ബുദ്ധ സന്യാസിമാര്‍ ഹണിട്രാപ്പില്‍; 81 പേരെ ബ്ലാക്ക് മെയില്‍ ചെയ്ത് തട്ടിയത് 100 കോടി; ചില്ലറക്കാരിയല്ല ‘മിസ് ഗോള്‍ഫ്’

സര്‍വ സംഗപരിത്യാഗികളും ലൗകിക സുഖങ്ങളില്‍ നിന്ന് മുക്തി നേടിയവരെന്നും സ്വയം പറഞ്ഞു നടക്കുന്ന ബുദ്ധ സന്യാസിമാരേയും മഠാധിപതികളേയും ഹണിട്രാപ്പില്‍ കുരുക്കി 100 കോടി രൂപ തട്ടിയ യുവതി അറസ്റ്റില്‍. ബാങ്കോക്കിലാണ് സംഭവം. സന്യാസിമാരുമായി ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്ന യുവതി ഈ രംഗങ്ങള്‍ രഹസ്യമായി ചിത്രീകരിച്ചാണ് ബ്ലാക്ക് മെയില്‍ ചെയ്തത്. മിസ് ഗോള്‍ഫ് എന്ന പേരില്‍ പൊലീസ് വിളിക്കുന്ന യുവതിയാണ് അറസ്റ്റിലായിരിക്കുന്നത്. 81 സന്യാസിമാരുമായാണ് ഇവര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്.

കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളമായി സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്ത് നൂറ് കോടിയോളം രൂപയാണ് ഇവര്‍ തട്ടിയത്. രഹസ്യമായി പകര്‍ത്തിയ എണ്‍പതിനായിരം ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചാണ് മിസ് ഗോള്‍ഫ് സന്യാസിമാരെ ബ്ലാക്ക് മെയില്‍ ചെയ്തത്. ഏതാനം ദിവസം മുമ്പാണ് പോലീസില്‍ ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. 2024 മെയ് മുതലാണ് മിസ് ഗോള്‍ഫ് സന്യാസിമാരെ തേന്‍കെണിയില്‍ പെടുത്തിയത്.

സന്യാസിമാരുമായുള്ള ബന്ധത്തില്‍ തനിക്ക് ഒരു കുട്ടി ജനിച്ചെന്ന് പറഞ്ഞാണ് ഇവര്‍ എല്ലാവരേയും ഭീഷണിപ്പെടുത്തിയത്. ഭയന്ന് പോയവര്‍ പലരും പണം നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചു. പണം തട്ടല്‍ ശ്രമങ്ങളെ തുടര്‍ന്ന് ഒരു മഠാധിപതി സന്യാസം തന്നെ ഉപേക്ഷിച്ച് നാട് വിട്ടതായി റിപ്പോര്‍ട്ടുണ്ട്. 2024 മെയ് മാസം മുതല്‍ ഈ മഠാധിപതിയുമായി യുവതി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്. പിന്നീട് തനിക്ക് കുട്ടിയുണ്ടായെന്നും കുഞ്ഞിന്റെ ചെലവിലേക്കായി 18500000 രൂപ വേണം എന്നാണ് യുവതി മഠാധിപതിയോട് ആവശ്യപ്പെട്ടത്. ആദ്യം പണം നല്‍കി എങ്കിലും നിരന്തരം ഭീഷണിയായതോടെ മഠാധിപതി മുങ്ങുക ആയിരുന്നു.

സമാനമായ രീതിയില്‍ മറ്റ് സന്യാസിമാരും യുവതിക്ക് പണം നല്‍കിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ ലഭിച്ച പണത്തില്‍ വലിയ പങ്കും യുവതി ചൂതാട്ട കേന്ദ്രങ്ങളില്‍ ചെലവിടുകയാണ് ചെയ്തിരിക്കുന്നത്. ഈ മാസം ആദ്യമാണ് യുവതിയുടെ വീട് പൊലീസ് പരിശോധിച്ചത്. ഉപയോഗിച്ചിരുന്ന ഫോണില്‍ നിന്ന് ബ്ലാക്ക് മെയില്‍ ചെയ്യാനുപയോഗിച്ച ചിത്രങ്ങളും കണ്ടെത്തി. പണം തട്ടല്‍, കള്ളപ്പണ ഇടപാട്, തുടങ്ങി നിരവധി കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടുതല്‍ സന്യാസിമാര്‍ തട്ടിപ്പിന് ഇരയായി എന്നാണ് പോലീസിന്റെ സംശയം. നാണക്കേടില്ലാതെ പരാതി നല്‍കാന്‍ ഹോട്ലൈനും പോലീസ് ആരംഭിച്ചിട്ടുണ്ട്.

തായ് ബുദ്ധ സമൂഹത്തിലും സംഭവത്തേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശ്രമങ്ങളിലെ ഇത്തരം തെറ്റായ പ്രവണതകളെ കുറിച്ച് അന്വേഷണം നടക്കുമെന്ന് സംഘ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തായ്‌ലണ്ടിലെ ബുദ്ധ സന്യാസിമാരുടെ പരമോന്നത സംഘടനയായ സംഘ സുപ്രീം കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതി ഗതികള്‍ വിലയിരുത്തി. തായ്‌ലണ്ടിലെ ജനസംഖ്യയില്‍ 90 ശതമാനം ബുദ്ധമത വിശ്വാസികളാണ്. സന്യാസിമാരുടെ കുത്തഴിഞ്ഞ ജീവിതം ബുദ്ധമത വിശ്വാസികളെ ചൊടിപ്പിച്ചിരിക്കയാണ്. സന്യാസ വൃത്തികളില്‍ നിന്ന് വ്യതിചലിച്ച് നടക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനും സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
ആശ്രമ മര്യാദകള്‍ ലംഘിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും അടക്കം ലഭിക്കാനുള്ള രീതിയിലുള്ള നിയമ നിര്‍മ്മാണത്തിനായാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top