ഇന്ത്യയുമായി അടിച്ച് നിൽക്കാനാകില്ല; കൈകൊടുത്ത് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു; സ്വാതന്ത്ര്യ ദിനത്തിൽ മോദി വിശിഷ്ടാതിഥി

871 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന 1192 ദ്വീപുകൾ. അതിൽ കേവലം 200 എണ്ണത്തിലായി അഞ്ച് ലക്ഷത്തോളം ആളുകൾ. ലക്ഷദ്വീപിൻറെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന മാലദ്വീപ്. അവിടെ ജനവാസം സാധ്യമാകണമെങ്കിൽ മറ്റ് രാജ്യങ്ങളുടെ പിന്തുണ കൂടിയേ തീരു. എക്കാലത്തും ഇന്ത്യ തന്നെയാണ് മാലദ്വീപിന് തുണയായി കൂടെയുണ്ടായിരുന്നത്.
1988-ൽ ബിസിനസുകാരനായ അബ്ദുള്ള ലുത്തുഫിയുടെ നേതൃത്വത്തിൽ ശ്രീലങ്കയിൽ നിന്നും തമിഴ് കൂലിപ്പടയാളികൾ ദ്വീപിന്റെ ഭരണം അട്ടിമറിച്ച് ഭരണാധികാരികളെ തടവിലാക്കി. മാലി പ്രസിഡന്റ് അബ്ദുള്ള യമീൻ അബ്ദുൾ ഗയൂം തന്റെ ജീവൻ രക്ഷിക്കാൻ അയൽ രാജ്യങ്ങളോട് സഹായം അഭ്യർത്ഥിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നടപടിയെടുക്കാൻ ഒട്ടും വൈകിയില്ല.
Also Read : മോദി ഈ വർഷം ഒഴിയുമോ? പൊതുപ്രവർത്തകർ 75ആം വയസിൽ വിരമിക്കണമെന്ന് മോഹൻ ഭാഗവത്
ആഗ്രയിലെ വ്യോമസേനാ കേന്ദ്രത്തിൽ നിന്നും രണ്ട് ഇല്യുഷിൻ 2-76 വിമാനങ്ങൾ മാലി ലക്ഷ്യമാക്കി പറന്നുയർന്നു. 3707 കിലോമീറ്റർ നിർത്താതെ പറന്ന് പോർ വിമാനങ്ങൾ മാലിയിൽ ഇറങ്ങി. ഒൻപത് മണിക്കൂറിനുള്ളിൽ ഇന്ത്യൻ സൈന്യം ദ്വീപിൽ ‘ഓപ്പറേഷൻ കാക്റ്റസ്’ എന്ന സൈനിക നീക്കം ആരംഭിച്ചു. രാജ്യത്തിന് ഭീഷണി സൃഷ്ടിച്ച തമിഴ് കൂലിപട്ടാളത്തെ ഇന്ത്യൻ സേന രണ്ടു ദിവസം കൊണ്ട് തുരത്തിയോടിച്ചു.
രാജ്യഭരണം പ്രസിഡന്റ് ഗയൂമിന് ഇന്ത്യൻ സേന തിരികെ നൽകി. അപ്രതീക്ഷിതമായി ഉണ്ടായ ആക്രമണത്തിൽ ഭയന്നുനിന്ന ഗയൂമിന് തുണയായി കുറച്ച് സൈനികരെ ഇന്ത്യൻ സേന ദ്വീപിൽ നിലനിർത്തി. പിന്നീടങ്ങോട്ട് മാലദ്വീപിന് നേരിടേണ്ടിവന്ന എല്ലാ പ്രശ്നങ്ങൾക്കും ഇന്ത്യൻ ഭരണകൂടത്തിന്റെ സഹായം ഉണ്ടായിരുന്നു.

2004-ലെ സുനാമി, 2014-ലെ ശുദ്ധജലവിതരണപ്രസതിന്ധി, 2020-ലെ കോവിഡ്, ഈ സമയത്തെല്ലാം ഇന്ത്യയുടെ ആശ്വാസകരങ്ങൾ ദ്വീപിനെ തേടിച്ചെന്നു. അടിസ്ഥാന സൗകര്യ വികസനത്തിലും സൈനികമേഖലയിലും ഇന്ത്യ നിക്ഷേപമിറക്കി. പക്ഷെ 2023ൽ മുഹമ്മദ് മുയിസു പ്രസിഡന്റായതോടെ സ്ഥിതി സങ്കീര്‍ണമായി. ഇന്ത്യാവിരുദ്ധ പ്രചാരണത്തിലൂടെയാണ് മുയിസു അധികാരത്തിലേക്ക് നടന്നടുത്തത്.
