം യുഡിഎഫിന് പുത്തന്‍ പ്രതീക്ഷകളാണ് നല്‍കുന്നത്. ആറില്‍ നാലു കോര്‍പ്പറേഷനുകളും പതിനൊന്നില്‍ എട്ടു ജില്ലാപഞ്ചായത്തുകളും പിടിച്ചെടുക്കുക എന്നത് ആരുംസ്വപ്‌നം കണ്ടിട്ടില്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളും സര്‍ക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളും ചര്‍ച്ചയായിട്ടും ഉണ്ടായ ഈ വിജയം യുഡിഎഫിന് കുറച്ചൊന്നുമല്ല ആത്മവിശ്വാസമാകുന്നത്. പ്രത്യേകിച്ച് കോണ്‍ഗ്രസ് ദുര്‍ബലമായെന്ന് കരുതിയ മേഖലകളിലെ തിരിച്ചുവരവാണ് നിർണായകം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതുവരെ ഇടതുമുന്നണിക്ക് മുകളിലെത്താന്‍ യുഡിഎഫിന് കഴിഞ്ഞിട്ടില്ല. അവിടെയാണ് ഈ വിജയം കണ്ണഞ്ചിക്കുന്നത്.

ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും കോണ്‍ഗ്രസ് സ്വീകരിച്ച രാഷ്ട്രീയ തന്ത്രങ്ങളും അടവുനയങ്ങളുമാണ് ഈ വിജയത്തിലേയ്ക്ക് അവരെ നയിക്കുന്നതില്‍ പ്രധാനമായും പങ്കുവഹിച്ചത്. പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍. കോഴിക്കോട് ജില്ലയിൽ ഉള്‍പ്പെടെ യുഡിഎഫിന് മികച്ച മുന്നേറ്റം നടത്താനായത് ജമാ അത്തെ ഇസ്ലാമിയുമായി പ്രത്യക്ഷത്തിലും എസ്ഡിപിഐയുമായി പരോക്ഷമായും ഉണ്ടാക്കിയ ബന്ധം തന്നെയാണെന്ന് യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു. അതേസമയം പത്തനംതിട്ട ജില്ലയിൽ ഉള്‍പ്പെടെയുള്ള തെക്കന്‍ തിരുവിതാംകൂറില്‍ ശബരിമല സ്വര്‍ണ്ണപാളി വിഷയം ഏറെ ഗുണം ചെയ്തുവെന്നും അവര്‍ വിലയിരുത്തുന്നുണ്ട്.

ഈ വിജയം യുഡിഎഫിന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ ആത്മവിശ്വാസവും കൊണ്ടായിരിക്കും അവര്‍ രംഗത്തിറങ്ങുക. തൃശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനായി എന്നത് കോണ്‍ഗ്രസിനും ചില്ലറ പ്രതീക്ഷയല്ല നല്‍കുന്നത്. അതുകൊണ്ടുതന്നെ 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക എന്നത് അവര്‍ക്ക് ഏറെ പ്രതീക്ഷയോടെ തന്നെ കാണാനും അതിന് വേണ്ടി പ്രവര്‍ത്തിക്കാനും കഴിയും.

അതേസമയം ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്ന് പറയാം. എന്‍ഡിഎ എന്ന മുന്നണി തകര്‍ന്നുവെങ്കിലും ബിജെപി ഒറ്റയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. തിരുവനന്തപുരം നഗരസഭയില്‍ അവര്‍ നടത്തിയ പ്രകടനം ഉദാഹരണമാണ്. തിരഞ്ഞെടുപ്പിന് മുന്‍പ് അവര്‍ പ്രഖ്യാപിച്ചതു പോലെ തിരുവനന്തപുരം നഗരസഭയില്‍ ഭരണം പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നത് ആ പാര്‍ട്ടിക്ക് ഏറെ ആത്മവിശ്വാസം പകരുന്നതാണ്.

കല്‍പ്പറ്റ നഗരസഭയില്‍ പോലും ചരിത്രത്തില്‍ ആദ്യമായി അക്കൗണ്ട് തുറക്കാനായി എന്നതും അവര്‍ക്ക് ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഉണ്ടായ വിജയം വെറും ആകസ്മികം അല്ലെന്നും മറ്റ് പലയിടത്തും അത് ആവര്‍ത്തിക്കാൻ കഴിയുമെന്നും തെളിയിക്കുന്നതാണ് ഈ പ്രകടനം. ഈ രീതിയില്‍ മുന്നോട്ടുപോയി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ ശക്തികേന്ദ്രങ്ങളില്‍ നിന്ന് നേടിയെടുത്ത് നിര്‍ണ്ണായക ശക്തിയായി മാറുക എന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കാന്‍ പോകുന്നതും.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top