Also Read : ഇന്ത്യന്‍ വിമാനം ഉപയോഗിക്കരുതെന്ന് പ്രസിഡന്റ്; മാലിദ്വീപില്‍ രോഗിയായ 14കാരന്‍ മരിച്ചു
ഇന്ത്യാവിരുദ്ധത തുടർന്ന മാലദ്വീപ് ഈഘട്ടത്തിൽ ചൈനയുമായി അടുക്കാൻ തുടങ്ങി. മാലദ്വീപ് മന്ത്രിമാർ ഇന്ത്യൻ പ്രധാനമന്ത്രിക്ക് നേരെ പരസ്യ അധിക്ഷേപങ്ങൾ നടത്തി. ഇവ വിവാദമായതോടെ ഇന്ത്യ മാലദ്വീപ് ബഹിഷ്‌കരണ ക്യാമ്പയിൻ തുടങ്ങി. മാലദ്വീപിന് പകരം ലക്ഷദ്വീപ് തിരഞ്ഞെടുക്കാൻ ഇന്ത്യൻ സെലിബ്രിറ്റികളും സഞ്ചാരികളും ആഹ്വാനം ചെയ്തു. അത് ദ്വീപിന് വൻ നഷ്ടമാണ് ഉണ്ടാക്കിയത്.
ഇന്ത്യയെ ശത്രുവാക്കി നിലനിൽപ്പ് എളുപ്പമല്ലെന്ന് വൈകാതെ മാലദ്വീപ് മനസ്സിലാക്കി. നയതന്ത്രബന്ധം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഒക്ടോബറിൽ പ്രസിഡന്റ് മുയിസു ഇന്ത്യയിലേക്കെത്തി. അഞ്ചുദിവസം ഇവിടെ തങ്ങിയ മുയിസു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മറ്റ് പ്രമുഖരെയും കണ്ട് ബന്ധം പുനഃസ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിച്ചു. ഇത് ശക്തമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
ഇന്ത്യ മാലിയിൽ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് പുറത്തുപോകാന്‍ പറഞ്ഞ മാലദ്വീപ് പ്രസിഡന്റ്, ഏറ്റവും അടുത്ത സഖ്യകക്ഷിയെന്ന് ഇന്ത്യയെ വിശേഷിപ്പിക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണുന്നത്. ഇന്നലെ ദ്വീപിലെത്തിയ നരേന്ദ്രമോദിക്ക്, മുയിസുവിന്റെ നേതൃത്വത്തില്‍ ഊഷ്മള വരവേൽപ് നൽകി. ദ്വീപ് പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഇന്ത്യയാണ് സഹായഹസ്തം നീട്ടുകയെന്നും മുയിസു ഒടുവിൽ പറഞ്ഞു.
Also Read : മാലിദ്വീപ് യാത്ര റദ്ദാക്കി നാഗാര്‍ജുന, ഇനി ലക്ഷദ്വീപിലേക്ക്; ‘മോദിയെക്കുറിച്ച് പറഞ്ഞത് ശരിയല്ല’
ഇന്ത്യയും മാലദ്വീപുമായുള്ള ചരിത്രപരമായ ബന്ധം മോദി ചൂണ്ടിക്കാട്ടി. അതിൻ്റെ വേരുകൾ ചരിത്രത്തേക്കാൾ പഴക്കമുള്ളതും, സമുദ്രം പോലെ ആഴമുള്ളതും ആണ്. ഈ സൗഹൃദം എന്നും പ്രകാശപൂർണമായി തുടരുമെന്നും മോദി വ്യക്തമാക്കി. ബന്ധത്തിൽ ഉണ്ടായ വിള്ളലുകൾ പരിഹരിച്ചു എന്ന സൂചനയാണ് ഇപ്പോൾ വരുന്നത്. ദ്വീപിന്റെ 60-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നരേന്ദ്രമോജി ആയിരുന്നു വിശിഷ്ടാതിഥി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here